സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൗമ്യ വധക്കേസില്‍ കോടതിയില്‍ ഹാജരാകുമെന്ന് കട്ജു

വിമെന്‍പോയിന്‍റ് ടീം

സൗമ്യ വധക്കേസില്‍ കോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഹാജരാകുന്നത് സംബന്ധിച്ചുളള സുപ്രീംകോടതിയുടെ നോട്ടീസ് കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹാജരാകുന്നതിനുളള ഭരണഘടനാ വിലക്ക് കോടതിയെ അറിയിക്കും ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.നവംബര്‍ 11നാണ് കട്ജു ഹാജരാകുന്നത്.

നേരത്തെ സൗമ്യ വധക്കേസില്‍ വിധി പ്രഖ്യാപിച്ചതില്‍ തെറ്റുകളുണ്ടെന്ന് കട്ജു ചൂണ്ടിക്കാട്ടിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയതും. തുടര്‍ന്നാണ് ഇത് ഹര്‍ജിയായി പരിഗണിച്ച് പിഴവുകള്‍ എന്താണെന്നും അത് കോടതിയില്‍ എത്തി കട്ജു വ്യക്തമാക്കണമെന്നും അറിയിച്ചത്. ഇതിനായി നോട്ടീസും അയച്ചിരുന്നു.

ഗോവിന്ദച്ചാമിക്കുമേല്‍ കൊലക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടായിട്ടും സുപ്രീംകോടതി അത് പരിഗണിച്ചില്ല, വിശദമായി ഹൈകോടതി പുറപ്പെടുവിച്ച വിധി കൃത്യമായി അവലോകനം ചെയ്യാതെ ഏതാനും പേജുകളില്‍ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതിക്ക് എങ്ങനെ കഴിഞ്ഞു? എന്നിങ്ങനെയുളള വിമര്‍ശനങ്ങളാണ് കട്ജുവിന്‍റെ ഫെയ്‌സ്ബുക്കിലെ കുറിപ്പിലും പ്രതികരണങ്ങളിലും ഉണ്ടായിരുന്നത്.
ഹൈക്കോടതി വിധിച്ച കൊലക്കുറ്റം ഒഴിവാക്കിയത് ഗുരുതരമായ പിഴവാണ്. 

കൊലക്കുറ്റം ഒഴിവാക്കിയതിലൂടെ നീതിന്യായവ്യവസ്ഥിതിക്ക് തെറ്റായ സന്ദേശമാണ് സുപ്രീംകോടതി നല്‍കിയത്.ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ തയാറാണെന്നും കട്ജു അറിയിച്ചിരുന്നു.
സൗമ്യയുടെ മരണത്തിനിടയാക്കിയ തലയിലെ രണ്ടാമത്തെ മുറിവ് ഉണ്ടാക്കിയത് ഗോവിന്ദച്ചാമി ആണെന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കിയത്. ആക്രമണത്തിനിടയില്‍ സൗമ്യ സ്വയം എടുത്തു ചാടിയതാകാമെന്നും വിധി പറയുന്നു. ട്രെയിനിനുള്ളില്‍ സൗമ്യയുടെ തല ബലംപ്രയോഗിച്ച് നാലഞ്ചു തവണ ഇടിപ്പിച്ചിട്ടുണ്ട്.

തലയില്‍ മാരകമായി ഏല്‍ക്കുന്ന ഏത് വലിയ പ്രഹരവും മരണത്തിന് കാരണമാകാം. അത്തരം ഘട്ടങ്ങളില്‍ അത് കൊലപാതകമായി കണക്കാക്കാമെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 300ാം വകുപ്പില്‍ പറയുന്നുണ്ട്. കൊല നടത്താനുള്ള ഉദ്ദേശമില്ലെങ്കിലും ഇത് സ്ഥാപിക്കാനായാല്‍ കൊലക്കുറ്റം ചുമത്താനാകും.ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് നിലവിളിയും ശബ്ദങ്ങളും കേട്ടിരുന്നതായും രണ്ടുപേര്‍ സാക്ഷി മൊഴി നല്‍കിയിരുന്നു. ഇതൊന്നും പരിഗണിക്കാതിരുന്ന സുപ്രീംകോടതി സ്വയം ചാടിയതാണെന്ന് ഒരു വ്യക്തി പറഞ്ഞുവെന്ന് രണ്ട് സാക്ഷികള്‍ പറഞ്ഞത് കാര്യമാക്കകയും ചെയ്തു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള ഈ കാര്യം സുപ്രീംകോടതി എങ്ങനെ വിശ്വാസത്തിലെടുത്തുവെന്നും കട്ജു എഫ്ബിയിലൂടെ ചോദിച്ചിരുന്നു. ഇത് വിധിയിലെ വലിയ പിഴവാണ്. വധശിക്ഷക്ക് എതിരാണെങ്കിലും ഈ കേസില്‍ താന്‍ ജഡ്ജിയായിരുന്നെങ്കില്‍ വധശിക്ഷ വിധിച്ചേനെയെന്നും കട്ജു സ്റ്റാറ്റസില്‍ വിശദമാക്കിയിരുന്നു.

സൗമ്യ വധക്കേസില്‍ പുന:പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ സുപ്രീകോടതി തള്ളിയിരുന്നു. ഗോവിന്ദച്ചാമിക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷയായ കൊലക്കുറ്റം തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സൗമ്യയുടെ അമ്മയും സുപ്രീകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും