സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘ഞങ്ങൾ ഇറച്ചിവെട്ടുകാരല്ല. കർഷകരാണ‌്. അല്ലെങ്കിൽ പിന്നെ ഇതെന്താണ‌്?-റെയ‌്സ ചോദിക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

ഭോപാലിൽനിന്ന‌് 271 കിലോമീറ്റർ തെക്കുള്ള ഖാണ്ഡ‌്‌വയിൽനിന്ന‌് 20 കിലോമീറ്ററോളം ദുർഘടപാതയിലൂടെ സഞ്ചരിക്കണം ഖർക്കലി ഗ്രാമത്തിലെത്താൻ. നാൽപ്പതോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ചെറുഗ്രാമത്തിലെ കർഷനായിരുന്നു അസംഖാൻ. സ്വന്തമായുള്ള കുറച്ച‌് ഭൂമിയിൽ ഗോതമ്പും സോയാബീനും കടലയും കൃഷി ചെയ‌്ത‌് ഭാര്യയും അഞ്ച‌് കുട്ടികളുമടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്ന അയാൾ ഒരുമാസമായി ജയിലിലാണ‌്. ഇപ്പോൾ ഒരുനേരത്തെ ആഹാരത്തിനുപോലും വകയില്ലാതായ കുടുംബത്തിനറിയില്ല എന്തുതെറ്റാണ‌് ആ മനുഷ്യൻ ചെയ‌്തതെന്ന‌്. ‘എന്റെ ഭർത്താവിനെ പിടിച്ചു കൊണ്ടുപോയത‌് എന്തിന‌ാണ‌്. പറയൂ ഞങ്ങളെന്ത‌് തെറ്റുചെയ‌്തു’–- കണ്ണീരുണങ്ങാത്ത മുഖവുമായി രോഷം തിളയ‌്ക്കുന്ന വാക്കുകളിൽ റെയ‌്സ‌ ചോദിക്കുന്നത‌് മധ്യപ്രദേശിലെ കോൺഗ്രസ‌് സർക്കാരിനോടാണ‌്.

ബിജെപിയുടെ തീവ്രഹിന്ദുത്വ നയങ്ങളുടെ പ്രധാന ആയുധമായ പശുരാഷ‌്ട്രീയം നിർലജ്ജം പ്രയോഗിക്കുന്ന കോൺഗ്രസ‌് ഭരണത്തിന്റെ ഇരകളാണ‌് അസംഖാനും കുടുംബവും. അധികാരമേറ്റ‌് രണ്ടുമാസത്തിനിടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ‌് സർക്കാർ ഗോഹത്യ ആരോപിച്ച‌് ജയിലടച്ചത‌് അഞ്ചുപേരെ. അതിഭീകര കുറ്റങ്ങൾക്ക‌ുള്ള ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട അസംഖാനടക്കമുള്ളവർ പിന്നെ പുറംലോകം കണ്ടിട്ടില്ല.

ഫെബ്രുവരി നാലിന‌് കൃഷിയിടത്തിൽ വെള്ളം തിരിച്ചുവിട്ടശേഷം വീട്ടിലെത്തി ചായ കുടിക്കുകയായിരുന്ന അസംഖാനെ നാല‌് പൊലീസുകാരെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വനത്തിൽനിന്ന‌് പശുവിന്റെ അവശിഷ്ടം കിട്ടിയിട്ടുണ്ടെന്നും ചോദ്യംചെയ്യാൻ കൊണ്ടുപോകുകയാണെന്നും പൊലീസുകാർ പറഞ്ഞു. തങ്ങൾ രാത്രി ഒമ്പത‌ിന‌ുതന്നെ ഉറങ്ങുന്നവരാണെന്നും ആരെങ്കിലും കാട്ടിൽ എന്തെങ്കിലും കൊണ്ടിട്ടതിന‌് തങ്ങളെ ഉപദ്രവിക്കരുതെന്നും അസംഖാൻ അപേക്ഷിച്ചെങ്കിലും പൊലീസ‌് വിട്ടില്ല. വീട്ടുകാരെയും അറസ‌്റ്റ‌ുചെയ്യുമെന്നും വീട‌് ഇടിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തി. ഖാണ്ഡ‌്‌വ ജയിലിലാണ‌് ആദ്യം പാർപ്പിച്ചത‌്. പിന്നീട‌് റേവാ സെൻട്രൽ ജയിലിലേക്ക‌ു മാറ്റി. രണ്ടിടത്തും ഭർത്താവിനെ കാണാൻ മക്കൾക്കൊപ്പം റെയ‌്സ പോയെങ്കിലും പൊലീസുകാർ അനുവദിച്ചില്ല.

കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിക്കഴിയുന്ന കർഷകനായിരുന്നു അസംഖാനെന്നും ആരുമായും ചെറിയ വഴക്കുപോലും ഉണ്ടായിട്ടില്ലെന്നും ഗ്രാമീണർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, പൊലീസിന്റെ വിശദീകരണം അനുസരിച്ച‌് അസംഖാൻ ‘ഇറച്ചിവെട്ടുകാര’നാണ‌്. ഖാണ്ഡ‌്‌വയിലെ പർദേശിപുരയിലുള്ള നദീം, ഷക്കീൽ എന്നിവരോടൊപ്പം ഗ്രാമത്തിന‌ു പിന്നിലെ വനത്തിൽ പശുവിനെ കശാപ്പ‌് ചെയ‌്തെന്നാണ‌് കേസ‌്. എന്നാൽ, തനിക്കോ ഭർത്താവിനോ ഈ സംഭവത്തെക്കുറിച്ച‌് ഒന്നുമറിയില്ലെന്ന‌് റെയ‌്സ പറഞ്ഞു. ‘ഞങ്ങൾ ഇറച്ചിവെട്ടുകാരല്ല. കർഷകരാണ‌്. അല്ലെങ്കിൽ പിന്നെ ഇതെന്താണ‌്?’–-കർഷകരാണെന്ന‌് സാക്ഷ്യപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ‌് ഉയർത്തിക്കാട്ടി റെയ‌്സ ചോദിക്കുന്നു.

ഒരുമാസം കഴിഞ്ഞിട്ടും അസമിനെ പുറത്തിറക്കാൻ ഒന്നുംചെയ്യാനാകാത്ത നിസഹായതയിലാണ‌് കുടുംബം. അഭിഭാഷകനെ കാണാനോ കേസ‌് ഏൽപ്പിക്കാനോ കഴിയാത്തവിധം ദാരിദ്ര്യത്തിലാണ‌്. പതിനഞ്ചുകാരനായ ഇർഫാൻ നഗരത്തിലെ റെഡിമെയ‌്ഡ‌് കടയിൽ ജോലിചെയ‌്ത‌് ലഭിക്കുന്ന തുച്ഛമായ തുക ഭക്ഷണത്തിന‌ുപോലും തികയുന്നില്ല.

ബിജെപി ഭരിച്ചിരുന്നപ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെ സ്വീകരിച്ചിരുന്ന വൈരാഗ്യനടപടികൾ കോൺഗ്രസ‌് സർക്കാർ വന്നശേഷം കൂടുതൽ ശക്തമായി തുടരുകയാണെന്ന‌് സാക്ഷ്യപ്പെടുത്തുകയാണ‌് ഖർക്കലി ഗ്രാമവാസികൾ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും