സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആദിവാസികൾക്ക് പിഎസ‌്‌സി പരിശീലനവുമായി കുടുംബശ്രീ

വിമെന്‍ പോയിന്‍റ് ടീം

ആദിവാസി മേഖലയിലുള്ളവരെ സർക്കാർ ജോലിക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടത്തുന്ന പ്രത്യേക പിഎസ്‌സി പരിശീലനത്തിന് സ്വീകാര്യതയേറുന്നു. മൂന്നുവർഷം മുമ്പ് ഇടുക്കിയിലാണ് ആദിവാസി ഉദ്യോഗാർഥികൾക്കായി  കുടുംബശ്രീ  ആദ്യത്തെ പിഎസ്‌സി പരിശീലനകേന്ദ്രം തുടങ്ങിയത്. ഇത് വിജയിച്ചതോടെ സംസ്ഥാനമാകെ പദ്ധതി വ്യാപിപ്പിച്ചു. നിലവിൽ 24 സെന്ററുകളിൽ 1199 ആദിവാസി ഉദ്യോഗാർഥികൾ പിഎസ്‌സി പരീക്ഷാ പരിശീലനത്തിലാണ്‌.
ഓരോ ജില്ലയിലും ആദിവാസി ജനസംഖ്യക്ക്‌ ആനുപാതികമായാണ്‌ പരിശീലനകേന്ദ്രങ്ങൾ. ഇടുക്കിയിലും കണ്ണൂരും നാലു സെന്റർ വീതവും വയനാടും കാസർകോടും മൂന്നെണ്ണം വീതവും തിരുവനന്തപുരത്തും പാലക്കാടും രണ്ടെണ്ണം വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഓരോന്നും സ്ഥാപിച്ചു.

പിഎസ്‌സി പരീക്ഷകൾക്കുവേണ്ടിയുള്ള പൊതുവായതും കേന്ദ്രീകരിച്ചുള്ളതുമായ പരിശീലനമാണ്‌ നൽകുന്നത്. വിദ്യാർഥികളുടെ താൽപ്പര്യമനുസരിച്ച് മറ്റു മത്സരപരീക്ഷകളിലും പരിശീലനം നൽകും. ആറുമാസമാണ് പരിശീലന കാലാവധി. തിങ്കൾമുതൽ വെള്ളിവരെ, ആഴ്ചയിൽ രണ്ടുദിവസം, ‌ആഴ്‌ചയിൽ മൂന്നുദിവസം എന്നിങ്ങനെ മൂന്നു ബാച്ചായാണ്‌ പരിശീലനം.

ഓരോ ആഴ്ചയും പഠിപ്പിച്ച കാര്യങ്ങൾ വിലയിരുത്താനായി പ്രത്യേക പരീക്ഷ നടത്തും. ഒപ്പം ജില്ലകളിലെ പരിശീലന ഏജൻസികൾ തയ്യാറാക്കുന്ന പഠനസാമ​ഗ്രികൾ സൗജന്യമായി നൽകും. പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാവശ്യമായ ക്ലാസുകളും പരിശീലനകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്‌.
കുടുംബശ്രീ ജില്ലാ മിഷൻ നേരിട്ടും മറ്റു സ്ഥാപനങ്ങളുമായി സഹകരിച്ചുമാണ്‌ പരിശീലനകേന്ദ്രങ്ങൾ നടത്തുന്നത്‌. ഇതുവരെ 750 ആദിവാസി വിദ്യാർഥികൾ ആറുമാസത്തെ പരിശീലനം നേടുകയും പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു. ഇതിൽ നല്ലൊരു ശതമാനം പിഎസ്‌സിയുടെയും മറ്റു മത്സരപരീക്ഷകളുടെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദിവാസി മേഖലയിൽ 6,978 അയൽക്കൂട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 1,24,904 പേരാണ് ഇതിലെ അംഗങ്ങൾ. ഇവരിലൂടെയാണ് പിഎസ്‌സി പരിശീലനം നേടാനാഗ്രഹിക്കുന്ന ആദിവാസി ഉദ്യോഗാർഥികളെ കുടുംബശ്രീ കണ്ടെത്തുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും