സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 910 ബലാത്സംഗ കേസുകള്‍

വിമെന്‍പോയിന്‍റ് ടീം

സംസ്ഥാനത്ത് ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 910 ബലാത്സംഗ കേസുകളെന്ന് പൊലീസ് രേഖകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മൊത്തം 7909 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ജൂലൈ വരെയുള്ള ആറ് മാസത്തിനിടെ സംസ്ഥാനത്ത് 910 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത 7909 കേസുകളില്‍ പീഡനശ്രമത്തിന് 2332 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

പൂവാലന്മാര്‍ക്കെതിരെ 190 കേസുകളും 78 തട്ടിക്കൊണ്ടുപോകല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗ കുറ്റത്തിന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് ആകെ 1263 കേസുകളാണ്. എന്നാല്‍ ഇക്കുറി ഇത് ആറ് മാസത്തിനിടെ തന്നെ 900 കടന്നു.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 861 കേസുകള്‍. ഇതില്‍ 106 കേസുകള്‍ ബലാത്സംഗ കുറ്റത്തിനാണ്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 78 കേസുകളാണ് ബലാത്സംഗത്തിന് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. എറണാകുളത്ത് 64 കേസുകളുമുണ്ട്. പീഡനശ്രമങ്ങളിലും മലപ്പുറത്താണ് കൂടുതല്‍ കേസുകള്‍. 160 കേസുകള്‍ പീഡനശ്രമത്തിനും ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നുമുള്ള അതിക്രമങ്ങള്‍ക്ക് 266 കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെസി റോസകുട്ടി ആശങ്ക പ്രകടിപ്പിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍ കൊണ്ടൊന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനാകില്ലെന്നും ബലാത്സംഗ കേസുകളില്‍ വളരെ വേഗത്തില്‍ വിചാരണ നടക്കാത്തതും അതിവേഗ കോടതികള്‍ ഇല്ലാത്തതും വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.
കുറ്റവാളികളുടെ വിചാരണയും ശിക്ഷയും വൈകുന്നത് ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ബലാത്സംഗ കേസുകളില്‍ അതിവേഗ കോടതി സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോഴും പരിഹരിച്ചിട്ടില്ല. നിയമത്തിന്റെ പഴുതുകള്‍ പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമാകുകയാണെന്നും അവര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും