സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശൈശവ വിവാഹവും അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം

വിമെന്‍ പോയിന്‍റ് ടീം

അട്ടപ്പാടിയില്‍ 22.91 ശതമാനം പെണ്‍കുട്ടികള്‍ ഇപ്പോഴും ശൈശവ വിവാഹം ചെയ്യപ്പെടുന്നുവെന്ന് പഠനം. ഇതില്‍ 6.25 ശതമാനം പെണ്‍കുട്ടികളും 17 വയസിനുള്ളില്‍ ഗര്‍ഭിണികളാകുന്നു. 27 ശതമാനം സ്ത്രീകള്‍ 18 വയസിനും 25 വയസിനുമിടയില്‍ ഗര്‍ഭം ധരിക്കുന്നു. കേരള മഹിളാ സമഖ്യയാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച് സാമ്പത്തിക സര്‍വേ നടത്തിയത്.

തിരഞ്ഞെടുത്ത 48 അമ്മമാരിലും 54 ശിശുമരണത്തിലുമാണ് സര്‍വേ നടത്തിയത്. പുതൂര്‍, അഗളി, ഷോളയാര്‍ എന്നീ മേഖലകളില്‍ നിന്നാണ് സര്‍വേ നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസമുള്ള പുതൂര്‍ മേഖലയില്‍ ആവശ്യത്തിനുള്ള യാത്രാ സൗകര്യമോ ആശുപത്രി സൗകര്യമോ ഇപ്പോഴും ലഭ്യമാക്കിയിട്ടില്ല എന്ന് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് മഹിളാ സമഖ്യാ സംസ്ഥാന മേധാവി പി.യു ഉഷ പറഞ്ഞു.

സാക്ഷരതാ നിരക്ക്, ശൈശവ വിവാഹം, ഗര്‍ഭിണിയാകുന്ന വയസ്, മരണ കാരണങ്ങള്‍, എന്നിവയാണ് പ്രധാനമായും സര്‍വ്വേ നടത്താനുള്ള സൂചകങ്ങളായി ഉപയോഗിച്ചിരുന്നത്. ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍ എന്നീ ആദിവാസി വിഭാഗങ്ങളാണ് ഈ ഭാഗങ്ങളില്‍ കൂടുതലും താമസിക്കുന്നത്. ഇതില്‍ ഇരുളര്‍ വിഭാഗത്തില്‍ കുഞ്ഞുങ്ങളെ നഷ്ടമായ 38 അമ്മമാരാണ് ഉള്ളത്.

സാക്ഷരതാ നിരക്ക് താരതമ്യേന ഉയര്‍ന്നതാണെങ്കിലും പക്ഷേ മറ്റൊരാളുമായി സംവദിക്കാനുള്ള കഴിവ് പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ അവര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന് മഹിളാ സമഖ്യ റിപ്പോര്‍ട്ട് പറയുന്നു. ആദിവാസി ഗോത്രഭാഷയും പൊതുസമൂഹം സംസാരിക്കുന്ന മലയാള ഭാഷയും തമ്മിലുള്ള അന്തരമാണ് ഇതിനൊരു കാരണമായി സര്‍വ്വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. 

മൊബൈല്‍, ഇന്‍ര്‍നെറ്റ് സംവിധാനങ്ങള്‍ ലഭ്യമാകാത്തതും അത് മനസിലാക്കാനുള്ള ശേഷിക്കുറവും ഇവരുടെ ഉപരിപഠന സാധ്യത ബാധിക്കുന്നുണ്ടെന്ന് മഹിളാ സമഖ്യ വിശദമാക്കി.

കൂടാതെ പലപ്പോഴും ആദ്യ മൂന്ന് മാസത്തിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന് ഇവര്‍ മനസിലാക്കുന്നതെന്നും അട്ടപ്പാടി മഹിളാ സമഖ്യ സേവിനിയായ മാലതി സര്‍വേ അവതരിപ്പിക്കുന്നതിനിടയില്‍ പറഞ്ഞു. നിര്‍ബന്ധിച്ചാല്‍ മാത്രമേ അവര്‍ കൃത്യസമയത്ത് ഇഞ്ചെക്ഷന്‍ പോലുള്ള എടുക്കാറുള്ളൂവെന്നും സ്വയം ആരോഗ്യ കാര്യങ്ങളില്‍ ഇവര്‍ ശ്രദ്ധ നല്‍കാറില്ലെന്നുമാണ് അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സേവിനിമാര്‍ പങ്കുവെച്ച വിവരങ്ങള്‍. സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം സ്ത്രീകളുടെയും ആദ്യത്തെ കുട്ടി മരണപ്പെട്ടിരുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. 

ശിശുക്കള്‍ മരിച്ച അമ്മമാരില്‍ 22 ശതമാനം പേരുടെയും അമ്മ വഴിയുള്ള ബന്ധുക്കള്‍ക്കും കുഞ്ഞുങ്ങളെ നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായുള്ള ശിശുമരണത്തിലേക്ക് ഇത് സംശയമുണര്‍ത്തുന്നുണ്ട്. ആദിവാസി സമൂഹത്തിന്റെ നിലനില്‍പിന് തന്നെ ബാധിക്കുന്ന ഒരു സൂചനയായി അത് പരിഗണിക്കാവുന്നതാണ്. പോഷകാഹാരക്കുറവ് മൂലം വിളര്‍ച്ചയുള്ള കുട്ടികള്‍ ഗര്‍ഭിണികളാകുമ്പോള്‍ കുടുംബക്കാര്‍ തന്നെ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. രണ്ടാമത് ഗര്‍ഭം ധരിക്കുന്ന അമ്മമാരുടെ പഴയ മെഡിക്കല്‍ രേഖകള്‍ ഇവരുടെ കൈവശമില്ലാത്തത് ചികില്‍സയെ ബാധിക്കുന്ന വിഷയമാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 15 പേരില്‍ മാത്രമാണ് മെഡിക്കല്‍ രേഖകള്‍ ഉണ്ടായിരുന്നതെന്ന് മഹിളാ സമഖ്യ അറിയിച്ചു.

ചുവന്ന രക്താണുവിന്റെ കുറവ്, ഹീമോഗ്ലോബിന്റെ അളവിലുള്ള കുറവ്, കൃത്യമല്ലാത്ത ആര്‍ത്തവം എന്നിവ ഇവര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ഭക്ഷണക്രമത്തിലുണ്ടായ ഭീമമായ വ്യത്യാസം ഇവരുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടാകുമെന്ന് സര്‍വേ അവതരണത്തില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തക ശാന്തി അഭിപ്രായപ്പെട്ടു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും