സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെക്കൊണ്ട് മാപ്പ് പറയിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റ് ദിയ സനയ്ക്കും ശ്രീലക്ഷ്മി അറക്കലിനും പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്.

കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടില്‍ വച്ച് അളക്കാന്‍ ശ്രമിക്കുന്നത് നീതിയല്ലെന്ന് പറഞ്ഞ ഡബ്ല്യു.സി.സി ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തി കേസെടുത്ത നയം സ്വീകാര്യമല്ലെന്നും അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും കൈക്കൊണ്ട നിലപാട് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്നും ഡബ്ല്യു.സി.സി അഭിപ്രായപ്പെട്ടു.

ഡബ്ല്യു.സി.സിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം,

ദുര്‍ബലമായ സൈബര്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന നാടാണ് നമ്മുടെത്. ഇവിടെ സ്ത്രീകള്‍ക്ക് പൊതു ഇടത്ത് എന്ന പോലെ സൈബര്‍ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവിലെ അംഗങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളത് അനുഭവിച്ചിട്ടുള്ളതുമാണ്. ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല. സൈബര്‍ കയ്യേറ്റക്കാര്‍ തന്നെ ജയിക്കുന്ന ലോകമാണിത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തില്‍ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിന്റെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും സൈബര്‍ വിദഗ്ദരുമായി ഡബ്ല്യു.സി.സി. നിരവധി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. തൊഴിലിടത്തിലെ ഐ.സി.സി. പോലെ പ്രധാനമാണ് പൊതു ഇടത്തെ സൈബര്‍ നയവും.

സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം അതുകൊണ്ട് തന്നെ വ്യക്തിപരമായി കാണാനാകില്ല . അത് എല്ലാ സ്ത്രീകള്‍ക്കും എതിരായത് കൊണ്ട് തന്നെ ഞങ്ങള്‍ക്കെതിരെയുമാണ്. ബലാത്സംഗങ്ങള്‍ക്ക് പ്രത്യയശാസ്ത്ര ന്യായീകരണം ചമയ്ക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ യു-ട്യൂബ് സാഹിത്യം ആണധികാരത്തിന്റെ സാഹിത്യമാണ്. അതിനെതിരായ പോരാട്ടത്തില്‍ അണിനിരക്കുന്ന എല്ലാ സ്ത്രീകള്‍ക്കൊപ്പം ഡബ്ലു.സി.സി.യും പങ്കാളികളാകുന്നു. ഇവിടെ കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടില്‍ വച്ച് അളക്കാന്‍ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണ്. അതു കൊണ്ട് തന്നെ യു ട്യൂബില്‍ അശ്ലീല വീഡിയോ നിര്‍മ്മിച്ച വ്യക്തിക്കെതിരെ ജാമ്യം കിട്ടാവുന്ന ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുമ്പോള്‍ അതിനെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാര്‍ത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ല. ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും കൈക്കൊണ്ട നിലപാട് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. കുറ്റവാളികള്‍ക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത് . അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെയല്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും