സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കസബഃ നടപടിയുമായി വനിതാ കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

കസബ സിനിമയില്‍ സ്ത്രീവിരുദ്ധ രംഗമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു നിര്‍മ്മാതാവായ ആലീസ് ജോര്‍ജ്, നടന്‍ മമ്മൂട്ടി, സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍ എന്നിവര്‍ക്ക് നോട്ടിസയയ്ക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന വനിതാ കമ്മീഷന്‍ യോഗത്തിന്റേതാണ് തീരുമാനം.സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നു കാട്ടി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനു കത്തു നല്‍കും. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു സിനിമാ സംഘടനകളായ അമ്മയോടും മാക്ടയോടും ആവശ്യപ്പെടാനും കമ്മിഷന്‍ തീരുമാനിച്ചു.

ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നത് സ്ത്രീപദവി മോശമാക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്നും അത് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും കമ്മിഷന്‍ വിലയിരുത്തി. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനും സ്ത്രീസമൂഹത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുമുള്ള സ്ഥാപനമെന്ന നിലയില്‍ കമ്മിഷന് ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ല.

വിപുലമായ ആരാധകരും വ്യാപകമായ അംഗീകാരവുമുള്ള മമ്മൂട്ടിയെപ്പോലൊരു നടന്‍ ഇത്തരം തരംതാണ കാര്യങ്ങള്‍ സിനിമയില്‍ ചെയ്യുമ്പോള്‍ അതിന് സമൂഹത്തില്‍ അപകടകരമായ സ്വീകാര്യതയാണ് ഉണ്ടാകുകയെന്നും സാമൂഹിക ഉത്തരവാദിത്തമുള്ള അഭിനേതാക്കള്‍ ഇത്തരം രംഗങ്ങള്‍ അഭിനയിക്കില്ലെന്നു നിലപാട് എടുക്കാനുള്ള ഔന്നത്യം കാണിക്കണമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ അഡ്വ: നൂര്‍ബീന റഷീദ്, ഡോ: ലിസി ജോസ്, ഡോ: ജെ. പ്രമീളാദേവി എന്നിവരും മെംബര്‍ സെക്രട്ടറി കെ. ഷൈലശ്രീയും പങ്കെടുത്തു. നേരത്തേ ഇക്കാര്യത്തില്‍ ലോ ഓഫീസറുടെ ഉപദേശവും തേടിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും