സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രിയങ്കരിയായ ചവറ പാറുക്കുട്ടിച്ചേച്ചിക്ക് ആദരാഞ്ജലി

ആർ പാർവതി ദേവി

ഇരുപതാം നൂറ്റാണ്ടു അവസാനിച്ച്‌  21 ആം നൂറ്റാണ്ടു തുടങ്ങുന്ന 2000 ൽ ദേശാഭിമാനി യുഗസംക്രമം എന്ന  പേരിൽ ഒരു പരമ്പര ആരംഭിച്ചു. ചരിത്ര വനിതകളെ പരിചയപ്പെടുത്തുന്ന ഈ  പംക്തി ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പാറുകുട്ടിച്ചേച്ചിയെ കാണാൻ പോയത് . ചവറയിലെ ഒരു കൊച്ചു വീട്ടിൽ മുഖം നിറയെ ചിരിയുമായി ഞങ്ങൾക്ക് വേണ്ടി ചേച്ചി കാത്തു നിന്നിരുന്നു.  ദേശാഭിമാനിയിലെ ആർട്ടിസ്റ്റായിരുന്ന ചവറസ്വദേശി ഷാനവാസും ഒപ്പം ഉണ്ടായിരുന്നു.  മണിക്കൂറുകൾ അന്ന് ചേച്ചിയുമായി സംസാരിച്ചു. ആത്മവിശ്വാസമുള്ള, കരുത്തുറ്റ ഒരു കലാകാരി ... കഥകളി മാത്രം ആണ് ചേച്ചിയുടെ ജീവിതം . പിന്നെ പൊന്നുമകൾ ധന്യയും. ജീവിതം ചേച്ചിക്ക് ഒരിക്കലും, ഒരുപക്ഷെ, അവസാന നിമിഷം വരെയും റോസാപ്പൂ മെത്തയായിരുന്നില്ല. പോരാടി തന്നെ ആണ് ചേച്ചി പിടിച്ചു നിന്നത് . നാലര അടി പൊക്കം മാത്രമുള്ള ആശാരി സമുദായത്തിൽ ജനിച്ച ഒരു സ്ത്രീക്ക് കഥകളിയുടെ മേഖലയിൽ ഇടം നേടിയെടുക്കാൻ അസാമാന്യമായ നിശ്ചയദാർഢ്യവും അനുപമമായ  സമർപ്പണബോധവും ഉണ്ടാകണം. ചേച്ചിക്ക് അതുണ്ടായിരുന്നു. കേരളത്തിൽ 50 വർഷം  പൂർണമായി  കഥകളി കൊണ്ട് ഉപജീവനം നടത്തിയ ഏക സ്ത്രീ ആണ് ചവറ പാറുക്കുട്ടി . ധാരാളം സ്ത്രീകൾ ഇപ്പോൾ കഥകളി രംഗത്തുണ്ടെങ്കിലും കഥകളി  ജീവിതം ആക്കി മാറ്റിയവർ മറ്റാരും ഉണ്ടാവില്ല. എങ്കിലും ഈ കലാകാരിയെ കേരളം വേണ്ടത്ര മനസിലാക്കിയിട്ടുണ്ടോയെന്ന് സംശയമാണ്. 2005 ൽ കൈരളി ടീവി യിൽ ജോലിചെയ്യുമ്പോൾ "കളിയമ്മ " എന്ന പേരിൽ പാറുക്കുട്ടി ചേച്ചിയെ കുറിച്ച് ഒരു ഡോകുമെന്ററിയും ചെയ്യാൻ കഴിഞ്ഞു. പൂർണമായി ചേച്ചി അതുമായി സഹകരിച്ചു. വ്യത്യസ്ത വേഷങ്ങൾ കെട്ടി ഞങ്ങളുടെ ക്യാമറക്ക് മുന്നിൽ ചേച്ചി നിന്ന് തന്നു. 2000 ൽ ഞങ്ങൾ തമ്മിൽ  തുടങ്ങിയ സൗഹൃദം  കളിയമ്മയോടെ കൂടുതൽ ദൃഢമായി . പിന്നീട് ചേച്ചിയെ തേടി സാഹിത്യ അക്കാദമിയുടെയുംമറ്റും അംഗീകാരങ്ങൾ എത്തി. വല്ലപ്പോഴും ചേച്ചിയെ  കാണാൻ ഞാൻ ചവറയിൽ പോകാറുണ്ട്.  വലിയ സ്വപ്നം കണ്ടു കൊണ്ട് ചില നൃത്ത , കലാ സ്ഥാപനങ്ങൾ ചേച്ചി തുടങ്ങിയപ്പോഴും ഞാൻ പോയിരുന്നു. പക്ഷെ അതൊന്നും ചേച്ചി ആഗ്രഹിച്ച പോലെ വളർന്നില്ല. സ്വകാര്യ ജീവിത ദുഃഖങ്ങൾ പിന്നെയും ചേച്ചിയെ പിന്തുടർന്നു . പല കാരണങ്ങളാൽ കഴിഞ്ഞ കുറച്ചു കാലമായി ചേച്ചിയെ പോയി കാണാൻ കഴിഞ്ഞില്ല എന്നത് ഇപ്പോൾ വല്ലാതെ വേദനിപ്പിക്കുന്നു.  ചേച്ചിയുടെ ജീവചരിത്രം എഴുതണമെന്ന ആഗ്രഹം ചേച്ചിയുമായി പങ്കു വെച്ചിരുന്നു. വലിയ ഉത്സാഹത്തോടെ "നമുക്ക് എഴുതാം " എന്ന് ചേച്ചി പറഞ്ഞിരുന്നു. പക്ഷെ, വൈകിപ്പോയി.  ചേച്ചിയുടെ ഓർമ്മക്ക് മുന്നിൽ കണ്ണീർ പ്രണാമം ...


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും