സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ ബോധവാന്മാരാകണം: പി.കെ ശ്രീമതി

വിമെന്‍ പോയിന്‍റ് ടീം

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ ബോധവാന്മാരാകണമെന്ന് പി.കെ ശ്രീമതി എം.പി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠത സ്വയംപഠന പ്രക്രിയയായ കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി ടീച്ചര്‍. കുടുംബശ്രീ സ്‌കൂള്‍ ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നതില്‍ സംശയമില്ല. ശരിയായ അവകാശ ബോധത്തിലൂടെ സമൂഹത്തെ പുരോഗതിയിലേക്ക് ഉയര്‍ത്തുവാന്‍ കുടുംബശ്രീക്ക് സാധിക്കണമെന്നും പി.കെ ശ്രീമതി പറഞ്ഞു. പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ട റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീമിന് (ആര്‍കെഎല്‍എസ്) അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പി.കെ ശ്രീമതി ടീച്ചര്‍ എംപി. നിര്‍വഹിച്ചു. പദ്ധതിയിലൂടെ വിവിധ കമ്പനികളുടെ ഗൃഹോപകരണങ്ങള്‍ ആണ് 40 മുതല്‍ 50 ശതമാനം വരെ ഇളവില്‍ പ്രളയബാധിതര്‍ക്ക് ലഭ്യമാക്കുന്നത്.

ആറന്മുള എംഎല്‍എ വീണാജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ കുടുംബശ്രീ വനിതകളുടെ ബൗദ്ധിക നിലവാരവും ഇച്ഛാശക്തിയും ഉയര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ അറിവ് നല്‍കുക എന്നതാണ് കുടുംബശ്രീ സ്‌കൂള്‍ വഴി ലക്ഷ്യമിടുന്നത്. വിരമിച്ച അധ്യാപകര്‍, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ വിദഗ്ധര്‍, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയ വ്യക്തികള്‍ എന്നിവരായിരിക്കും പരിശീലനം നല്‍കുക. കൂടാതെ ഒരു വാര്‍ഡില്‍ നിന്നും ആറ് റിസോഴ്‌സ് പേഴ്‌സണ്‍മാരെയും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ രണ്ടു മണിക്കൂര്‍ വീതം ആറ് ആഴ്ചകളിലായാണ് പരിശീലനം.

സ്ത്രീകളുടെ വ്യക്തിത്വ വികസനം, നേതൃപാടവം, അവകാശങ്ങളെ കുറിച്ചുള്ള അറിവ്, കാര്യശേഷി വികസനം എന്നിവയില്‍ പരിശീലനം നല്‍കും. 2019 ജനുവരി 13 വരെയാണ് രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂള്‍ ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും