സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കശ്മീരില്‍ സമാധാനത്തിനു വേണ്ടി അഭ്യര്‍ഥിച്ച് മലാല യൂസഫ്‌സായി

വിമെന്‍ പോയിന്‍റ് ടീം

കശ്മീര്‍ താഴ്‌വരയില്‍ സമാധാനത്തിനു വേണ്ടി അഭ്യര്‍ഥിച്ച് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യുസഫ്‌സായി. ഏഴു ദശാബ്ദക്കാലമായി കശ്മീരിലെ കുട്ടികള്‍ അക്രമത്തിനിടയിലാണു വളര്‍ന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

‘ഞാന്‍ ഒരു കുട്ടിയായിരുന്ന കാലം മുതല്‍ക്ക്, എന്റെ ഉപ്പയും ഉമ്മയും കുട്ടികളായിരുന്ന കാലം മുതല്‍ക്ക്, അവരുടെ മാതാപിതാക്കള്‍ കുട്ടികളായിരുന്ന കാലം മുതല്‍ക്ക് കശ്മീരിലെ ജനങ്ങള്‍ സംഘര്‍ഷത്തിലാണ് ജീവിച്ചത്. ഏഴു ദശാബ്ദക്കാലം കശ്മീരിലെ കുട്ടികള്‍ വളര്‍ന്നത് അക്രമത്തിനിടയിലാണ്.

ഇനി ഈ യാതന അനുഭവിക്കേണ്ടതിന്റെയും പരസ്പരം ഉപദ്രവിക്കേണ്ടതിന്റെയും ആവശ്യം ഞങ്ങള്‍ക്കില്ല. എല്ലാ ദക്ഷിണേഷ്യക്കാരും അന്താരാഷ്ട്ര സമൂഹവും ബന്ധപ്പെട്ട അധികൃതരും ഇതിനോടു പ്രതികരിക്കുമെന്നു ഞാന്‍ വിചാരിക്കുന്നു.

എന്തൊക്കെ വിയോജിപ്പുകള്‍ നമുക്കിടയിലുണ്ടെങ്കിലും നമ്മള്‍ എപ്പോഴും മനുഷ്യാവകാശത്തിനൊപ്പം നില്‍ക്കണം. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കു പ്രാധാന്യം നല്‍കണം. ഏഴു ദശാബ്ദമായി കശ്മീരില്‍ നിലനില്‍ക്കുന്ന പ്രശ്‌നം സമാധാനപരമായി പരിഹരിക്കണം.

ഞാന്‍ കശ്മീരിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നത് ദക്ഷിണേഷ്യ എന്റെ വീടായതുകൊണ്ടാണ്. അവിടെ കശ്മീരികളടക്കം 180 കോടി ആളുകളുണ്ട്.

ഞങ്ങള്‍ വ്യത്യസ സംസ്‌കാരങ്ങളെ, മതങ്ങളെ, ഭാഷകളെ, ഭക്ഷണത്തെ, ആചാരങ്ങളെ പ്രതിനിധീകരിക്കുന്നു. ഞങ്ങള്‍ക്ക് സമാധാനത്തില്‍ ജീവിക്കാനാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു.’- മലാല പറഞ്ഞു.

അതിനിടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം സംസ്ഥാനം ശാന്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട വീഡിയോ വിവാദത്തില്‍.

സുരക്ഷാ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സി.ആര്‍.പി.എഫ് ജവാന്മാരുമായി ഇടപഴകുന്നതിന്റെയും തദ്ദേശവാസികളുമൊത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും വിഡിയോയാണ് പുറത്തുവന്നത്.

ഭക്ഷണം കഴിക്കുന്നത് അടച്ചിട്ട കടകള്‍ക്ക് മുമ്പില്‍ നിന്നാണ്. ഭക്ഷണം ആകട്ടെ പാര്‍സല്‍ വാങ്ങിച്ചതാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡുകള്‍ വിജനമാണ്. വീഡിയോയില്‍ സംസാരിക്കുന്ന ഏതാനും പേരല്ലാതെ മറ്റാരെയും കാണാനില്ല.

ചിത്രം എടുത്തിരിക്കുന്നത് കശ്മീരിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശമായ ഷോപിയാനില്‍ നിന്നാണ്. ഇത്രയും സംഘര്‍ഷ ഭരിതമായ പ്രദേശമായിട്ടും അവിടം ശാന്തമാണെന്നാണ് വീഡിയോയിലൂടെ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും