സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശാസ്‌ത്രസാങ്കേതിക രംഗത്തേക്ക്‌ കൂടുതൽ വനിതകൾ കടന്നു വരണം : ഡോ. എസ്‌ ഗീത

വിമെന്‍ പോയിന്‍റ് ടീം

ശാസ്‌ത്രസാങ്കേതിക ഗവേഷണരംഗത്തേക്ക്‌ കൂടുതൽ പെൺകുട്ടികൾ കടന്നുവരണം. വെല്ലുവിളികൾ ഏറ്റെടുക്കാനും കരുത്തോടെ മുന്നോട്ടു പോകാനും സ്ത്രീസമൂഹത്തിന്‌ കഴിയണം. സ്‌ത്രീപുരുഷ സമത്വത്തിന്‌ വലിയ പ്രാധാന്യവും പിന്തുണയും നൽകുന്ന കേരളത്തിൽ ഏറെ അനുകൂലഘടകങ്ങളുണ്ട്‌–- വിഎസ്‌എസ്‌സിയിലെ മുതിർന്ന വനിതാ  ബഹിരാകാശ ശാസ്‌ത്രജ്ഞയും സ്‌പെയ്‌സ്‌ ട്രാൻസ്‌പോർട്ടേഷൻ സിസ്‌റ്റം പ്രോഗ്രാം ഡയറക്ടറുമായ ഡോ. എസ്‌ ഗീത പറഞ്ഞു.

സമൂഹത്തിന്റെ നന്മയ്‌ക്കും നാടിന്റെ പുരോഗതിക്കും പുതുതായി എന്തെങ്കിലും നൽകാൻ പുതുതലമുറയ്‌ക്ക്‌ കഴിയണം. ഈ കാര്യത്തിൽ സ്‌ത്രീകൾക്ക്‌ വലിയ പങ്ക്‌ വഹിക്കാനാകുമെന്നും വനിതാ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രതികരണത്തിൽ അവർ പറഞ്ഞു. ശാസ്‌ത്രസാങ്കേതിക രംഗത്ത്‌ വലിയ സാധ്യതകളാണുള്ളത്‌. പ്രത്യേകിച്ച്‌ ബഹിരാകാശരംഗത്ത്‌. ഈ മേഖലയിൽ സ്‌ത്രീകളുടെ എണ്ണം കുറവാണ്‌. ഇതിന്‌ മാറ്റം ഉണ്ടാകണം. ഇതിനായി സ്‌കൂൾതലംമുതൽ അധ്യാപകരും രക്ഷിതാക്കളും ബോധപൂർമായ ശ്രമങ്ങൾ നടത്തണം. സമൂഹവും കൂടുതൽ പിന്തുണ നൽകണം.  ഗവേഷണരംഗത്തുനിന്ന്‌ ഇടയ്‌ക്ക്‌ പിന്മാറുന്ന പ്രവണതയും മാറണം.

കേരള ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി  കൗൺസിലിന്റെ ‘ബാക്ക്‌ ടു ലാബ്‌’ ഫെലോഷിപ്പ്‌, പ്രതിഭാ സ്‌കോളർഷിപ് തുടങ്ങിയവ മാതൃകാപരമാണ്‌.
കഠിനാധ്വാനവും പ്രതിബദ്ധതയുമുണ്ടെങ്കിൽ ഈ രംഗത്ത്‌ അവസരങ്ങൾ തേടിയെത്തുമെന്നും മുപ്പത്‌ വർഷത്തിലേറെയായി ഐഎസ്‌ആർഒയിൽ പ്രവർത്തിക്കുന്ന ഡോ. ഗീത പറഞ്ഞു. സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്‌ ആയിരുന്ന അമ്മ ശകുന്തളയുടെ വാക്കുകളാണ്‌ വെല്ലുവിളികൾ ഏറ്റെടുക്കാൻ തനിക്ക്‌ എക്കാലത്തും കരുത്തായതെന്ന്‌ അവർ അനുസ്‌മരിച്ചു. 

തിരുവനന്തപുരത്ത്‌ വട്ടിയൂർക്കാവ്‌ ഗവ. ഹൈസ്‌കൂളിൽനിന്നാണ്‌ ഡോ. ഗീത എസ്‌എസ്‌എൽസി പരീക്ഷ പാസായത്‌. മലയാളം മീഡിയത്തിൽ. വിമൻസ്‌ കോളേജിൽ പ്രിഡിഗ്രിക്ക്‌ ശേഷം സിഇടിയിൽ ബിടെക്‌ നേടി. അവിടെനിന്നുതന്നെ എംടെക്കിൽ ഒന്നാംറാങ്കോടെ വിജയിച്ചു. 89ൽ വിഎസ്‌എസ്‌സിയിൽ ചേർന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിലും കൺട്രോൾ ഡിസൈനിങ്ങിലും പ്രത്യേകമായി കേന്ദ്രീകരിച്ചു. പിഎസ്‌എൽവി, ജിഎസ്‌എൽവി റോക്കറ്റുകളുടെ രൂപകൽപ്പനയിലും പ്രവർത്തിച്ചു. ഇതിനിടെ കേരള സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌ഡിയും നേടി. ഭർത്താവ്‌ എസ്‌ ആർ വിജയമോഹനകുമാറും വിഎസ്‌എസ്‌സിയിൽ ശാസ്‌ത്രജ്ഞനാണ്‌. മകൾ വിനീത ചെന്നൈയിൽ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും