സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന

വിമെന്‍ പോയിന്‍റ് ടീം

തീര്‍ത്ഥം’ എന്നു പേരിട്ടിരുന്ന ശുദ്ധജല വിതരണ പദ്ധതിയുമായി വേനല്‍ക്കാലത്ത് കളത്തിലിറങ്ങിയത് കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു. അവശ്യ ഘട്ടങ്ങളില്‍ സഹായവുമായി ധ്രുതഗതിയില്‍ പ്രവര്‍ത്തിയാരംഭിക്കുന്ന ഈ സ്ത്രീ കൂട്ടായ്മയ്ക്ക് ഒരു പേരുമുണ്ട് – പിങ്ക് അലര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്താണ് പിങ്ക് അലര്‍ട്ട് എന്ന ആശയം കുടുംബശ്രീയ്ക്ക് ആദ്യമായി വീണുകിട്ടുന്നത്. നിനച്ചിരിക്കാതെ വന്ന വെള്ളപ്പാച്ചിലില്‍ ജീവന്‍ മാത്രം കൈയിലെടുത്ത് രക്ഷപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയപ്പോള്‍, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം അവര്‍ക്ക് സഹായമെത്തിക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളം മുന്നിട്ടിറങ്ങിയിരുന്നു. അത്യാവശ്യം വേണ്ട ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും ക്യാമ്പുകളില്‍ എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും മുന്നില്‍ത്തന്നെയുണ്ടായിരുന്നെങ്കിലും, മറ്റൊരു പ്രശ്‌നമാണ് അധികൃതരില്‍ പലര്‍ക്കും പ്രധാനമായി തോന്നിയത്. വീടുപേക്ഷിച്ചു പോരുമ്പോഴും, ക്യാമ്പിലെ ജീവിതത്തോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോഴും, ഏറ്റവുമധികം ബാധിക്കപ്പെടുക സ്ത്രീകളും കുട്ടികളും തന്നെയാണ്. സ്ത്രീകളുടെ പ്രത്യേകമായ ശാരീരികവും മാനസികവുമായ സാഹചര്യം മനസ്സിലാക്കി അവര്‍ക്കു വേണ്ട സഹായമെത്തിക്കാന്‍ ഏറ്റവും അനുയോജ്യര്‍ അതാതിടങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണെന്നതിലും തര്‍ക്കമില്ലായിരുന്നു. അങ്ങനെ പ്രളയകാലത്ത് സ്ത്രീകള്‍ക്കായി രംഗത്തിറങ്ങിയ പെണ്‍കൂട്ടായ്മയാണ് പിങ്ക് അലര്‍ട്ടിന്റെ ആദ്യ രൂപം. ക്യാമ്പുകളില്‍ കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ കാര്യക്ഷമമായ ഇടപെടലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഫലം കാണുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ, ദുരന്ത നിവാരണ രംഗത്ത് കേരളത്തിനു മുന്നില്‍ കോഴിക്കോട് വയ്ക്കുന്ന മാതൃകയായ ‘പിങ്ക് അലര്‍ട്ട്’ എന്ന പ്രോജക്ട് രൂപം കൊള്ളുകയായിരുന്നു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും, പ്രളയകാലത്ത് സജീവമായി രംഗത്തിറങ്ങിയവരെ ആദ്യം തെരഞ്ഞെടുത്തു. ഇവര്‍ക്കെല്ലാം പുതിയ ദുരന്ത നിവാരണ സേനയുടെ അംഗങ്ങളാകാന്‍ പൂര്‍ണസമ്മതമാണെന്നറിഞ്ഞതോടെ, പരിശീലനം നല്‍കാനുള്ള നീക്കങ്ങളായി പിന്നീട്. പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് തെരഞ്ഞെടുത്ത നൂറു പേര്‍ക്ക് ഇതിനോടകം പല തരത്തിലുള്ള പരിശീലനങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ട്രോമാ കെയര്‍ കോഴിക്കോട്, ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗം, അഗ്നിശമന സേന എന്നിവര്‍ ചേര്‍ന്ന് പല ഘട്ടമായി ഇവര്‍ക്കായി ശില്പശാലകളും നടത്തി. പിങ്ക് അലര്‍ട്ട് എന്ന പേരില്‍, സര്‍വസജ്ജമായ ഒരു സ്ത്രീ കൂട്ടായ്മ ഉണ്ടായിവന്നത് അങ്ങനെയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും