സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശശികലയെ സ്‌കൂളില്‍ നിന്നും പുറത്താക്കണം; വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചു

വിമെന്‍പോയിന്‍റ് ടീം

ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ വല്ലപ്പുഴ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചു. ശശികലയ്ക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് നൂറില്‍ താഴെ കുട്ടികള്‍ മാത്രമാണ് സ്‌കൂളിലെത്തിയത്. തുടര്‍ന്ന് അധ്യാപകര്‍ സ്‌കൂളിന് അവധി നല്‍കുകയായിരുന്നു. അധ്യാപകര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 

വല്ലപ്പുഴയെ പാകിസ്ഥാനെന്ന് വിളിച്ച് ആക്ഷേപിച്ച ശശികലയെ സ്‌കൂളില്‍ ബഹിഷ്‌കരിക്കാനും വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളിലെ മതിലുകളില്‍ ശശികലയ്ക്ക് എതിരായി നോട്ടീസുകളും പതിച്ചിട്ടുണ്ട്. എന്നാല്‍ വല്ലപ്പുഴയും ഗ്രാമവും പാക്കിസ്ഥാന്‍ ആണെന്ന തന്റെ നിലപാടില്‍ മാറ്റമൊന്നും ഇല്ലെന്ന് ശശികല വീണ്ടും ആവര്‍ത്തിച്ചിരുന്നു. സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാനും താന്‍ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം ശശികല പ്രതികരിച്ചത്. അതേസമയം ശശികലയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വല്ലപ്പുഴയില്‍ കഴിഞ്ഞ ദിവസം ജനകീയ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. 

കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലമാരെ പോലെയുള്ള ടീച്ചര്‍മാരെ നിലനിര്‍ത്തുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നും വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന ആര്‍.എസ്.എസിനെ പ്രചോദിപ്പിക്കുന്നത് ശശികലയാണെന്നും ജനകീയ പ്രതികരണ വേദി പറയുന്നു. ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ നവമാധ്യമങ്ങളിലൂടെയടക്കം സജീവമാകുന്നതിനിടയിലാണ് നാട്ടുകാരുടെ പ്രതിഷേധം. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌കൂളില്‍ നിന്നും ശശികലയെ പുറത്താക്കണമെന്നാ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളും ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും