സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പുഴയ്ക്ക് മുകളിലൂടെ അതിസാഹസികമായി ഗര്‍ഭിണിയെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍

വിമെന്‍ പോയിന്‍റ് ടീം

കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട അട്ടപ്പാടി അഗളിയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തിലുള്ളവരെ രക്ഷപ്പെടുത്തി. നദിക്ക് കുറുകെ കയര്‍ കെട്ടി അതിസാഹസികമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒരു പിഞ്ചുകുഞ്ഞും ഗര്‍ഭിണിയും അടക്കമുള്ളവരെ സുരക്ഷിതമായി മറുകരയിലെത്തിച്ചു.

കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കുറുകെ കെട്ടിയ കയറില്‍ പിതാവ് മുരുകേശനാണ് കുഞ്ഞിനെ നെഞ്ചോടടുക്കി കരക്കെത്തിച്ചത്. കനത്ത മഴയും കുത്തിയൊഴുകുന്ന പുഴയും ദുഷ്‌കരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഉദ്യമത്തിന് നേതൃത്വം നല്‍കിയത്.

മുരുകേശന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെയാണ് രക്ഷപെടുത്തിയത്. ലാവണ്യയെ പുഴ കടത്തുന്നത് വളരെ ദുഷ്‌കരമായിരുന്നു. അതിസാഹസികമായാണ് ഇവരെ ഇക്കരെ എത്തിച്ചത്. ഇരുകരകളില്‍നിന്നും കയര്‍ ബന്ധിച്ച് അതീവ സുരക്ഷിതയായാണ് ലാവണ്യയെ ഇക്കര എത്തിച്ചത്.

എട്ടുമാസം ഗര്‍ഭിണിയെ റോപ്പിലൂടെ പുഴ കടത്തിയാല്‍ ആരോഗ്യപ്രശ്നം ഉണ്ടാകുമോ എന്ന് ആശങ്ക ആദ്യം ഉണ്ടായിരുന്നു. ആരോഗ്യവിദഗ്ധരടക്കം എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഭര്‍ത്താവിനെയും മാതാപിതാക്കളെയും പുഴക്കരികില്‍ നിര്‍ത്തിയിരുന്നു. മറുകരയിലെത്തിച്ചതിന് പിന്നാലെ ഡോക്ടര്‍മാരെത്തി യുവതിക്ക് ആവശ്യമായ പരിചരണം നല്‍കി. ഇക്കരെ എത്തിച്ച എല്ലാവരെയും ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അടിയന്തരപരിശോധനയ്ക്കു വിധേയമാക്കി. തുരുത്തിലുള്ളവരെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യടിച്ചാണ് വരവേറ്റത്.

കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി അഗളിയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തില്‍ ഏഴംഗ കുടുംബം ഒറ്റപ്പെട്ടുപോവുകയായിരുന്നു. കോണാര്‍ വിഭാഗത്തില്‍പ്പെട്ട ശെല്‍വരാജ്, പളനിയമ്മ, മകന്‍ മുരുകേശന്‍, അയാളുടെ ഭാര്യ ലാവണ്യ, മകള്‍ മൈന, ജോലിക്കാന്‍ പൊന്നന്‍ എന്നിവരുള്‍പ്പെട്ട കുടുംബം ഒരാഴ്ചയായായി വീട്ടിനുള്ളില്‍പ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇവര്‍ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്ന മണ്‍തിട്ടയും താല്‍ക്കാലിക പാലവും വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയിരുന്നു.

അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ഇത്തരത്തില്‍ ഒട്ടേറെ ആളുകള്‍ അകപ്പെട്ട് പോയിട്ടുണ്ടെന്നാണ് വിവരം. അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെയുണ്ടായിരുന്ന ഗര്‍ഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറുപേരെ നാട്ടുകാര്‍ വനത്തിലൂടെ പുറത്തെത്തിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും