സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സർക്കാർ പ്ലീഡറുടെ സ്റ്റേ ആവശ്യം ഹൈകോടതി തള്ളി

വിമെന്‍ പോയിന്‍റ് ടീം

യുവതിയെ കടന്നുപിടിച്ച കേസ് സ്റ്റേ ചെയ്യണമെന്ന പ്രതിയും സർക്കാർ പ്ലീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാന്‍റെ ഹർജി ഹൈകോടതി തള്ളി. പൊലീസ് കള്ളക്കേസ് ചുമത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ധനേഷ് മാത്യു ഹൈകോടതിയെ സമീപിച്ചത്. പീഡനത്തിന് ഇരയായ യുവതി ഫോൺവഴി ആവശ്യപ്പെട്ട പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും ഈ സാഹചര്യത്തിൽ പൊലീസ് നടപടി ദുരുദ്ദേശമെന്ന് പറയാനാവില്ലെന്നും ജസ്റ്റിസ് സുനിൽ തോമസ് ചൂണ്ടിക്കാട്ടി. 

ധനേഷ് മാത്യുവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് കേരള ഹൈകോർട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷൻ നടത്താനിരുന്ന മാർച്ച് മാറ്റിവെച്ചു. അഡ്വക്കേറ്റ് ജനറലിന്‍റെ അഭ്യർഥനയെ തുടർന്നാണ് പ്രതിഷേധ പരിപാടി മാറ്റിവെച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 7.10ന് എറണാകുളം ഉണ്ണിയാട്ടിൽ ലെയിനിൽവെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ കയറിപ്പിടിച്ചുവെന്നാണ് കേസ്. തുടർന്ന് കൺട്രോൾ റൂമിൽ ലഭിച്ച വിവര പ്രകാരം രാത്രി കാനൻഷെഡ് റോഡിൽവെച്ചു ദനേഷ് പിടിയിലായി. ആളുമാറിയാണ് പരാതി നൽകിയതെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് ധനേഷിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ധനേഷും കേരള ഹൈകോർട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമായി.

ആരോപണത്തിനെതിരെ രംഗത്തെത്തിയ കൊച്ചി സിറ്റി പൊലീസ്, യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും ഓട്ടോറിക്ഷക്കാരുമാണ് ധനേഷിനെ തടഞ്ഞു നിർത്തിയതെന്ന് അറിയിച്ചു. യുവതി പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ച് പരാതി പറഞ്ഞതിനെ തുടർന്ന് ധനേഷിനെ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് കേസെടുത്തത്. സർക്കാർ അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരിയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ജില്ലാ പോലീസ് മേധാവി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഒത്തുതീർപ്പിന്‍റെ ഭാഗമായി ഇംഗ്ലീഷിൽ തയാറാക്കിയ പേപ്പറിൽ പരാതിക്കാരിയെ കൊണ്ട് നിർബന്ധിച്ച് ഒപ്പിടുവിപ്പിച്ചെന്നും കോടതിയിൽ നൽകാനുള്ള സത്യവാങ്മൂലത്തിൽ കൃത്രിമം നടത്തിയെന്നുമാണ് ആരോപണം. ഈ സാഹചര്യത്തിൽ യുവതിയുടെ രഹസ്യമൊഴി കൊച്ചി മജിസ്ട്രേട്ട് രഹ്ന രാജീവ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ധനേഷ് മാത്യുവിന്‍റെ പിതാവ് എഴുതി തയാറാക്കി ഒപ്പിട്ട് നൽകിയ കത്ത് മാധ്യമങ്ങളിൽ പ്രചരിച്ചു. പിതാവ് മുദ്രപത്രത്തിൽ എഴുതിയ കത്തിൽ ദനേഷിന് തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും