സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മിനി വാസുദേവന് നാരീശക്തി പുരസ്കാരം

വിമെന്‍ പോയിന്‍റ് ടീം

രാജ്യം സ്ത്രീകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരത്തിനർഹയായ മിനി വാസുദേവൻ എന്ന മലയാളി സ്ത്രീ പങ്കുവെക്കുന്ന അനുഭവകഥകൾ കേട്ടാൽ ഈ  ബഹുമതിയ്ക്ക് ഇവരോളം അർഹ മറ്റാരുമില്ലെന്ന് ആരും  സമ്മതിച്ചുപോകും.

പഠനവും ടെലി കമ്മ്യൂണിക്കേഷൻ മേഖലയിൽ ജോലിയുമായി നിരവധി വർഷങ്ങൾ അമേരിക്കയിൽ കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് വരാനുള്ള ആഗ്രഹത്താൽ 2004 ലാണ് മിനിയും ഭർത്താവ് മധു ഗണേഷും കോയമ്പത്തൂരിലെത്തി അവിടെ താമസമാരംഭിക്കുന്നത്. ഒരു ‘പെറ്റിനെ’ വേണമെന്നും അതിനെ സ്നേഹത്തോടെ പരിപാലിക്കണമെന്നും ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്ന മിനിയ്ക്ക് ചെറുപ്പം മുതൽ തന്നെ മൃഗങ്ങളോട് കരുണയും സഹാനുഭൂതിയും ഉണ്ടായിരുന്നു. “മനുഷ്യർക്ക് സ്വന്തം പ്രശ്നങ്ങളെ കുറെയൊക്കെ സ്വയം പരിഹരിക്കാനാകും. എന്നാൽ ലോകത്തെല്ലായിടത്തും മുറിവേറ്റ മൃഗങ്ങളിൽ നിസ്സഹായത മാത്രമാണ് ഞാൻ കണ്ടത്.” മിനി പറയുന്നു. ആ നിസ്സഹായത വല്ലാതെ അലട്ടിയപ്പോഴാണ് മൃഗങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നലുണ്ടാകുന്നതെന്നും മിനി കൂട്ടിച്ചേര്‍ത്തു. ഒറ്റയ്ക്ക് പ്രവർത്തിക്കുന്നതിനേക്കാൾ കുറച്ച് കൂടി കാര്യക്ഷമമായേക്കും എന്ന് കരുതിയാണ് മൃഗങ്ങൾക്കായി ഒരു സംഘടന തുടങ്ങണമെന്ന് മിനി ആലോചിക്കുന്നത്.

അങ്ങനെ 2006 ൽ മൃഗങ്ങൾക്കായി ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി എന്ന ഒരു സംഘടനാ രൂപീകരിച്ചു. മുറിവേറ്റ മൃഗങ്ങളെ പരിചരിക്കുക, കോയമ്പത്തൂർ കോർപ്പറേഷനുമായി സഹകരിച്ച് തെരുവുനായ്ക്കളുടെ ജനനനിയന്ത്രണം, പുനരധിവാസം മുതലായ കാര്യങ്ങളൊക്കെ നോക്കി നടത്തുക എന്നിവയൊക്കെയായിരുന്നു ഈ സംഘടനയുടെ ആദ്യ ഘട്ടത്തിലെ ലക്ഷ്യങ്ങൾ. എന്നിട്ടും എന്തോ കുറവ്, വീണ്ടും അതെ നിസ്സഹായാവസ്ഥ അലട്ടിത്തുടങ്ങിയപ്പോഴാണ് സംഘടനയുടെ മുഴുവൻ സമയ പ്രവർത്തനങ്ങൾക്കായി അവർ ജോലി ഉപേക്ഷിക്കുന്നത്. കുറച്ച് സ്ഥലം വാങ്ങി മൃഗങ്ങളെ സംരക്ഷിക്കാൻ ഇടങ്ങളൊരുക്കി, അവരെ പരിചരിക്കാൻ കഴിവും ആത്മാർത്ഥതയും മൃഗങ്ങളോട് കനിവുമുള്ള ജോലിക്കാരെ നിർത്തി, മൃഗങ്ങൾക്ക് നല്ല ഭക്ഷണം നൽകി, അവരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഉപാധികളില്ലാതെ സ്നേഹിച്ചു, അതിനുവേണ്ടി ജീവിതത്തിന്റെ ഒരു നല്ല പാതി മുഴുവൻ വിദേശത്ത് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമൊക്കെ വിനിയോഗിച്ചു, ഈ നായയെ ഞാൻ വീട്ടിൽ കൊണ്ട് പൊയ്ക്കോട്ടേ ഞാൻ നോക്കിക്കോളാം എന്ന് ആരെങ്കിലും കനിവോടെ ചോദിക്കുമ്പോൾ അവർക്ക് മൃഗങ്ങളെ ദത്ത് നൽകി.ഇങ്ങനെ ആളുകളെ സ്വാധീനിച്ചതിനും ആളുകൾക്ക് ഒരു നല്ല മാതൃക കാട്ടിക്കൊടുത്തതിനും  തന്നെയാണ്  മിനിയെത്തേടി ഈ വലിയ ബഹുമതി എത്തുന്നത്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് ഡൽഹിയിലെത്തി രാഷ്ട്രപതിയിൽ നിന്ന് നിന്ന്  രാജ്യം നൽകുന്ന ഈ പുരസ്‌കാരം എറ്റു വാങ്ങും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും