സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഫാത്തിമ സോഫിയ വധം; നാല് വൈദികര്‍ അറസ്റ്റില്‍

വിമെന്‍ പോയിന്‍റ് ടീം

കോയമ്പത്തൂര്‍ സ്വദേശി ഫാത്തിമ സോഫിയ പാലക്കാട് പള്ളിക്കെട്ടിടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് വൈദികര്‍ കീഴടങ്ങി. പാലക്കാട് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് വൈദികര്‍ കീഴടങ്ങിയത്. 17 വയസുകാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ വൈദികനെ രക്ഷിക്കാന്‍ കൊലപാതക വിവരം മറച്ചുവെച്ചതും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതുമാണ് നാല് വൈദികര്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റം. പ്രതിസ്ഥാനത്തുള്ള കോയമ്പത്തൂര്‍ ബിഷപ്പ് ഒളിവിലാണെന്നും പാലക്കാട് പൊലീസ് പറയുന്നു. ആത്മഹത്യയായി എഴുതി തള്ളിയ കേസില്‍ ഫാത്തിമ സോഫിയയുടെ അമ്മ ശാന്തി റോസ്ലിന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് കൊലപാതകം വിവരം പുറത്തു കൊണ്ടുവന്നത്.



സോഫിയയുടെ ഘാതകന്‍ ഫാദര്‍ ആരോഗ്യ രാജിനെ പൊലീസ് 2015 ഡിസംബറില്‍ അറസ്റ്റ് ചെയ്‌തെങ്കിലും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ് ഇയാള്‍. കുറ്റവാളിയെ രക്ഷിക്കാന്‍ സഹായിക്കുകയും കുറ്റം മറച്ചുവെക്കുകയും ചെയ്ത വാളയാര്‍ ചന്ദ്രാപുരം സെന്റ്‌സിലാസ് പള്ളി വികാരി ഫാ. മതലൈമുത്തു, കോയമ്പത്തൂര്‍ കീട്ടൂര്‍ ക്രൈസ്റ്റ്കിങ് പള്ളിവികാരി ഫാ.കുളൈന്തരാജ്, കോയമ്പത്തൂര്‍ ബിഷപ്പ് ഹൗസ് വികാരികളായ ഫാ. ആരോഗ്യ സ്വാമി, ഫാ. മേല്‍ക്ക്യൂര്‍ എന്നിവരാണ് പാലക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോയമ്പത്തൂര്‍ ബിഷപ്പ് തോമസ് അക്യുനസ് ഒളിവിലാണെന്ന് പാലക്കാട് പൊലീസ് പറയുന്നു.

2013 ജൂലൈ 23ന് ആണ് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ സോഫിയ (17) പാലക്കാട് ചന്ദര്രഗിരിയിലുള്ള സ്റ്റെന്‍സിലാസ് പള്ളി ബംഗ്ലാവില്‍ കൊല്ലപ്പെട്ടത്. പാലക്കാട് ശ്രീകൃഷ്ണ കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന ഫാദര്‍ ആരോഗ്യരാജ് പള്ളി ബംഗ്ലാവില്‍ ആരുമില്ലായിരുന്ന സമയത്ത് പെണ്‍കുട്ടിയെ ഇവിടെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വികാരിയുടെ ലൈംഗിക പീഡന ശ്രമത്തെ ഫാത്തിമ സോഫിയ ശക്തമായി ചെറുത്തതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ചറിഞ്ഞ കോയമ്പത്തൂര്‍ ബിഷപ്പും മറ്റ് നാല് വൈദികരും വികാരിയെ രക്ഷിക്കാന്‍ കുറ്റം മറച്ചുവെച്ചു. സഭാനിയമ പ്രകാരം മാത്രം വികാരിയെ ശിക്ഷാനടപടിക്ക് വിധേയനാക്കി കുറ്റം ഒളിപ്പിച്ചു. ആത്മഹത്യയായി പൊലീസ് ആദ്യം കേസ് എഴുതി തള്ളുകയും ചെയ്തു.

ഫാത്തിമ സോഫിയയുടെ അമ്മ ശാന്തി റോസ്ലിന്‍ എന്നാല്‍ ആത്മഹത്യാ വാദം അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ഒറ്റക്ക് മകളുടെ കൊലപാതകിയെ കണ്ടത്താന്‍ അവര്‍ പോരാട്ടം തുടര്‍ന്നു. ശാന്തിയുടെ അന്വേഷണത്തില്‍ ഫാദര്‍ ആരോഗ്യ രാജാണ് കുറ്റവാളിയെന്ന് മനസിലായി. ആരോഗ്യ രാജ് കുറ്റ സമ്മതം നടത്തുന്നതും മറ്റ് വികാരികള്‍ കൊലപാതകത്തെ കുറിച്ച് സംസാരിക്കുന്നതും മൊബൈലില്‍ പകര്‍ത്തി ശാന്തി റോസ്ലിന്‍ പൊലീസിന് തെളിവ് നല്‍കി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് 2015 ഡിസംബറില്‍ ഫാദര്‍ ആരോഗ്യ രാജിനെ അറസ്റ്റ് ചെയ്തു.



ഇതോടെ സഭയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ശാന്തി റോസ്ലിനെ സഭ പുറത്താക്കി. എന്നാല്‍ തന്റെ മകളുടെ കൊലപാതകിയേയും കുറ്റം ഒളിപ്പിക്കാന്‍ കൂട്ടുനിന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നും ഇവര്‍. അറസ്റ്റ് ചെയ്യപ്പെടുമെന്ന സാഹചര്യത്തില്‍ ബിഷപ്പടക്കം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. കോടതിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് പിന്നീട് വിട്ട് നില്‍ക്കുകയും ചെയ്തു.

കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി എം സുള്‍ഫിക്കറിന് നെയ്യാറ്റിന്‍കരയിലേക്ക് സ്ഥാനമാറ്റമായതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കണ്ട് പരാതി അറിയിക്കുകയായിരുന്ന റോസ്ലിന്‍. ഡിജിപി കേസില്‍ പ്രത്യേക താല്‍പര്യമെടുക്കുകയും സുള്‍ഫിക്കറോട് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡിജിപി ഇടപെട്ടതോടെ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഗത്യന്തരമില്ലെന്നായതോടെയാണ് വൈദികര്‍ കീഴടങ്ങിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും