സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇറോം ശര്‍മിള രാഷ്ട്രീയത്തിലേക്ക്

വിമെന്‍ പോയിന്‍റ് ടീം

വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരത്തിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ച ഇറോം ചാനു ശര്‍മിള നിരാഹാരം അവസാനിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുന്നതിനാണെന്നു സൂചന.

ശര്‍മിളയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്നാണ് ഇറോം ശര്‍മിള അറിയിച്ചിരിക്കുന്നത്.

2017ലാണ് മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സമീപകാലത്തായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ മണിപ്പൂര്‍ ജനത അസ്വസ്ഥരാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിനോട് ജനത്തിന് അത്ര അനുകൂല മനോഭാവമല്ല. ഇതു മുതലെടുത്ത് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയതിനു സമാനമായ മുന്നേറ്റം സാദ്ധ്യമാണോ എന്നാവും ശര്‍മിള പരീക്ഷിക്കുകയെന്നാണ് അറിയുന്നത്.

മണിപ്പൂരില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് 16 വര്‍ഷമായി ഇറോം ശര്‍മിള നിരാഹാരസമരം നടത്തുന്നത്. 2000 നവംബര്‍ രണ്ടിനു തുടങ്ങിയ സമരത്തെ ആത്മഹത്യാശ്രമമായി കണ്ട് അവരെ നിരവധി തവണ പൊലീസ് കേസില്‍ പ്രതിയാക്കിയിരുന്നു.

പലപ്പോഴും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച് നിര്‍ബന്ധമായി ഭക്ഷണം നല്കുകയും ചെയ്തിരുന്നു. കേസുകളില്‍ നിന്ന് കുറ്റവിമുക്തയാക്കിയിരുന്നെങ്കിലും സമരം അവസാനിപ്പിക്കാന്‍ ശര്‍മിള തയ്യാറായിരുന്നില്ല.

ജന്തര്‍ മന്ദിറിന് മുന്നില്‍ 2006ല്‍ മരണം വരെ നിരാഹാര സമരം നടത്തിയ കേസില്‍ ഇറോം ശര്‍മിളയെ ഡല്‍ഹി കോടതി വെറുതെവിട്ടിരുന്നു. കേസില്‍ മാപ്പപേക്ഷിക്കാന്‍ ഇറോം ശര്‍മിള തയാറായിരുന്നില്ല.

കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ശര്‍മിള ഡല്‍ഹിയിലെത്തി മോഡിയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു.
മോഡിയും അനുകൂലമായ നിലപാടെടുത്തില്ല.

ഇതിനിടെ, കുറച്ചുനാള്‍ മുന്‍പ് വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി അഫ്‌സ്പ പിന്‍വലിക്കാനുള്ള നിയമനടപടികള്‍ ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ശര്‍മിളയുടെ സമരം ഫലം കണ്ടത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനൊപ്പം തന്നെ വിവാഹ ജീവിതം ആരംഭിക്കുന്നതിനും ശര്‍മിള ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും