സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാത്രിയിൽ തെരുവുകള്‍ കീഴടക്കി പെൺകരുത്ത്

വിമെന്‍ പോയിന്‍റ് ടീം

കേരളത്തിലെ തെരുവുകള്‍ പെൺകരുത്ത് കീഴടക്കുന്ന കാഴ്ചയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ വിവിധ സ്ഥലങ്ങളിൽ കാണാൻ സാധിച്ചത്. ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിൽ വനിതാ ശിശു വികസന വകുപ്പ്‌ സംഘടിപ്പിച്ച രാത്രിനടത്തം വനിതകളുടെ അവകാശ പ്രഖ്യാപനമായി.

പാട്ടും നൃത്തച്ചുവടുകളും ഒരുക്കി വനിതകള്‍ രാത്രിയെ പകലാക്കി നിര്‍ഭയത്തോടെ തെരുവീഥികളിലൂടെ നടന്നു. രാത്രി 11 മണി മുതൽ പുലര്‍ച്ചെ ഒരു മണിവരെയായിരുന്നു പരിപാടി. വിവിധ കൂട്ടായ്മകള്‍ കലാപരിപാടികളുമായി എത്തിയതോടെ 'പൊതുഇടം എന്റേതും' എന്ന പരിപാടി ആവേശക്കൊടുമുടിയിൽ എത്തി.

തിരുവനന്തപുരം ജില്ലയില്‍ 22 ഇടത്തായി 946 സ്ത്രീകളാണ്‌  നടന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, ബീനപോള്‍, സിനിമ താരം പാര്‍വതി, ദിവ്യ എസ് അയ്യര്‍ ഐഎഎസ്., അസി കളക്ടര്‍ അനു കുമാരി ഐഎഎസ്., എഴുത്തുകാരി സിഎസ് ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, വനിത കമ്മീഷന്‍ അംഗം ഇഎം രാധ, വി സി ഷാജി എന്‍ കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ എന്നിവര്‍ മാനവിയം വീഥിയിലെ രാത്രി നടത്തത്തില്‍ പങ്കെടുത്തു.

എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856,കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസർകോട്ട്‌  9 സ്ഥലങ്ങളിലായി 655, ആലപ്പുഴയിൽ 23 സ്ഥലങ്ങളിലായി 576, കണ്ണൂരിൽ 15 സ്ഥലങ്ങളിലായി 512 സ്ത്രീകൾ എന്നിങ്ങനെയായിരുന്നു പങ്കാളിത്തം.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ രാത്രിയിൽ നടന്നത് . ജില്ലയിലെ 47 സ്ഥലങ്ങളിലായി 1020 സ്ത്രീകളാണ്‌ നടന്നത്.ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇടുക്കിയില്‍ 2 , കൊല്ലം 3, പത്തനംതിട്ട 12, പാലക്കാട് 31, കോഴിക്കോട് 6,  മലപ്പുറം 29 എന്നീ കേന്ദ്രങ്ങളിലും രാത്രിനടത്തം സംഘടിപ്പിച്ചു.

എറണാകുളത്ത് പാലാരിവട്ടം, പുന്നക്കല്‍ ജംഗ്ഷന്‍, പൊന്‍കര ബസ് സ്റ്റാന്റ്, മറ്റ് മുന്‍സിപ്പാലിറ്റികളിലും രാത്രി നടത്തമുണ്ടായിരുന്നു.എറണാകുളത്ത്‌ ജില്ലാ വനിത–-ശിശുവികസന ഓഫീസർ ജെബീൻ ലോലിത സെയ്‌നിന്റെ നേതൃത്വത്തിൽ ഓരോ കേന്ദ്രത്തിലും ശിശുക്ഷേമ ഓഫീസർമാർക്കായിരുന്നു ചുമതല. രണ്ടും മൂന്നും പേരുള്ള സംഘമായാണ്‌ നടന്നത്‌. 200 മീറ്റർ ദൂരത്തിനുള്ളിൽ വളന്റിയർമാരെയും നിയോഗിച്ചിരുന്നു. സിഡിപിഒമാരായ കെ എസ്‌ സിനി, അംബിക, പി കെ ഖദീജാമ്മ, പി എസ്‌ ബിന്ദുമോൾ, ലളിതമോൾ, സൗമ്യ ജോസഫ്‌, ഇ എസ്‌ ജലജ,  പി അന്നമ്മ വർഗീസ്‌, എച്ച്‌ നാദിറ, കെ ജെ സായാഹ്ന എന്നിവർക്കായിരുന്നു ഓരോ കേന്ദ്രത്തിന്റെയും ചുമതല.

കൊല്ലം സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ്, ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ്, ഇടുക്കി തൊടുപുഴ, തൃശൂര്‍ അരണിക്കര പള്ളി, പാലക്കാട് ഒലവക്കോട് റയില്‍വേ സ്റ്റേഷന്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസ്, മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ട നിരവധി സ്ഥലങ്ങളിലും രാത്രി നടത്തം നടന്നു.

'പൊതുഇടം എന്റേതും' എന്ന പരിപാടി മാര്‍ച്ച് എട്ട് വരെ തുടരുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. നിര്‍ഭയ ദിനം എന്തുകൊണ്ട് ആചരിക്കുന്നു എന്നത് സമൂഹം മനസിലാക്കി പങ്കെടുക്കണമെന്നതായിരുന്നു വകുപ്പ് ഉദ്ദേശിച്ചത്. പരിപാടി വലിയ വിജയമാണ്. മാര്‍ച്ച് എട്ട് വനിതാ ദിനം വരെ യജ്ഞമായി ഏറ്റെടുത്ത് മുന്നറിയിപ്പില്ലാത്ത രാത്രി യാത്രകള്‍ ഉണ്ടാകുമെന്നും ഡയറക്ടര്‍ അറിയിച്ചു.

പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. അത്യാവശ്യ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ സംഘത്തേയും വിവിധ സംഘടനകളില്‍ നിന്നുള്ള വോളന്റിയര്‍മരേയും ഉള്‍പ്പെടുത്തിയാണ് രാത്രി നടത്തത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും