സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹോസ്റ്റലില്‍ താമസിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് മൌലികാവകാശ ലംഘനം; വ്യവസ്ഥകള്‍ റദ്ദാക്കി ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം

ഹോസ്റ്റലില്‍ താമസിയ്ക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും സിനിമയ്ക്ക് പോകരുതെന്നും വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥകള്‍ മൌലികാവകാശങ്ങളുടെ ലംഘനമാണെന്നും ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ എല്ലാം പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ മുഹമ്മദ്‌ മുഷ്ത്താഖിന്റെ ഉത്തരവ്. തൃശൂര്‍ കേരളവര്‍മ്മ കോളേജ് ഹോസ്റ്റലിലെ താമസക്കാരായ അഞ്ജിത കെ ജോസ്, റിന്‍സ തസ്‌നി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഹോസ്‌റ്റലിൽ താമസിക്കുന്നവർ രാഷ്‌ട്രീയ പ്രവർത്തനങ്ങളിലോ പ്രകടനങ്ങളിലോ യോഗങ്ങളിലോ പങ്കെടുക്കരുത്‌, വാർഡൻ അനുവദിക്കുന്ന ദിവസം മാത്രമേ സിനിമയ്‌ക്ക്‌ പോകാവൂ, ഫസ്‌റ്റ്‌ഷോയ്‌ക്കേ പോകാവൂ, സെക്കൻഡ്‌ ഷോയ്‌ക്ക്‌ പോകാൻ പാടില്ല, തുടങ്ങിയ വ്യവസ്ഥകളാണ് വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചെയ്തത് .

ഹോസ്റ്റലിലെ അച്ചടക്കം പുലർത്തുന്ന കാര്യത്തിൽ പരമാധികാരി മാനേജ്‌മെന്റാണ്‌. പ്രത്യേകരീതിയിൽ തീരുമാനം എടുക്കണമെന്ന്‌ മാനേജ്‌മെന്റിനെ നിർബന്ധിക്കാൻ വിദ്യാർഥികൾക്ക്‌ അവകാശവുമില്ല. എന്നാല്‍ നൽകിയിരിക്കുന്ന അവകാശം എന്തു ലക്ഷ്യത്തിനാണോ നല്‍കിയിരിക്കുന്നത് എന്നതിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ മാനേജ്‌മെന്റുകൾക്ക്‌ നടപടികൾ സ്വീകരിക്കാനാകൂ. 

രാഷ്‌ട്രീയ പരിപാടിയില്‍ പങ്കെടുക്കാൻ പാടില്ല എന്ന നിലപാടിന്‌ അച്ചടക്കം നടപ്പാക്കുന്നതുമായി ബന്ധമില്ല. ഇന്ത്യയിലെ ഏത്‌ പൗരനും അയാളുടെ രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌ പുലർത്താനും ആശയങ്ങൾ പ്രകടിപ്പിക്കാനും  മൗലികാവകാശമുണ്ട്‌. രാഷ്‌ട്രീയ പ്രവർത്തനത്തിനുള്ള വിലക്ക്‌ മൗലികാവകാശ ലംഘനമാണ്‌. അതുകൊണ്ട്‌ ആ വ്യവസ്ഥ റദ്ദാക്കുകയാണ്‌._ കോടതി വിധിയില്‍ പറഞ്ഞു.

സിനിമ കാണണോ വേണ്ടയോ എന്നതൊക്കെ  ഒരാളുടെ വ്യക്തിപരമായ ധാർമികതയനുസരിച്ചുള്ള തീരുമാനമാണ്‌. ഫസ്‌റ്റ്‌ഷോയ്‌ക്ക്‌ പോകണമോ, സെക്കൻഡ്‌ ഷോയ്‌ക്ക്‌ പോകണമോ എന്നുള്ളതൊക്കെ വിദ്യാർഥിനികൾക്ക്‌ തീരുമാനിക്കാം. അത്‌ ഹോസ്‌റ്റലിന്‌ പുറത്തുള്ള പ്രവർത്തനമാണ്‌. ഇതിൽ മറ്റുള്ളവർക്ക്‌ ഇടപടാനാകില്ല. .ആൺകുട്ടിയ്‌ക്ക്‌ പെൺകുട്ടിക്കുള്ള അവകാശങ്ങൾ എല്ലാമുണ്ട്‌. ഇത്തരത്തിലൊരു വിലക്ക്‌ ആൺകുട്ടികളുടെ ഹോസ്‌റ്റലിലില്ല. 

കുട്ടികൾക്ക്‌ ഹോസ്‌റ്റലിൽ തിരിച്ചുകയറാനുള്ള സമയംകോളേജ്‌ അധികൃതർക്ക്‌ തീരുമാനിക്കാം. പക്ഷേ അതും വിവേകപൂർവമായിരിക്കണം. അച്ചടക്കം നിലനിർത്താൻ ഉദ്ദേശിച്ചുള്ളത്‌ മാത്രമായിരിക്കണം. ..

ഹോസ്‌റ്റലിൽ പ്രവേശനം നേടുന്ന രക്ഷിതാക്കളും വിദ്യാർഥികളും ഒപ്പിട്ട വ്യവസ്‌ഥകളാണ്‌ ഇതൊക്കെ എന്ന്‌ മാനേജ്‌മെന്റ്‌ വാദിച്ചു. പ്രായപൂർത്തിയായ വിദ്യാർഥിയുടെ അവകാശങ്ങളെ രക്ഷിതാവിന്‌ നിഷേധിയ്ക്കാനാകില്ല. അതുകൊണ്ട്‌ രക്ഷിതാവിന്റെ സമ്മതത്തിന്‌ പ്രസക്തിയില്ല എന്നു മാത്രമല്ല,മൗലികാവകാശത്തിന്‌ വിരുദ്ധമാകുന്ന വ്യവസ്‌ഥകൾ ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഏർപ്പെടുത്താനുമാകില്ല- കോടതി ചൂണ്ടിക്കാട്ടി. ഹോസ്‌റ്റലിൽ പ്രവേശിക്കുന്ന സമയം ആറരയായി നിശ്‌ചയിച്ചിരിക്കുന്നത്‌ ഒട്ടേറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇക്കാര്യം പ്രിൻസിപ്പാൾ പരിഗണിച്ച്‌ യാഥാർഥ്യബോധത്തോടെ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

കോളേജിലെ പ്രവൃത്തിസമയത്ത്‌  വാര്‍ഡന്‍റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ കുട്ടികൾ ഹോസ്‌റ്റലിൽ തങ്ങാൻ പാടില്ല എന്ന വ്യവസ്ഥ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അത് കോടതി അംഗീകരിച്ചില്ല.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കേരളവര്‍മ്മ കോളേജ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും