സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

യൂണിഫോമിൽ വിപ്ലവം സൃഷ്ടിച്ച് ഒരു പൊതുവിദ്യാലയം

Haritha Manav

പാവാടയായിരുന്നപ്പോള്‍ ഓടാനും ചാടാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇപ്പൊ ഞങ്ങള്‍ക്ക് ഓടുകും ചാടുകയും ഒക്കെ ചെയ്യാലൊ…, എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര എല്‍ പി സ്‌കൂളിലെ കൊച്ചു പെണ്‍കുട്ടികള്‍ ഒറ്റ സ്വരത്തില്‍ പറയുന്നത് ഇതാണ്. “മുന്‍പൊക്കെ പാവാടയായിരുന്നല്ലൊ, അപ്പോ ആണ്‍കുട്ടികള്‍ ഞങ്ങളെ കളിയാക്കും നിങ്ങള്‍ക്ക് പോക്കറ്റ് ഇല്ലല്ലോ എന്നു പറഞ്ഞ്. എന്നാല്‍ ഇപ്പോള്‍ പാന്റ് ആയപ്പോള്‍ പോക്കറ്റുണ്ടല്ലോ, നല്ല സന്തോഷാണ്.”..

കേരളത്തില്‍ ആദ്യമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം എന്ന ആശയം നടപ്പിലാക്കി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് വളയന്‍ചിറങ്ങര എല്‍ പി സ്‌കൂള്‍. ഇനി ഈ സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് ഓടാനും ചാടാനുമൊന്നും പാവാട ഒരു തടസ്സമാകില്ല. സ്‌കൂളിന്റെ മറ്റൊരു പ്രത്യേകത ഇവിടെയുള്ളത് 27 അധ്യാപികമാരാണ് എന്നതാണ്. ഇവരെ കൂടാതെയുള്ള 3 അനധ്യാപക സ്റ്റാഫും വനിതകള്‍ തന്നെ. അങ്ങനെ 30 സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഒരു സ്‌കൂളാണ് സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന ഈ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.

എറണാകുളം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണീ സ്കൂള്‍. ഇക്കഴിഞ്ഞ വർഷം, ഒരു വിപ്ലവകരമായ മാറ്റം എന്ന് ഇപ്പോൾ സോഷ്യൽ മീ‍ഡിയയൊക്കെ പറയുന്ന, ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരേ യൂണിഫോം എന്നത് ഞങ്ങൾ സാധാരണ രീതിയിൽ നടപ്പിലാക്കിയതാണ്. സ്ത്രീ സമത്വത്തെ കുറിച്ചൊക്കെ നമ്മൾ ഒരുപാട് സംസാരിക്കാറുണ്ട്. അതിന്റെ ഭാഗമായി വളരെ കാലം മുൻപ് തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഇട കലർത്തിയാണ് നമ്മൾ ഇവിടെ ഇരുത്താറുള്ളത്. സ്കൂളിലെ പ്രധാന അധ്യാപിക സി രാജി ടീച്ചർ പറഞ്ഞു തുടങ്ങി.

പെണ്‍കുട്ടികൾക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാവുന്നുണ്ട് ഈ സ്കേർട്ടും ഷർട്ടും ഇടുമ്പോൾ. ആണ്‍കുട്ടികളെ പോലെ സ്വതന്ത്രരായി ചാടാനോ മറിയാനോ പടികൾ കയറാനോ ഒന്നും പറ്റില്ല. ചില രക്ഷിതാക്കളെങ്കിലും ഞങ്ങളോട് അത് പറയുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷം നമ്മൾ അതിനെ കുറിച്ചു ആലോചിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നെ ആണ്‍കുട്ടികൾക്ക് പാവാടയാക്കിക്കൂടെ എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്. അതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. ആണ്‍കുട്ടികളെകൊണ്ട് പെണ്‍കുട്ടികളുടെ യൂണിഫോം ധരിപ്പിക്കണമെന്നോ പെണ്‍കുട്ടികളെകൊണ്ട് ആണ്‍കുട്ടികളുടെ യൂണിഫോം ധരിപ്പിക്കണമെന്നോ അല്ല. മറിച്ച് രണ്ടുപേർക്കും ഒരേ യൂണിഫോം, രണ്ടു പേർക്കും കംഫേർട്ടബിൾ ആയത്. രാജി ടീച്ചർ പറയുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീപ്രൈമറി ക്ലാസിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമാക്കിയിരുന്നു. അത് വലിയ വിജയമായതോടുകൂടി ഈ വര്‍ഷം എല്‍പി സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും യൂണിഫോം ത്രീഫോര്‍ത്തും ഷര്‍ട്ടുമാക്കി. നമ്മുടെയൊക്കെ വീടുകളില്‍ പെണ്‍കുട്ടികള്‍ സാധാരണ ധരിക്കുന്നത് ഈ ത്രീ ഫോര്‍ത്ത് തന്നെയാണ്. കുട്ടികളുടെയൊരു കാഷ്വല്‍ ഡ്രസ്സാണത്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്കിത് ഇഷ്ടപ്പെട്ട വസ്ത്രവുമാണ്. ആദ്യം ഒരു ചെറിയ പരീക്ഷണം പോലെ ഒരു ജോഡി യൂണിഫോം തയ്പ്പിച്ച് പ്രീ-പ്രൈമറിയിലെ കുട്ടികളെ ഇടീച്ചു നോക്കി. നോക്കിയപ്പോള്‍ നല്ല ഭംഗിയുമുണ്ട്, കുട്ടികള്‍ക്ക് കംഫര്‍ട്ടബിളുമാണ്. പ്രീ-പ്രൈമറിയില്‍ ഇരുന്നൂറോളം കുട്ടികള്‍ക്ക് അങ്ങനെ കഴിഞ്ഞ വര്‍ഷം തന്നെ ഇത് നടപ്പിലാക്കി. അത് വലിയൊരു വിജയമായിരുന്നു. അങ്ങനൊണ് ഈ വര്‍ഷം എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കും ഈ തരത്തിലുള്ള യീണിഫോം തന്നെ മതി എന്ന് തീരുമാനിക്കുന്നത്. പോക്കറ്റിലൊക്കെ കൈയ്യിട്ട് വളരെ സന്തോഷത്തോട് കൂടിയാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഈ സ്‌കൂളിലേക്കു വരുന്നത്. രാജി ടീച്ചര്‍ പറയുന്നു.

ഇങ്ങനെയൊരു പരിഷ്‌ക്കാരം നടപ്പിലാക്കുമ്പോള്‍ രക്ഷിതാക്കള്‍ എങ്ങനെ സ്വീകരിക്കും എന്ന ഒരാശങ്ക അധ്യാപകര്‍ക്കുണ്ടായിരുന്നെങ്കിലും 95 ശതമാനം രക്ഷിതാക്കളും ഇതിനെ അംഗീകരിക്കുകയായിരുന്നു. ഇത് കുട്ടികള്‍ക്കു മാത്രമല്ല, മാതാപിതാക്കള്‍ക്കും ഇഷ്ടമായി. കാരണം ഈ ഡ്രെസ്സ് കഴുകിയിടാനും കുട്ടികള്‍ക്ക് ഇട്ടുകൊടുക്കാനുമെല്ലാം എളുപ്പമാണ്. പിടിഎയുടെ എക്‌സിക്യൂട്ടീവിലും അക്കാദമിക് കമ്മിറ്റിയിലുമെല്ലാം ആലോചിച്ചപ്പോള്‍ അവരുടെ മുഴുവന്‍ പിന്തുണയും കിട്ടുകയും അങ്ങനെ ഈ വര്‍ഷം മുതല്‍ എല്ലാ കുട്ടികള്‍ക്കും ഷോര്‍ട്‌സും ഷര്‍ട്ടും തയ്പ്പിക്കുകയും ചെയ്തു. ഇങ്ങനെയൊരു ആശയം കൊണ്ടു വരാന്‍ കാരണം തന്നെ ശരിക്കും പറഞ്ഞാല്‍ രക്ഷിതാക്കളാണ്. പെണ്‍കുട്ടികള്‍ക്ക് പാവാട കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മസിലാക്കിയ ചില രക്ഷിതാക്കള്‍ എന്നോട് ചോദിച്ചത് ഇത്രയൊക്കെ പുരോഗമിച്ചിട്ടും നമ്മള്‍ എന്തുകൊണ്ട് പെണ്‍കുട്ടികളുടെ യൂണിഫോമില്‍ മാത്രം ഒരു മാറ്റവും വരുന്നില്ല എന്നാണ്. പെണ്‍കുട്ടികള്‍ പാവാടയൊക്കെയിട്ട് അണിഞ്ഞൊരുങ്ങി നടക്കേണ്ടവരാണെന്ന ഒരു ധാരണ എന്തിനാണ് അവരില്‍ ഉണ്ടാക്കുന്നതെന്നും രക്ഷിതാക്കളില്‍ ചിലര്‍ എന്നോട് ചോദിച്ചിരുന്നു. രാജി ടീച്ചര്‍ പറയുന്നു.

വസ്ത്രത്തില്‍ മാത്രമല്ല ഈ സ്‌കൂള്‍ ലിംഗസമത്വം നടപ്പിലാക്കുന്നത്. ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടകലര്‍ത്തി ഇരുത്തുന്ന രീതിയാണ് തുടര്‍ന്നുവരുന്നത്. ചെറുപ്പത്തിൽ തന്നെ യാതൊരു വിധത്തിലുമുള്ള അസമത്വവും നേരിടാതെ വേണം ഈ കുട്ടികൾ വളരാൻ എന്ന നിർബന്ധമുണ്ട് അധ്യാപകർക്ക്. ഞങ്ങളുടെ കുട്ടികള്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്ന് വ്യത്യാസമില്ലാതെ തന്നെ ഒന്നിച്ചിരിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. കുട്ടിക്കാലം മുതലേ ലിംഗസമത്വം ഉറപ്പാക്കികൊണ്ടുള്ള, ലിംഗ വ്യത്യാസം ഇല്ലാതെ വളരുന്ന ഒരു സാഹചര്യമാണ് ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുള്ളത്. സുമ ടീച്ചര്‍ അഴിമുഖത്തോട് പറഞ്ഞു.

104 വര്‍ഷത്തെ ചരിത്രം പറയാനുള്ള ഈ സ്‌കൂള്‍ അക്കാദമിക തലത്തിലും മികച്ചു നില്‍ക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷം 18 കുട്ടികളാണ് ഇവിടെ നിന്നും എല്‍എസ്എസ് കരസ്ഥമാക്കിയത്. ലോവര്‍ പ്രൈമറി ഘട്ടത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഒരു അളവുകോലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്‍എസ്എസ് പരീക്ഷ. നാലാം ക്ലാസിലെ കുട്ടികള്‍ നാലാം ക്ലാസിന്റെ അവസാനഘട്ടത്തില്‍ എഴുതുന്ന പരീക്ഷ. അതില്‍ 18 കുട്ടികള്‍ക്കാണ് ഈ കഴിഞ്ഞവര്‍ഷം ഇവിടെ എല്‍എസ്എസ് ലഭിച്ചത്. രാജി ടീച്ചര്‍ പറഞ്ഞു.

നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം ലഭിക്കണം എന്ന ആശയത്തിലൂന്നി 1915 ൽ വിഎൻ കേശവപിള്ളയണ് ഈ സ്കൂൾ സ്ഥാപിക്കുന്നത്.  പിന്നീടത് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

സ്‌കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം സമൂഹത്തെ അറിയിക്കുന്നതാണ് സോഷ്യല്‍ ഓഡിറ്റ്. അത്തരത്തിലുള്ള വിപ്ലവകരമായ കാര്യങ്ങളും ഈ സ്‌കൂള്‍ നടപ്പിലാക്കി വരുന്നു. ഇത്തരത്തില്‍ എല്ലാകാര്യങ്ങള്‍ക്കും സ്‌കൂളിന് പിന്തുണയായി നില്‍ക്കുന്നത് പിടിഎയാണ്. ഇപ്പോഴത്തെ ഞങ്ങളുടെ പിടിഎ പ്രസിഡന്റ് അശോകനാണ്. അദ്ദേഹം ഒരു പഞ്ചായത്ത് മെമ്പർ കൂടിയാണ്. ഇത്തരത്തില്‍ ഒരു യൂണിഫോം കൊണ്ടു വരുന്നതിനെപ്പറ്റിയും ഈ യൂണിഫോമിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ക്കുണ്ടാവുന്ന സ്വാതന്ത്ര്യത്തെപ്പറ്റിയും അദ്ദേഹമാണ് രക്ഷിതാക്കളുമായി സംസാരിച്ചതും ഇതിനെല്ലാം മുന്‍പന്തിയില്‍ നിന്നതും. എച്ച് എം രാജി ടീച്ചർ പറഞ്ഞു.

മാതൃകാപരമായ പ്രവർത്തനങ്ങൾകൊണ്ട് സംസ്ഥാനത്തിൽ തന്നെ ശ്രദ്ധ നേടിയ സ്കൂളാണിത്. എറണാകുളം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ കൂടിയാണിത്. 681 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. പ്രി-പൈമറി വിഭാഗത്തിൽ മാത്രം 250 ഓളം കുട്ടികളും പഠിക്കുന്നുണ്ട്. സ്കൂളിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഇവിടെ നിലവിൽ സോഷ്യൽ ഓഡിറ്റിങ് ഉണ്ട്. അതുവഴി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം അളക്കാനും പോരായ്മകൾ മനസിലാക്കാനും സാധിക്കുന്നു. സ്കൂളിന് നിരവധി നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. 2010 ല്‍ കേരള ഗവൺമെന്റിന്റെ നേട്ടം അവാർഡ് ലഭിക്കുകയും അതുവഴി 10 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവർഷം പിടിഎയ്ക്ക് സംസ്ഥാനതലത്തിലെ മികച്ച പിടിഎയ്ക്കുള്ള അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ പിടിഎ പ്രസിഡന്റ കെ അശോകൻ അഴിമുഖത്തോട് പറഞ്ഞു.

മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നതുകൊണ്ടു തന്നെ വളയന്‍ചിറങ്ങര സ്‌കൂളിലേക്ക് നിരവധി കുട്ടികളാണ് ഓരോ വര്‍ഷവും എത്തുന്നത്. നിലവിൽ 861 കുട്ടികളാണ് സ്കൂളിൽ  പഠിക്കുന്നത്. അതിനാല്‍ തന്നെ സ്‌കൂളിലെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം കുട്ടികള്‍ക്കാവശ്യമായ ക്ലാസ്മുറികള്‍ ഇല്ല എന്നുള്ളതാണ്. കുട്ടികള്‍ വര്‍ദ്ധിച്ചതോടെ അധ്യാപകരുടെ മുറിയും ക്ലാസ്റൂമാക്കി. ഇപ്പോള്‍ അധ്യാപകര്‍ക്കിരിക്കാന്‍ ഒരു മുറിയില്ലാത്ത അവസ്ഥയാണ്. തങ്ങളുടെ ക്ലാസ് മുറികളിൽ തന്നെ രാവിലെ മുതൽ വെെകുന്നേരം വരെ അവർ ഇരിക്കുന്നു. ഇതിനൊരു പരിഹാരം കാണുക എന്നുള്ളതാണ് അധ്യാകരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.

പെൺകുട്ടികൾ ഓടാനും ചാടാനും പാടില്ല എന്നും, അടങ്ങിയിരിക്കണം എന്നുമെല്ലാമുള്ള പൊതുബോധങ്ങൾ സ്കൂൾ കാലഘട്ടത്തിലാണ് കുട്ടികൾക്ക് പകർന്നു കിട്ടുന്നത്. ആ ബോധത്തെ ഊട്ടിയുറപ്പിക്കുന്നതാകട്ടെ ഒട്ടുമെ സ്വാതന്ത്രമില്ലാത്ത അവരുടെ യൂണിഫോമും. ചെറുപ്രായത്തിൽ തന്നെ പാവാടയുടെ ഇറക്കവും, ഓടുമ്പോഴും ചാടുമ്പോഴും അത് എത്രയളവിൽ പെങ്ങുന്നു എന്നതുമെല്ലാം ശ്രദ്ധിച്ച് അടങ്ങിയൊതുങ്ങി നടക്കാനാണ് ഓരോ പെൺകുട്ടിയേയും വീട്ടില്‍ നിന്നും പഠിപ്പിക്കുന്നത്. ഇതിനൊരു മാറ്റം വരേണ്ട കാലം എന്നേ കഴിഞ്ഞു. അതിനാൽ തന്നെ വളയന്‍ചിറങ്ങര എല്‍ പി സ്‌കൂള്‍ മുന്നോട്ടു വയ്ക്കുന്ന ഈ മാതൃക എല്ലാ സ്‌കൂളുകളും പിന്തുടരുകയാണെന്നുണ്ടെങ്കില്‍ ഓടാനും ചാടാനും കളിക്കാനുമൊന്നും ഒരു തടസ്സവുമില്ലാത്ത ഒരു സ്‌കൂള്‍ ജീവിതം പെണ്‍കുട്ടികള്‍ക്കും സമ്മാനിക്കാനാവും. ഒപ്പം തന്നെ തങ്ങള്‍ അടങ്ങിയൊതുങ്ങിയിരിക്കേണ്ടവരാണെന്ന തെറ്റായ ധാരണ ചെറുപ്പത്തിലെ പെൺകുട്ടികളിൽ നിന്നും ഒഴിവാക്കാനാകും.

thanks to Haritha Manav


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും