സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി നല്‍കി ആലപ്പുഴ നഗരസഭ

വിമെന്‍ പോയിന്‍റ് ടീം

ആര്‍ത്തവകാലം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെ മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ‘തിങ്കള്‍’ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ആലപ്പുഴ നഗരസഭ.ആദ്യഘട്ടത്തില്‍ 5000 മെന്‍സ്ട്രല്‍ കപ്പുകളും രണ്ടാം ഘട്ടമായി കഴുകി ഉപയോഗിക്കാവുന്ന തുണികളും നല്‍കും. നഗരസഭയും ഹിന്ദുസ്ഥാന്‍ ലാറ്റക്സും ചേര്‍ന്ന് കോള്‍ ലിമിറ്റഡിന്‍റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രളയകാലത്ത് നഗരസഭക്കകത്തെ 47 ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നായി ഉണ്ടായ ചാക്കുകണക്കിന് സാനിറ്ററി നാപ്കിന്‍ മാലിന്യങ്ങള്‍ എന്ത് ചെയ്യും എന്നറിയാതെ നിന്ന സാഹചര്യത്തില്‍ നിന്നാണ് ഇത്തരമൊരു ആലോചനയുണ്ടായത്.

ധനമന്ത്രി തോമസ് ഐസക്ക് ആണ് പദ്ധതി ഉത്ഘാടനം ചെയ്തത്. ആദ്യ ദിവസം എണ്‍പതോളം മെനുസ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് പ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ കപ്പുകള്‍ വാങ്ങിയിരിക്കുന്നത്.

ഒരു സത്രീ വര്‍ഷം ശരാശരി 156 പാഡുകള്‍ എങ്കിലും ഉപയോഗിക്കും. നാല്‍പത് വര്‍ഷമുള്ള ആര്‍ത്തവകാലത്ത് 6240 പാഡുകള്‍ ഒരു വ്യക്തി പുറത്ത് കളയാം. നൂറ്റാണ്ടുകള്‍ കൊണ്ടേ ഈ മാലിന്യം മണ്ണില്‍ നിന്ന് പോകൂ. ഒരു മെനുസ്ട്രല്‍ കപ്പ് പക്ഷെ പത്ത് വര്‍ഷത്തോളമാണ് തുടര്‍ച്ചയായി ഉപയോഗിക്കാനാകും. 5000 സ്ത്രീകള്‍ അതുപയോഗിച്ചാല്‍ ഇല്ലാതാകുന്നത് 6 ലക്ഷത്തോളം പാഡുകളുടെ മാലിന്യകൂമ്പാരമാണ്.

ഇപ്പോള്‍ വിരലിലെണ്ണാവുന്ന കമ്പനികളാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലെ സാനിറ്ററി നാപ്കിന്‍റെ വിതരണം കൈയ്യാളുന്നത്. വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന കപ്പുകള്‍ ഭീഷണിയുയര്‍ത്തുന്നത് ഈ കച്ചവടത്തിനാണെന്നത് കൊണ്ട് തന്നെ മാര്‍ക്കറ്റില്‍ വളരേ സുലഭമായി തുടങ്ങിയിട്ടില്ല കപ്പുകള്‍. ഓണ്‍ലൈന്‍ വഴിയാണ് ഭൂരിഭാഗം പേരും വാങ്ങുന്നത്. യോനിയില്‍ കയറ്റി വെക്കുന്നതിനെ കുറിച്ചുള്ള ഭയമാണ് മെന്‍സ്ട്രല്‍ കപ്പിന്‍റെ ഉപയോഗത്തില്‍ നിന്ന് പലരേയും വിലക്കുന്നത്. 

300 മുതല്‍ 600 രൂപ വരെ വിലക്ക് ലഭ്യമാകുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ മാര്‍ക്കറ്റില്‍ ഉണ്ട്. 12 മണിക്കൂര്‍ വരെ ഉപയോഗിക്കാം. രക്തം നിറയുന്ന മുറക്ക് ഒഴിച്ചു കളയുകയും സാധാരണ വെള്ളത്തില്‍ കഴുകി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. ഒരു ആര്‍ത്തവം കാലം കഴിയുമ്പോള്‍ തിളച്ച വെള്ളത്തിലിട്ട് അണുനശീകരണം നടത്തി സൂക്ഷിച്ച് വെക്കണം. മെഡിക്കല്‍ സിലിക്കണില്‍ നിര്‍മിച്ച കപ്പുകള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. സാധാരണ ഗതിയില്‍ ഈ വസ്തു ശരീരത്തിന് യാതൊരു അസ്വസ്ഥതകളും ഉണ്ടാക്കില്ല. ഉപയോഗ ക്രമങ്ങളും ശുചിത്വരീതിയുമെല്ലാം പറഞ്ഞ് കൊടുക്കാനുള്ള കൗണ്‍സിലിങ്ങുകള്‍ ആലപ്പുഴ നഗരസഭ നടത്തി വരുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു കോള്‍സെന്‍ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്‍റെ ഫ്രണ്ട് ഓഫീസില്‍ നിന്നും നഗരസഭാ കുടുംബശ്രീ/സി.ഡി.എസ് വിഭാഗത്തില്‍ നിന്നും സ്ത്രീകള്‍ക്ക് കപ്പുകള്‍ വാങ്ങാനാകും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും