സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പകര്‍ച്ചവ്യാധി: പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കണം: മന്ത്രി ശൈലജ

വിമെന്‍ പോയിന്‍റ് ടീം

കാലവർഷം പുരോഗമിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തണമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പകർച്ചവ്യാധികൾമൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ ജാഗ്രത പുലർത്തണം. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്താൽ ഉടനടി ഇടപെടുകയും ശക്തമായ നടപടി  സ്വീകരിക്കുകയും ചെയ്യണമെന്ന‌് മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, ചെള്ളുപനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും ഇനി സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളും ചർച്ചചെയ്തു. സംസ്ഥാന സർക്കാരും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ഗവേഷണപഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം തയ്യാറാക്കിയ പൂച്ചെട്ടി, കിച്ചൺ ബിൻ, വല, പശ ചേർത്ത ഷീറ്റ് എന്നിവ ഉപയോഗിച്ച‌് തയ്യാറാക്കിയ ഗ്രാവിഡ് അഡൾട്ട് മോസ്‌കിറ്റോ ട്രാപ്പ് വേദിയിൽ അവതരിപ്പിച്ചു. വൈക്കോലിൽനിന്നുണ്ടാക്കുന്ന സൊല്യൂഷൻ ഉപയോഗിച്ചാണ് കൊതുകിനെ ആകർഷിക്കുന്നത്. 200 കൊതുകിനെവരെ ഒരേസമയം പിടിക്കാനാകും. കൊതുക‌് ധാരാളമുള്ള സ്ഥലങ്ങളിൽ ഇതുപയോഗിക്കാം. ഉപയോഗിച്ച സ്ഥലങ്ങളിൽനിന്ന‌് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്.

എലിപ്പനി ചെറുക്കാൻ പ്രളയകാലത്ത് സ്വീകരിച്ച അതേ ജാഗ്രത സ്വീകരിക്കണമെന്നും നിർദേശിച്ചു. എച്ച്1 എൻ1 രോഗത്തിനും ശക്തമായി ഇടപെടണം. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻഎച്ച്എം ഡയറക്ടർ കേശവേന്ദ്ര കുമാർ, ആരോഗ്യ ഡയറക്ടർ ഡോ. ആർ എൽ സരിത, കെഎംഎസ്‌സിഎൽ എംഡി ഡോ. ദിലീപ്, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ നടപടികൾ വിശദീകരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും