സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അവകാശപ്പോരാട്ട നായിക കുമ്പ

വിമെന്‍ പോയിന്‍റ് ടീം

കടിഞ്ഞിമൂലക്കാര്‍ക്കും, വീവേഴ്‌സ് കോളനിയിലെ താമസക്കാര്‍ക്കും ആമുഖമാവശ്യമില്ലാത്ത പേരായിരുന്നു കുമ്പയുടേത്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞുപോന്നിരുന്ന നീലേശ്വരത്തെ പല നെയ്ത്തു തൊഴിലാളികളും ഇന്ന് സ്വസ്ഥമായി ജീവിക്കുന്നതിനു കാരണം കുമ്പയാണ്. നെയ്ത്തു സൊസൈറ്റിയോടും അധികൃതരോടും പടവെട്ടി അര്‍ഹമായ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുത്ത കുമ്പയുടെ സമരകഥയക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. വീവേഴ്‌സ് കോളനിയിലെ ആദ്യ താമസക്കാരിലൊരാളായ കുമ്പ പ്രദേശത്തെ ആദ്യകാല നെയ്ത്തു തൊഴിലാളി കൂടിയായിരുന്നു. നീലേശ്വരം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നെയ്ത്തു തൊഴിലാളിയായിരുന്ന കുമ്പയുടെ ഭര്‍ത്താവ് കുഞ്ഞമ്പു 1994-ലാണ് മരിക്കുന്നത്. 33 വര്‍ഷത്തെ സര്‍വീസുള്ള നെയ്ത്തുകാരനായിട്ടുകൂടി, കുഞ്ഞമ്പുവിന് അര്‍ഹതപ്പെട്ട ഗ്രാറ്റ്വിവിറ്റി തുക കൃത്യമായി സൊസൈറ്റിയില്‍ നിന്നും ലഭിച്ചില്ല. ഇരുപത്തിയയ്യായിരത്തോളം രൂപ നിയമപ്രകാരം കിട്ടാനുണ്ടായിട്ടും, 6,426 രൂപ മാത്രമാണ് 1994ല്‍ കുഞ്ഞമ്പുവിന്റേതായി കുമ്പയ്ക്കു ലഭിച്ചത്.

സര്‍വീസനുസരിച്ച് ഇങ്ങനെയുള്ള ചെറിയ തുകകളാണ് പിരിയുമ്പോള്‍ അക്കാലത്ത് ലഭിച്ചിരുന്നത്. 33 വര്‍ഷത്തെ സര്‍വീസുള്ള കുഞ്ഞമ്പുവിന് ലഭിച്ചത് ആറായിരത്തി ചില്ല്വാനം രൂപയാണെങ്കില്‍, അതില്‍ കുറവു സര്‍വീസുള്ളവര്‍ക്ക് കൂടുതല്‍ തുച്ഛമായ തുകകളാണ് ലഭിച്ചത്. ഇതിലെ ക്രമക്കേടുകള്‍ക്കെതിരെ കുമ്പ അന്ന് കാഞ്ഞങ്ങാട് ലേബര്‍ കോടതിയില്‍ പരാതി കൊടുത്തിരുന്നു. ലഭിക്കേണ്ട തുക പലിശയടക്കം കൊടുക്കണമെന്ന് കുമ്പയ്ക്ക് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നുമുണ്ടായത്. അതിനു ശേഷം നെയ്ത്തു സൊസൈറ്റി കണ്ണൂര്‍ ലേബര്‍ കോടതിയെ സമീപിക്കുകയും അവിടെ നിന്നും കുമ്പയ്ക്ക് അനുകൂലമായിത്തന്നെ വിധി വന്നു. തുടര്‍ന്ന് കോഴിക്കോട് കോടതിയിലും ഹൈക്കോടതിയിലും അപ്പീലുമായി നെയ്ത്തു സൊസൈറ്റി പോയെങ്കിലും ഫലമുണ്ടായില്ല. എല്ലാ വിധികളും കുമ്പയ്ക്ക് പലിശയടക്കം തുക കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്നതായിരുന്നു.

റിവ്യൂ പെറ്റീഷനടക്കം തള്ളിപ്പോയതോടെ, കുമ്പയ്ക്ക് അര്‍ഹമായ ഗ്രാറ്റ്വിവിറ്റി തുക ലഭിക്കുക തന്നെ ചെയ്തു. കുമ്പ അന്നു നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് നീലേശ്വരം നെയ്ത്തു സൊസൈറ്റിയില്‍ ഇന്ന് എല്ലാ തൊഴിലാളികള്‍ക്കും അര്‍ഹമായ തുക കൃത്യമായിത്തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. 1994 മുതല്‍ ആരംഭിച്ച നിയമയുദ്ധം 2000 വരെ കുമ്പ ഒറ്റയ്ക്ക് നടത്തിപ്പോന്നിരുന്നു. ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെ പോകേണ്ടിവന്നാലും, എത്രയധികം യാതനകള്‍ സഹിക്കേണ്ടി വന്നാലും നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കണമെന്ന് തങ്ങള്‍ക്ക് പഠിപ്പിച്ചു തന്നത് നിരക്ഷരയായ അമ്മയായിരുന്നുവെന്ന് കുമ്പയുടെ മക്കള്‍ ഓര്‍ക്കുന്നു. അമ്മ തെളിച്ച വഴിയിലൂടെ നടക്കുന്ന തങ്ങളെ ഊരുവിലക്കി തകര്‍ത്തുകളയാമെന്ന ചിന്ത വിലപ്പോകില്ലെന്ന് രമേശനും സതീശനും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്.

കുമ്പയും ഇളയ മകനായ പ്രകാശനും കുടുംബവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പൊലീസുദ്യോഗസ്ഥരും അധ്യാപകരും ഉന്നത സര്‍ക്കാര്‍ ജോലിയുള്ളവരുമൊക്കെയാണ് കുമ്പയുടെ മക്കളെല്ലാം. നിരക്ഷരരായ മാതാപിതാക്കള്‍ കഷ്ടപ്പെട്ടാണ് തങ്ങളെ പഠിപ്പിച്ചു വളര്‍ത്തിയതെന്നും, അതോടൊപ്പം തങ്ങള്‍ക്ക് അവര്‍ പകര്‍ന്നു തന്നിട്ടുള്ള അവകാശ ബോധമാണ് തങ്ങള്‍ വിനിയോഗിക്കുന്നതെന്നുമാണ് കുമ്പയുടെ മക്കളുടെ പക്ഷം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും