സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദിപാ കര്‍മാക്കറയ്ക്ക് ഖേല്‍രത്‌ന

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ദിപാ കര്‍മാക്കറെ ആദരിക്കുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒളിംപിക്‌സ് വേദിയില്‍ മെഡല്‍ നേടാതെ തന്നെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരമായിരുന്നു ദിപ. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് ജിംനാസ്റ്റിക്‌സില്‍ ലോകത്തിന് മുന്‍പില്‍ സ്വന്തമായ ഒരിടം കണ്ടെത്തി തന്നവള്‍. അതാണ് ഇന്ന് 22 കാരിയായ ദിപാ കര്‍മാക്കറിന്റെ വിശേഷണം. ദിപയ്‌ക്കൊപ്പം പുരസ്‌കാരം നല്‍കി ജിത്തു റായിയേയും രാജ്യം ആദരിച്ചു.

റിയോയിലെ ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയത് മുതല്‍ തുടര്‍ച്ചയായി ഇന്ത്യയ്ക്ക് വിധിക്കപ്പെട്ടിരുന്നത് നിരാശയുടെ തലക്കെട്ടുകളായിരുന്നു. ആ നിരന്തരമായ നിരാശകള്‍ക്കിടയില്‍ വീണുകിട്ടിയ ഏക ആശ്വാസമായിരുന്നു ദിപ എന്ന നക്ഷത്രം. ഈ മാസം എട്ടിന് നടന്ന ജിംനാസ്റ്റിക്‌സ് യോഗ്യതാ റൗണ്ടില്‍ എട്ടാം സ്ഥാനക്കാരിയായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ അത് ഇന്ത്യന്‍ കായിക രംഗത്ത് പുതുഅധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സിന് യോഗ്യത നേടുന്ന താരമെന്ന ബഹുമതി നേരത്തെ തന്നെ കരസ്ഥമാക്കിയിരുന്ന ദിപ അങ്ങനെ ജിംനാസ്റ്റിക്‌സ് ഫൈനലിലെത്തിയതും ഇന്ത്യന്‍ ചരിത്രമായി.

ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിന തലേന്ന് നടന്ന ഫൈനലില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തിയ ദിപ ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ഏഴഴക് ചാര്‍ത്തി. 0.15 പോയിന്റ് വ്യത്യാസത്തിലായിരുന്നു വെങ്കല മെഡല്‍ ദിപയ്ക്ക് അന്യമായത്. മെഡലിനേക്കാള്‍ തിളക്കം ആ നാലാം സ്ഥാനത്തിന് പകരാന്‍ കഴിഞ്ഞെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയ്ക്ക് ഘോഷിക്കാന്‍ ഏറെയൊന്നും നല്‍കാന്‍ കാത്തുവെച്ചിട്ടില്ലായിരുന്ന റിയോ പക്ഷെ ദിപ എന്ന ഒറ്റ വ്യക്തിയിലൂടെ എന്തെല്ലാമോ പകര്‍ന്നുനല്‍കി. റിയോയിലെ നിരാശ തുടച്ചുമാറ്റാനുള്ള മറുമരുന്ന് മാത്രമായിരുന്നില്ല അത് മറിച്ച്, ഇന്ത്യന്‍ കായിക രംഗത്തിന് മൊത്തത്തില്‍ തന്നെ നവോന്‍മേഷം പകരുന്നതായിരുന്നു.

ഇന്ത്യന്‍ കായികരംഗത്തിന്റെ നവതാരകമായി മാറിയ ദിപയ്ക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതി സമര്‍പ്പിച്ചതിലൂടെ ഇന്ത്യന്‍ കായികരംഗം എങ്ങനെ അറിയപ്പെടണം എന്നതിന്റെ നാന്ദി കുറിക്കുകകൂടി ആണിവിടെ. ദിപയിലൂടെ രാജ്യവും രാജ്യത്തിലൂടെ ദിപയും ആദരിക്കപ്പെടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും