സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡൽഹി പിസിസിയിൽ തമ്മിലടി; ഷീല‌ ദീക്ഷിതും ചാക്കോയും നേർക്കുനേർ

വിമെന്‍ പോയിന്‍റ് ടീം

ദേശീയ അധ്യക്ഷനില്ലാതെ പ്രതിസന്ധിയിലായ  കോൺഗ്രസിന‌് ഡൽഹിയിലെ തമ്മിലടിയും തലവേദനയാകുന്നു. ഡൽഹി പ്രദേശ‌് കോൺഗ്രസ‌് കമ്മിറ്റി അധ്യക്ഷ ഷീല ദീക്ഷിതും സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി പി സി ചാക്കോയും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായി. ജില്ല, ബ്ലോക്ക‌് തലത്തിൽ നിരീക്ഷകരെ നിയോഗിച്ച ഷീല ദീക്ഷിതിന്റെ നടപടി ചോദ്യംചെയ‌്ത‌് ചാക്കോ രംഗത്തെത്തി. എഐസിസി തീരുമാനത്തിന‌് വിരുദ്ധമായ നടപടി നിർത്തിവയ‌്ക്കാൻ ചാക്കോ ആവശ്യപ്പെട്ടു. കൂടിയാലോചനയില്ലാതെ ബ്ലോക്ക‌് കമ്മിറ്റികൾ പിരിച്ചുവിട്ടതും പുതിയ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പിസിസിയിലെ മൂന്ന‌്  വർക്കിങ‌് പ്രസിഡന്റുമാരും രംഗത്തെത്തി. ഇത‌്ചൂണ്ടിക്കാട്ടി 29 പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധിക്ക‌് കത്തയച്ചു.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ‌്മിയുമായുള്ള ധാരണയെക്കുറിച്ച‌് പാർടിയിലെ ഇരുവിഭാഗങ്ങൾ തുടങ്ങിയ തർക്കം പുതിയ മേഖലകളിലേക്ക‌് പടരുകയാണ‌്. തമ്മിലടി ചർച്ചചെയ്യാൻ ജൂണിൽ രാഹുൽ വിളിച്ച യോഗത്തിൽ പരസ‌്പരം പ്രശ‌്നങ്ങളില്ലാതെ പ്രവർത്തിക്കുമെന്ന‌് ഇരു വിഭാഗങ്ങളും ഉറപ്പുനൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ ഭിന്നതകളില്ലാതെ നേരിടുമെന്നും നേതാക്കൾ വാക്കുനൽകി.  
എന്നാൽ, ദേശീയ അധ്യക്ഷൻതന്നെ രാജിവച്ച‌് പോയതോടെ വീണ്ടും ഇവർക്കിടയിലെ തർക്കം മുറുകി. തന്നോടും മൂന്ന‌് വർക്കിങ‌് പ്രസിഡന്റുമാരോടുംകൂടി ആലോചിച്ചശേഷംവേണം ഷീല ദീക്ഷിത‌് നിയമനം നടത്താനെന്ന‌് ചാക്കോ ആവശ്യപ്പെട്ടു. നിരീക്ഷകരെ നിയോഗിച്ച നടപടിക്ക‌് തങ്ങളുടെ അംഗീകാരമില്ലെന്ന‌് ചൂണ്ടിക്കാട്ടി ഷീല ദീക്ഷിതിന‌് ചാക്കോ കത്തയച്ചു. ബ്ലോക്ക‌് കമ്മിറ്റികൾ പിരിച്ചുവിടാനുള്ള ഷീലയുടെ തീരുമാനം ചാക്കോ റദ്ദാക്കിയതായും കോൺഗ്രസ‌് വൃത്തങ്ങൾ പറഞ്ഞു. തീരുമാനങ്ങളെടുക്കാൻ ഷീല ദീക്ഷിതിന‌് മറ്റാരുടെയും അനുവാദംവേണ്ടെന്ന‌് പാർടി വക്താവും ഷീലയുടെ അനുയായിയുമായ ജിതേന്ദ്രകുമാർ കൊച്ചാർ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായി ഷീല ദീക്ഷിത‌് ആശുപത്രിയിലായിരിക്കെയാണ‌് തമ്മിലടി മുറുകുന്നത‌്.

ഷീല ദീക്ഷിതിന്റെ അനുയായികളിൽ ചിലർ ബിജെപിക്കും ആം ആദ‌്മിക്കും സഹായകരമാകുന്ന നിലപാടുകളാണെടുക്കുന്നതെന്ന‌്  എതിർവിഭാഗം നേതാക്കൾ രാഹുലിനയച്ച കത്തിൽ പറയുന്നു. ഹൗസ‌് ക്വാസിയിലുണ്ടായ വർഗീയസംഘർഷങ്ങളിൽ ആം ആദ‌്മിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെയും  ബിജെപി നേതൃത്വത്തിലുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷനെയും കുറ്റപ്പെടുത്താൻ തയ്യാറായില്ല. ജനകീയവിഷയങ്ങളിൽ പ്രസ‌്താവന  നടത്താനാകുന്നില്ലെന്നും ഇവർ ആരോപിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും