സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മി ടൂ വെളിപ്പെടുത്തലില്‍ യാമിനി നായര്‍ക്ക് പിന്തുണ അറിയിച്ച് നെറ്റവര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ

വിമെന്‍ പോയിന്‍റ് ടീം

മീ ടൂ ക്യാംപയിനിൽ മുതിർന്ന മാധ്യമപ്രവർത്തകനെതിരെ ആരോപണം ഉന്നയിച്ച മലയാളി വനിതാ മാധ്യമപ്രവർത്തക യാമിനി നായർക്ക് പിന്തുണയുമായി മാധ്യമരംഗത്തെ വനിതകളുടെ കൂട്ടായ്മയായ എൻഡബ്ല്യുഎംഐ-കെ (Network of Women in Media India-Kerala).ഹിന്ദുസ്ഥാന്‍ ടൈംസിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററാണ് യാമിനി നായര്‍. മലയാളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ മി ടൂ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം യാമിനി രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്കിലാണ് എന്‍.ഡബ്ല്യു.എം.ഐ.കെ പിന്തുണ അറിയിച്ചത്. പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം, അതിക്രമം നടത്തിയ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന യാമിനിയുടെ തീരുമാനത്തെയും മാനിയ്ക്കുന്നു എന്നും പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എൻഡ്ബ്ല്യുഎംഐ-കെ (Network of Women in Media India-Kerala) എന്ന, മാധ്യമരംഗത്തെ വനിതകളുടെ കൂട്ടായ്മയുടെ കേരളാ ചാപ്റ്റർ, ഞങ്ങളുടെ അംഗങ്ങളിലൊരാളായ യാമിനി നായർക്ക് അസന്ദിഗ്ധമായ പിന്തുണ പ്രഖ്യാപിക്കുന്നു. നിലവിൽ ദില്ലിയിലെ ഹിന്ദുസ്ഥാൻ ടൈംസിലെ സീനിയർ അസിസ്റ്റന്‍റ് എഡിറ്ററാണ് യാമിനി. കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത് തുറന്നുപറഞ്ഞ യാമിനിയുടെ ധൈര്യത്തിനൊപ്പമാണ് NWMI-K.

പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം, അതിക്രമം നടത്തിയ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തേണ്ടതില്ലെന്ന യാമിനിയുടെ തീരുമാനത്തെയും ഞങ്ങൾ മാനിയ്ക്കുന്നു. 'ആ പേര് വെളിപ്പെടുത്തണ'മെന്ന് ആർക്കും യാമിനിയെ നിർബന്ധിയ്ക്കാനാകില്ല. അത് അവരുടെ മാത്രം തീരുമാനവുമാണ്. വിശാഖ കേസിലെ സുപ്രീംകോടതി വിധിയും, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള 2013 ലെ നിയമവും അടിസ്ഥാനപ്പെടുത്തി, ഈ മാധ്യമപ്രവർത്തകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പരാതിപരിഹാരസംവിധാനം ആവശ്യപ്പെട്ടാൽ, ആ പേര് വെളിപ്പെടുത്താൻ തയ്യാറാണെന്നും യാമനി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാമതൊരാൾ വഴി, ഈ മാധ്യമപ്രവർത്തകൻ ജോലി ചെയ്യുന്ന സ്ഥാപനം ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൗരവത്തോടെ തന്നെ യാമിനിയുടെ പരാതിയിൽ സ്ഥാപനം നടപടികൾ കൈക്കൊള്ളുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

സമൂഹത്തിലെ അധികാരശ്രേണിയിൽ ഉന്നതപദവി കൈയാളുന്ന ഈ മാധ്യമപ്രവർത്തകനെതിരെ മൂന്ന് പേരാണ് ലൈംഗികപീഡനപരാതികൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്ന് തന്നെ വേട്ടക്കാരന്‍റെ പ്രകൃതമാണ് ഇദ്ദേഹത്തിനെന്ന് വ്യക്തമാണ്. തന്‍റെ കീഴിൽ പരിശീലനത്തിനെത്തിയ, മാധ്യമവിദ്യാർഥിനികൾക്ക് നേരെയാണ് ഇദ്ദേഹം അതിക്രമം നടത്തിയിരിക്കുന്നത്. പീഡനത്തെ അതിജീവിച്ച, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പെൺകുട്ടി, ഈ മോശം അനുഭവത്തിന് ശേഷം മാധ്യമപ്രവർത്തനം തന്നെ ഉപേക്ഷിച്ചെന്നാണ് പറഞ്ഞത്. ഇതിനെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമായിത്തന്നെയാണ് NWMI-K കാണുന്നത്. ഇത്തരം വേട്ടക്കാരെ തുറന്നുകാട്ടാൻ, അവർക്കെതിരെ നടപടി ഉറപ്പാക്കാൻ, മാധ്യമപ്രവർത്തകർക്ക് ആവശ്യമായ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്ന് NWMI-K പ്രഖ്യാപിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും