സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആസാദിയുടെ ശബ്ദമാധുര്യത്തിന് പേർ പുഷ‌്പവതി

വിമെന്‍ പോയിന്‍റ് ടീം

അടിച്ചമർത്തപ്പെട്ടവന്റെ ഉണർത്തുപാട്ടായി അലയടിച്ച  ‘ആസാദി' ഇന്ത്യയാകെ പടർന്നു. അത് മൂളിനടന്ന ചുണ്ടുകൾ പക്ഷേ, അതിന്റെ പിന്നിലെ ഈണത്തിന്റെ കരുത്തിനെ, ശബ്ദമാധുര്യത്തെ അറിയാത്ത ഭാവംനടിച്ചു. ആസാദിയുടെ ആ ശബ്ദമാധുര്യത്തിന് പുഷ‌്പവതി എന്ന‌് പേർ. ലോകചരിത്രത്തിലിടം നേടിയ വനിതാ മതിലിന്റെ ടൈറ്റിൽസോങ്ങായി മാറിയ
‘‘പൊരുതുവാൻ ഞങ്ങളീ തെരുവുകളിലുണ്ട്
മുലച്ചിപ്പറമ്പിലെ ചോരയാവാൻ...
 
ആചാര മതിലുകൾ ഉയരുന്ന നേരത്ത്
ആർത്തിരമ്പാനായി ഒരുങ്ങീ ഞങ്ങൾ'' കേരളം ഏറ്റുപാടിയ ഈ പാട്ടിനും 
‘എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം...
എത്രയെത്ര കതിരുകൾക്കു വിത്തെറിഞ്ഞ കേരളം'’
 എന്ന പാട്ടിനും അവകാശിയും ഇതേ പുഷ‌്പവതിതന്നെ. (വരികൾ ജോഷി ഇടശ്ശേരി) 
 നവോത്ഥാന നായകരുടെ കൃതികൾക്ക് സംഗീതഭാഷ്യമൊരുക്കി ഇവർ അണിയിച്ചൊരുക്കിയ ഗാനങ്ങൾ കേരള സംഗീത ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടാണ്. ഇതാ മറ്റൊരു പുതുമ അവതരിപ്പിക്കാനൊരുങ്ങുകയാണ് പുഷ‌്പവതി.  മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ കഥകളിലെ വരികളെ അടർത്തിയെടുത്ത് അതിന് ഗാനരൂപം നൽകി അവതരിപ്പിക്കുകയാണ് ഇവർ. അതിന്റെ കമ്പോസിങ്ങും അനുബന്ധ ജോലികളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. 
 
മാധവിക്കുട്ടിയുടെ എല്ലാ കഥകളിൽനിന്നുമായി പ്രണയാതുര വരികൾ തെരഞ്ഞെടുക്കുന്നു. പിന്നീടത് മനോഹരമായി തുന്നിച്ചേർത്ത് അതിന്റെ ഭാവവും വികാരവും ചോരാതെ, കമല എഴുതിയ അതേ വൈകാരികതയോടെ, നിറഞ്ഞൊഴുകുന്ന പ്രണയഭാവത്തിൽ നമ്മിലേക്കെത്തും... ആവോളം കേട്ടാസ്വദിക്കാൻ മലയാളികൾക്കുള്ള മറ്റൊരുകാവ്യവിരുന്ന്. യുവ എഴുത്തുകാരായ ശ്രീദേവി കർത്തയും ശ്രീകൃഷ‌്ണനും ചേർന്നാണ് വരികൾ തെരഞ്ഞെടുക്കുന്നതും അതിന് കാവ്യഭാഷ്യം ചമയ‌്ക്കുന്നതും. സംഗീതം നൽകി ആലപിക്കുന്നത് പുഷ‌്പവതിയും.
 
‘അറിയുന്നേ പ്രിയനേ നിൻ പ്രണയം..
ഒഴിഞ്ഞ കടലാസ് കൂടെന്ന്...’
‘നീയെൻ... കനി.... ഞാൻ നിൻ കനി....’
‘കാട്ടുചോലകളെപ്പോലെ നിൻ കൺകൾ ഒഴുകവേ...’
‘പുരുഷഗന്ധം മണക്കുന്നൊരെൻ മാറിടം...’ ഇങ്ങനെ എത്രകേട്ടാലും മതിവരാത്ത, മലയാളികൾ ഇതുവരെ കേൾക്കാത്ത, അറിയാത്ത പ്രണയതീവ്രതയോടെ ഇവർ നമുക്കായി അണിയിച്ചൊരുക്കുന്നു. 
 
ചെറുപ്പംതൊട്ടേ മനസ്സിൽ അടിയുറച്ച കമ്യൂണിസ്റ്റ് ബോധത്തിന്റെ തുടർച്ചയാകാം അനീതികൾക്കും അസമത്വത്തിനുമെതിരായ കനൽ പുഷ‌്പവതിയുടെ ഉള്ളിലെരിയുന്നുണ്ടായിരുന്നു.  ഗുജറാത്ത‌് വംശഹത്യയോടുള്ള  പ്രതിഷേധമാണ് തന്റെ സംഗീതംകൊണ്ട് എന്ത് പ്രതിരോധമുയർത്താനാകും എന്ന ചിന്ത വന്നത്. അങ്ങനെ പണ്ട് വായിച്ചു വിട്ടുപോയ നവോത്ഥാന കൃതികളിലൂടെ, അവരുടെ വരികളിലൂടെ തിരികെനടന്നു. ആ എഴുത്തിലെ പ്രതിരോധത്തിന്റെ സംഗീതത്തിന് ശബ്ദത്തിലൂടെ ജീവൻ നൽകി.  സാമൂഹ്യപരിഷ്‌കർത്താവ് പൊയ്കയിൽ  അപ്പച്ചന്റെ കവിതകൾക്ക് ഈണംപകർന്ന് അവതരിപ്പിച്ച് സംഗീതലോകത്ത് വേറിട്ട വഴിയുംതുറന്നു. നവോത്ഥാനമൂല്യങ്ങൾ മറന്നുപോകുന്ന മലയാളികൾക്കുള്ള ഓർമപ്പെടുത്തലുകൾകൂടിയാണ് ഈ ഗാനങ്ങൾ. നാരായണ ഗുരുവിന്റെ ദൈവദശകം, കുണ്ഡലിനീ ചരിതം, അനുകമ്പാ ദശകം, വിനായകാഷ്ടകം, ജാതി നിർണയം, ജാതി ലക്ഷണം എന്നിവയ‌്ക്കും സംഗീതം പകർന്നു. 
 
മതമൗലികവാദം പെരുകുന്ന കാലത്ത് അതിനെതിരായ സന്ദേശംപകരുന്ന കബീർ സൂക്തങ്ങൾ മലയാളത്തിൽ പാടി അവതരിപ്പിച്ചു. ടാഗോറിന്റെ  ഗീതാഞ‌്ജലിക്കും സംഗീതഭാഷ്യം ഒരുക്കി. ടാഗോറിന്റെ സമകാലികൻ ക്വാസി നസ്രുൾ ഇസ്ലാമിന്റെ  ‘ദാരിദ്ര്യം' എന്ന കവിതയും സംഗീതംചെയ‌്തു.  ശ്രീനാരായണഗുരുവിന്റെ നാല‌് രചനകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. 
 
നിരവധി സംഗീത ആൽബങ്ങളും പുഷ്‌പവതിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. പലതിന്റെയും രചനയും ഈണവും ആലാപനവും പുഷ‌്പവതിതന്നെ. തൃശൂർ അമല ആശുപത്രിയിൽ ഒരു പരിപാടിക്കിടെ  സ്വീഡൻ ഗവേഷക ഡോ. ക്രിസ്റ്റീനിയ ദോത്തക്കരെ മുൻകൈയെടുത്ത് ആൽബംതന്നെ നിർമിച്ച് പുറത്തിറക്കിയാണ് മടങ്ങിയത്. അംബാവനം വൃന്ദാവനം, ശ്രീ നാരായണഗുരു ദർശനം, കബീർ മ്യൂസിക് ഓഫ് ഹാർമണി തുടങ്ങിയ ആൽബങ്ങൾ വിവിധ മ്യൂസിക് ബാൻഡുകൾ നിർമിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. 
 
 ഈ ശബ്ദം സിനിമാഗാനങ്ങളിലൂടെയും നമ്മെ കീഴടക്കിയിട്ടുണ്ട്.  ‘സാൾട്ട് ആൻഡ് പെപ്പറി'ലെ ‘‘ചെമ്പാവ് പുന്നെല്ലിൻ ചോറോ... '' എന്ന ഗാനം നാമെങ്ങനെ മറക്കാൻ... 
 കമലിന്റെ ‘നമ്മൾ' എന്ന ചിത്രത്തിനുവേണ്ടി ‘കാത്തുകാത്തൊരു മഴയത്ത്... നനഞ്ഞ് കുളിരണ മാടത്ത്’ എന്ന ഗാനവും ഇവർ പാടിയിട്ടുണ്ട്. ‘വിക്രമാദിത്യനി'ലെ ‘മാനത്തെ ചന്ദനക്കീറ്', ‘കൂട്ടി'ലെ ‘മാർച്ച് മാസമായി', ‘കായംകുളം കൊച്ചുണ്ണി'യിലെ ‘നൃത്തഗീതികൾ' തുടങ്ങി എത്രയോ ഹിറ്റ്ഗാനങ്ങളും ഇവരുടേതായുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന അഭിമന്യു കേന്ദ്രകഥാപാത്രമായ ‘നാൻപെറ്റ മകൻ' എന്ന ചിത്രത്തിലെ ‘മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി' എന്ന ഗാനവും പുഷ‌്പവതിയുടെ ശബ്ദമാധുരിയിലാണ്.  പുഷ‌്പവതിയുടെ ഫോക് ശൈലിയിലുള്ള പാട്ടുകൾക്ക് ആരാധകർ ഏറെയാണ്.  പല ഗാനങ്ങളും മറ്റാരെയും ആശ്രയിക്കാതെ സ്വന്തമായി പ്രൊഡ്യൂസ് ചെയ‌്തിറക്കാനുള്ള ചങ്കൂറ്റത്തിനുപിന്നിലും ആസ്വാദകരുടെ ഈ പിന്തുണതന്നെ. 
 
 സ്‌റ്റേജ് പരിപാടികളുടെ തിരക്കുകൾക്കിടയിലും സർഗാത്മകമായ സാമൂഹ്യ ഇടപെടലുകൾക്ക്‌ സമയം ചെലവിടുന്നു എന്നതാണ് മറ്റുള്ള ഗായകരിൽനിന്ന് പുഷ്‌പവതിയെ വേറിട്ട് നിർത്തുന്നത്. നിരവധി വിദേശ സംഗീതപരിപാടികളിലും പങ്കെടുത്ത പുഷ‌്പവതി ആകാശവാണിയുടെ ബി ഗ്രേഡ് ആർടിസ്റ്റുകൂടിയാണ്. 
തൃശൂർ വേലൂർ സ്വദേശിനിയായ പുഷ‌്പവതി  പാലക്കാട് ചെമ്പൈ സംഗീത കോളേജിൽനിന്നാണ്‌ ഗാനപ്രവീണ മെഡലോടെ പാസായി.  വഴി തട്ടിയും തടഞ്ഞും നിൽക്കുന്ന എല്ലാ പ്രതിരോധങ്ങളെയും തട്ടിത്തെറിപ്പിക്കാനുള്ള ഊർജം നൽകുന്നത് മനസ്സിലുള്ള ഉറച്ച ഇടതുപക്ഷ ബോധമാണ്. ചരിത്രകൃതികളുടെ ഓർമപ്പെടുത്തലുകളിലൂടെ പ്രതിരോധത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരിക അവബോധവും ഇവർ ലക്ഷ്യമാക്കുന്നു. കൂട്ടിന് ഭർത്താവ് ഗ്രാഫിക് ഡിസൈനറായ പ്രിയരഞ്ജൻ ലാലും മകൾ അഞ്ചാംക്ലാസുകാരി ഗൗരിയുമുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും