സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

3500 പുസ്തകങ്ങളും 120 അംഗങ്ങളുമുള്ള ഏഴാം ക്ലാസുകാരിയുടെ ലൈബ്രറി

വിമെന്‍ പോയിന്‍റ് ടീം

‘എല്ലാരും വായിക്കണം. കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും വായിക്കാത്തവന്‍ വലയും. അതുകൊണ്ട് എല്ലാവരും വായിച്ചു വിളയുക അതാണ് എനിക്കു പറയാനുള്ളത്’. സ്വന്തമായൊരു ലൈബ്രറിയുള്ള യശോദ പറയുന്നു. 3500 പുസ്തകങ്ങളും 120 അംഗങ്ങളുമുള്ള ഒരു ലൈബ്രറിയുടെ ഉടമയാണ് ഈ ഏഴാം ക്ലാസകാരി. വായനോടുള്ള ഇഷ്ടംകൊണ്ട് മാത്രമല്ല യശോദ വായനശാല തുടങ്ങാന്‍ തീരുമാനിച്ചത്. വായനശാലയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പണമില്ലാത്തവര്‍ക്ക് ഒരു സഹായം കൂടിയാകുമല്ലോ എന്നു കരുതിയാണ്. അതിനാല്‍ തന്നെ യശോദയുടെ വായനശാലയില്‍ മെമ്പര്‍ഷിപ്പ് ഫീ വേണ്ട, മാത്രമല്ല ഫൈനും ഈടാക്കാറില്ല.

മട്ടാഞ്ചേരി ടിഡി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് യശോദയിപ്പോള്‍. മൂന്നാം ക്ലാസ് മുതലാണ് യശോദ വായനയിലേക്കു കടക്കുന്നത്. അന്നുമുതല്‍ തന്നെ വായന യശോദയ്ക്ക് പ്രിയപ്പെട്ടതാവുകയും ചെയ്തു. ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പുണ്ടായിരുന്ന ചേട്ടന് ചിലപ്പോള്‍ ലൈബ്രറിയില്‍ പോകാന്‍ കഴിയില്ല. ആ സമയത്ത് യശോദ പോയി പുസ്തകള്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വായനയോട് താല്‍പര്യമുണ്ടാവുന്നത്.

ഒരിക്കല്‍ എടുത്ത പുസ്തകം ലൈബ്രറിയില്‍ കൊണ്ടുപോയി കൊടുക്കാന്‍ അല്പം വൈകി. ആ സമയത്ത് അച്ഛന്‍ ലൈബ്രറിയില്‍ പൈസ കൊടുക്കുന്നതുകണ്ടപ്പോള്‍ അതെന്തിനാണെന്ന് യശോദ അന്വേഷിച്ചു. അപ്പോഴാണ് ഫ്രീയായി പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്നും, വായിക്കുന്നതിന് നമ്മള്‍ പണം കൊടുക്കുന്നുണ്ടെന്നും യശോദ അറിയുന്നത്. അപ്പോള്‍ പണമില്ലാത്തവര്‍ക്ക് വായിക്കണ്ടെ എന്ന യശോദയുടെ ചിന്തയില്‍ നിന്നുമാണ് ഈ വായനശാലയുണ്ടാവുന്നത്. ഇങ്ങനെ ഒരാശയം യശോദ പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ ദിനേശ് ആര്‍ ഷേണായി ഈ വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചു. അങ്ങനെയാണ് ഈ കാര്യങ്ങള്‍ കൂടുതലാളുകള്‍ അറിയുന്നതും അറിഞ്ഞവര്‍ പുസ്തകങ്ങള്‍ അയച്ചു കൊടുക്കാന്‍ തുടങ്ങുന്നതും. അങ്ങനെ ഈ വര്‍ഷം ജനുവരി 26 ന് കെഎസ് രാധാകൃഷ്ണന്‍ യശോദയുടെ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു മുമ്പ് തന്നെ കുമ്മനം രാജശേഖരന്‍ യശോദയെ തിരുവന്തപുരത്തേക്ക് വിളിപ്പിക്കുകയും 108 പുസ്തകം നല്‍കുകയും ചെയ്തിരുന്നു.

ആക്രിക്കടയില്‍ നിന്നുമാണ് കൂടുതല്‍ പുസ്തകങ്ങള്‍ ലഭിക്കുന്നതെന്നാണ് യശോദ പറയുന്നത്. ‘ഇപ്പോള്‍ അത് സ്ഥിരമായി. ദിവസവും ആക്രിക്കടകളില്‍ പോയി പുസ്തകമെടുക്കാറുണ്ട്. നല്ല ക്വാളിറ്റിയിലുള്ള പുതിയ പുസ്തകങ്ങളാണ് അവിടെ നിന്നും ലഭിക്കുന്നത്’ യശോദ പറയുന്നു. തുടങ്ങുമ്പോള്‍ കൈയില്‍ പുസ്തകങ്ങളൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്റെ സുഹൃത്ത് 10000 രൂപയ്ക്ക് പുസ്തകങ്ങള്‍ അയച്ചു തന്നിരുന്നു. അതാണ് ആദ്യത്തെ സമ്പാദ്യം. ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ മകന്‍ ഇടശ്ശേരി ഹരികുമാര്‍ അദ്ദേഹത്തിന്റെ 50 വര്‍ഷക്കാലത്തെ സാഹിത്യ ജീവിതത്തില്‍ എഴുതിയ മുഴുവന്‍ പുസ്തകങ്ങളും നേരിട്ട് യശോദക്കയച്ചു കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇതുവരെ കണ്ടിട്ടില്ലാത്തവരും ഒരു പരിചയവും ഇല്ലാത്തവരുമാണ് പുസ്തകള്‍ അയച്ചു തരുന്നതെന്നാണ് യശോദ പറയുന്നത്. വിദേശികളും പുസ്തകള്‍ അയക്കാറുണ്ട്. അതിനാല്‍ തന്നെ 3500 ല്‍ 1000 ത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇംഗ്ലീഷാണ്.

യശോദയുടെ വീടിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ലൈബ്രറിയില്‍ ഇപ്പോഴുള്ള 3500 പുസ്തകങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ശേഖരിച്ചവയാണ്. യശോദയുടെ അധ്യാപകരും കൂട്ടുകാരുമെല്ലാം ഇപ്പോള്‍ ഈ ലൈബ്രറിയിലെ അംഗങ്ങളാണ്. മാതൃഭാഷയോട് ഏറെ സ്‌നേഹം പുലര്‍ത്തുന്ന യശോദയ്ക്കു പ്രിയം ബഷീറിന്റെ എഴുത്തുകളോടാണ്. വായിച്ചും പഠിച്ചും ഭാവിയില്‍ ഒരു വക്കീലാകണമെന്നാണ് ബ്രഹ്മജയുടെയും ദിനേശ് ആര്‍ ഷേണായിയുടെയും മകളായ ഈ കുഞ്ഞു ലൈബ്രേറിയന്റെ ആഗ്രഹം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും