സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ സാറാ ജോസഫും അജിതയും കെ ആര്‍ മീരയും

വിമെന്‍പോയിന്‍റ് ടീം

തൃശൂരില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ നിലപാടിനെ വിമര്‍ശിച്ച് സാറാ ജോസഫും കെ അജിതയും കെ ആര്‍ മീരയും. പൊതുസമൂഹത്തിന്റെ പുരുഷകേന്ദ്രീകൃതമായ മാനസികാവസ്ഥയാണ് ഇത്തരത്തിലുള്ള പ്രസ്താവനകളെന്നാണ് സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരായ സ്ത്രീകള്‍ വിമര്‍ശിക്കുന്നത്. തെറ്റായ നടപടിക്കെതിരെ മുന്‍ സ്പീക്കര്‍ കൂടിയായ കെ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു. സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങള്‍ ഇങ്ങനെ

ഒരു നാക്കുപിഴയായി തള്ളിക്കളയാനാവില്ല കെ രാധാകൃഷ്ണന്റെ പരാമര്‍ശം. ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീയോടുള്ള പാര്‍ട്ടിയുടെ മാനസികാവസ്ഥയാണ് ഈ പരാമര്‍ശത്തിലൂടെ പ്രതിഫലിക്കുന്നത്. ഈ പരാമര്‍ശത്തെ ന്യായീകരിക്കുന്നവര്‍ക്ക് അതിന് പിന്നില്‍ ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടാവും. പാര്‍ട്ടി അംഗങ്ങള്‍ എന്തൊക്കെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്താലും അതിനെ ന്യായീകരിക്കേണ്ടി വരും. ഇത് കെ രാധാകൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായ വെറും ഒരു അബദ്ധമെന്ന് കരുതുന്നില്ല. അത് ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായതാവും, എന്തായാലും പാര്‍ട്ടിക്ക് ജയന്തിനെ സംരക്ഷിക്കാതിരിക്കാനാവില്ലല്ലോ. പൊലീസ്, രാഷ്ട്രീയക്കാര്‍ ഉദ്യോഗസ്ഥര്‍, ജുഡീഷ്യറി അതുപോലെ തന്നെ നമ്മുടെ വ്യവസ്ഥിതിയ്ക്കും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒരു കുറ്റവാളിയുടേതിന് സമാനമായ മാനസികാവസ്ഥയാണ് ഉള്ളത്. ഇത് ആദ്യത്തെ സംഭവമല്ല. രാധാകൃഷണനെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. അത് എല്ലാവര്‍ക്കും ഒരു പാടമാവുകയും ഈ മനോനില ഇല്ലാതാകുകയും വേണം. എല്ലാവരും നീതിക്ക് മുന്നില്‍ ഒരുപോലെയാണ്. പാര്‍ട്ടി പോലും കുറ്റാരോപിതനായ ജയന്തിനെതിരായി നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായല്ലോ. 

 -സാറാ ജോസഫ്

ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ നിലപാട് ഒട്ടും ശരിയല്ല.ഒരു കാരണവശാലും പെണ്‍കുട്ടിയുടേയും ഭര്‍ത്താവിന്റേയും പേര് വെളിപ്പെടുത്താന്‍ പാടില്ല. അത് വെളുപ്പെടുത്തിയ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. പേര് വെളിപ്പെടുത്തിയ ആള്‍ക്കാരുടെ ഒക്കെ അനുഭവം നമുക്ക് അറിയാം. സമൂഹം ഒരിക്കലും പെണ്ണിന്റെ വശത്ത് നിന്ന് കാര്യങ്ങള്‍ കാണാന്‍ ഇപ്പോഴും തയ്യാറല്ല. ബലാല്‍സംഗത്തിന് വിധേയ ആയ സ്ത്രീയെന്നത് അവളുടെ കുറ്റമായി മാത്രമേ സമൂഹം കാണുകയുള്ളു. ആ സമൂഹത്തിന്റെ മാനസികാവസ്ഥ മാറാത്തിടത്തോളം കാലം ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല. അതിനാല്‍ കെ രാധാകൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും ശരിയല്ലാത്ത ഒരു നിലപാടാണ്. പാര്‍ട്ടി അത് ഗൗരവമായി തന്നെ പരിശോധിക്കേണ്ടതാണ്.

-കെ. അജിത, അന്വേഷി

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചു നമ്മുടെ സമൂഹത്തിനുള്ള  അജ്ഞതയുടെയും ഇവിടെ വർധിച്ചു വരുന്ന സ്ത്രീ വിരുദ്ധതയുടെയും   പ്രതിധ്വനി മാത്രമാണു മുൻ സ്പീക്കറുടെ വാക്കുകളിലും.   രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുള്ളവര്‍ക്കും സാധാരണ  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും  നിയമപാലകർക്കും  മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും  കൃത്യമായ ധാരണയോ ഈ നിയമങ്ങളോട് ബഹുമാനമോ ഇല്ല എന്നതിനു ഒരു ഉദാഹരണം മാത്രമാണിത്.  ഇരകൾ  നീതി തേടിപ്പോവുമ്പോള്‍ എന്തു തരം പെരുമാറ്റമാണു അധികൃതരിൽ‌ നിന്നും ഉണ്ടാവുന്നത് എന്നതാണു   തൃശൂര്‍ സംഭവത്തിലെ യഥാർത്ഥ പ്രശ്നം.  സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സ്ത്രീ വിരുദ്ധത നിറയുന്ന ഒരു കാലത്ത് മുൻ സ്പീക്കറെ പോലെ പലർക്കും ജെൻഡർ ഇക്വാളിറ്റിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പഠിപ്പിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. പൊതുസമൂഹത്തിന് സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചും പദവി സംബന്ധിച്ചും ഉള്ള അജ്ഞതയുടേയും വിവരക്കേടിന്റേയും പ്രതിഫലനമാണ് മുന്‍ സ്പീക്കറുടെ വാക്കുകളിലും തെളിഞ്ഞത്. 

-കെ ആര്‍ മീര

സിപിഐഎം വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ പിഎന്‍ ജയന്ത് ഉള്‍പ്പടെ നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട സ്ത്രീയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ നടപടിയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമയ ടിഎന്‍ സീമ രംഗത്തെത്തിയിരുന്നു. അവിടെയുള്ള സാഹചര്യത്തിലാകാം രാധാകൃഷ്ണന്‍ അങ്ങനെ പറഞ്ഞതെന്നാണ് ടിഎന്‍ സീമ പ്രതികരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും