സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

‘ഓപറേഷന്‍ ഇടിമിന്ന’ലുമായി വനിതകള്‍

വിമെൻ പോയിന്റ് ടീം

വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ച് പുതിയ ഷാഡോ പൊലീസിനെ രംഗത്തിറക്കി കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കാന്‍ പുതിയ ഡി.ജി.പിയുടെ ‘ഓപറേഷന്‍ ഇടിമിന്നല്‍’ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഓരോ പൊലീസ് ജില്ലകളിലെയും വനിതാ സി.ഐമാരുടെ നേതൃത്വത്തില്‍ രണ്ട് വനിതാ പൊലീസും ഒരു സിവില്‍ പൊലീസും അടങ്ങുന്നതാണ് ‘ഇടിമിന്നല്‍’ ഷാഡോ സേന. അധ്യയനവര്‍ഷം ആരംഭിച്ചതിനാല്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും മറ്റ് കുറ്റകൃത്യങ്ങളും തടയാനുള്ള മുന്‍കരുതലിനായിരിക്കും പ്രാമുഖ്യം നല്‍കുക. സ്കൂളുകള്‍ക്ക് പുറമെ ഷോപ്പിങ് മാളുകള്‍, തിയറ്ററുകള്‍, ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങി തിരക്കേറിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ വേഷത്തിലുള്ള വ്യത്യസ്ത സംഘങ്ങള്‍ പ്രവര്‍ത്തിക്കുക.

ബസിനുള്ളില്‍ സ്ത്രീകളും വിദ്യാര്‍ഥിനികളും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഷാഡോ സംഘങ്ങളുണ്ടാകും. മയക്കുമരുന്നു കേസുകള്‍, ബൈക്ക് മോഷണ കേസുകള്‍, കവര്‍ച്ചാ കേസുകള്‍ തുടങ്ങി നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാന്‍ ഇടിമിന്നല്‍ സേനക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ പാലക്കാട് ജില്ലയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഷാഡോ പൊലീസിങ്ങില്‍ വനിതകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കുന്നത് ആദ്യമായിട്ടാണെന്നാണ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രധാന റവന്യൂ ഡിവിഷന് കീഴിലെല്ലാം ഷാഡോ പൊലീസ് നിലവിലുണ്ടെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള തരത്തിലാണ് ഓപറേഷന്‍ ഇടിമിന്നല്‍ ആസൂത്രണം ചെയ്തത്.

സാമൂഹിക വിരുദ്ധരില്‍നിന്ന് പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും സംരക്ഷണം നല്‍കുകയെന്നതും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പുതുതായി കുറ്റവാളികള്‍ ഉണ്ടാകുന്നത് തടയുകയുമാണ് ലക്ഷ്യം. ഓരോ നഗരത്തിലും തിരക്കേറിയ സ്ഥലങ്ങളില്‍ മഫ്തിയില്‍ ഷാഡോ അംഗങ്ങളെ വിന്യസിക്കും. ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ ഇനി മുതല്‍ 24 മണിക്കൂറും ഷാഡോ നിരീക്ഷണത്തിലായിരിക്കും. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ എട്ട് മുതല്‍ 11 വരെയും വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെയുമാണ് ഇവരുടെ നിരീക്ഷണം. സിറ്റി പൊലീസ് പരിധിയിലെ ആറ് സര്‍ക്ളിന് കീഴിലായി 18 പേരുടെ ഇടിമിന്നല്‍ സംഘത്തിന് ചൊവ്വാഴ്ച അവസാന പരിശീലനവും നല്‍കി. വനിതാ സി.ഐ ഷാന്‍റിക്കും കസബ സി.ഐ പി. പ്രമോദിനുമാണ് ചുമതല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും