സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലൈംഗിക സ്വാഭിമാനം പ്രഖ്യാപിച്ച് ക്വീർപ്രൈഡ് മാർച്ച് തൃശ്ശൂരിൽ

വിമെന്‍ പോയിന്‍റ് ടീം

തൃശ്ശൂരിന് വർണ്ണം ചാർത്തി ഒമ്പതാമത് ലൈംഗിക സ്വാഭിമാന റാലി. എൽജിബിടി സമൂഹത്തിനെതിരായ സാമൂഹിക ഭ്രഷ്ട് അവസാനിപ്പിക്കണമെന്ന സന്ദേശമുയർത്തിയാണ് റാലി നടക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരെ നിലകൊണ്ടിരുന്ന ആർട്ടിക്കിൾ 377 സുപ്രീംകോടതി നീക്കം ചെയ്തതിനു ശേഷമുള്ള ആദ്യത്തെ സ്വാഭിമാന യാത്രയാണിതെന്ന പ്രത്യേകതകൂടിയുണ്ട്. 

ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും പൊതുസമൂഹത്തിനും ഐക്യപ്പെടാനുള്ള അവസരമാണ് ക്വീർ പ്രൈഡ് മാർച്ച്. 2009 ജൂലൈ രണ്ടിന് ഡൽഹി ഹൈക്കോടതി ഉഭയസമ്മത പ്രകാരമുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട ഐപിസി 377-ാം വകുപ്പ് രണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. 2013 ഡിസംബറിൽ സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കി. 377-ാം വകുപ്പ് കൈകാര്യം ചെയ്യേണ്ടത് ജുഡീഷ്യറിയല്ലെന്നും പാർലമെന്റാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജർമൻകാരനായ കാൾ ഉൾറിച്ചിസാണ് എൽജിബിടിക്കായി ശബ്ദമുയർത്തിയ ആദ്യവ്യക്തി. 1897ൽ ബർലിൻ ആസ്ഥാനമാക്കി രൂപീകരിച്ച 'സയന്റിഫിക് ഹ്യുമനിറ്റേറിയൻ കമ്മിറ്റി’യാണ് ആദ്യ സ്വവർഗാനുരാഗ സംഘടന. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലെമ്പാടും അമേരിക്കയിലും സംഘടനകൾ വ്യാപിച്ചു. 1955ൽ അമേരിക്കയിലെ ആദ്യ പെൺ സ്വവർഗാനുരാഗസംഘം രൂപപ്പെട്ടു. അറിയപ്പെടുന്ന ഗേ ക്ളബും റസ്റ്ററന്റുമായിരുന്ന ‘സ്റ്റോൺവാൾ ഇന്നിൽ’ 1969 ജൂണിൽ പൊലീസ് റെയ്ഡ് നടന്നു. ഇത് വലിയ കലാപമായി.

സ്വവർഗ ലൈംഗികതയിൽ വൻമാറ്റങ്ങളുണ്ടാക്കിയ 'ഗേ ലിബറേഷൻ ഫ്രണ്ട്' എന്ന ഐക്യവേദിയിലേക്കും പ്രൈഡ് പരേഡിലേക്കും നയിച്ചത് ഈ കലാപമാണ്. സ്റ്റോൺവാൾ കലാപത്തിന്റെ ഒന്നാം വാർഷികദിനമായ 1970 ജൂൺ 28ന് ന്യൂയോർക്ക് സിറ്റിയിൽ ലോകത്തിലെ ആദ്യ പ്രൈഡ് പരേഡ് നടന്നു. ഡൽഹി ഹൈക്കോടതിവിധി ആഘോഷിക്കാനായി കേരളത്തിൽ തുടങ്ങിയ ലൈംഗിക സ്വാഭിമാന ഘോഷയാത്ര പിന്നീട് സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം കൂടിയായി. 2010ൽ തൃശൂരിലായിരുന്നു കേരളത്തിലെ ആദ്യപരേഡ്. 2012ൽ ഏഷ്യയിലെ ആദ്യ ജെൻഡർ ക്വീർ പ്രൈഡ പരേഡ് മധുരയിൽ നടന്നു.

ആർട്ടിക്കിൾ 377 നീക്കം ചെയ്തശേഷമുള്ള ആദ്യത്തെ ലൈംഗിക സ്വാഭിമാന യാത്രയിൽ പങ്കെടുക്കാൻ വളരെയധികം സന്തോഷമുണ്ടെന്ന് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ഫൈസൽ പറഞ്ഞു. 1969ൽ ന്യൂയോർക്ക് പൊലീസിനെതിരെ ട്രാൻസ്ജെൻഡറുകൾ നടത്തിയ മാർച്ചിൽനിന്നാണ് ക്വീർ പ്രൈഡ് മാർച്ച് എന്ന ആശയം ഉരുവംകൊണ്ടത്. 2007 മുതൽ എല്ലാ നവംബർ മാസത്തിലും ഡൽഹിയിൽ ക്വീർ പ്രൈഡ് നടന്നുവരുന്നുണ്ട്. ഛണ്ഡീഗഡ് അടക്കമുള്ള 15ഓളം നഗരങ്ങളിൽ ക്വീർ പ്രൈഡ് നടക്കാറുണ്ട്. ഓഗസ്റ്റ് 16, 17 തിയതികളിലായിരുന്നു നേരത്തെ ക്വീർ പ്രൈഡ് മാർച്ച് പ്രഖ്യാപിച്ചതെങ്കിലും വെള്ളപ്പൊക്കത്തെതുടർന്ന് ഒക്ടോബർ ഏഴിലേക്ക് മാറ്റുകയായിരുന്നു. 

1978 ജൂണിൽ നടന്ന 'ഗേ ഫ്രീഡം ഡേ' പരേഡിൽ, സാൻ ഫ്രാൻസിസ്‌കോയിലെ ആർട്ടിസ്റ്റ് ഗിൽബെർട് ബേക്കർ ഡിസൈൻ ചെയ്ത ആ മഴവിൽപ്പതാക കൂടുതൽ ഉയരത്തിൽ കേരളത്തിലേത് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ പാറിപ്പറക്കും.ലൈംഗിക ന്യൂനപക്ഷങ്ങളുടെ മഴവിൽ പതാകയിൽ ചുവപ്പ് (ജീവിതം), ഓറഞ്ച് (ആശ്വാസം പകരൽ), മഞ്ഞ (സൂര്യൻ), പച്ച (പ്രകൃതി), നീല (കലാഭിരുചി), ഇൻഡിഗോ (ഐക്യം), വയലറ്റ് (ജീവചൈതന്യം), പിങ്ക് (ലിംഗഭേദം) തുടങ്ങിയ നിറങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങൾക്കും തുല്യ സാമൂഹിക പദവിക്കുമായി ഒരു ജനത നടത്തിയ അതിജീവന സമരം വിജയിച്ചതിന്റെ ആഹ്ലാദത്തിൽ ഈ മഴവില്ലിന് അഴകേറും; ആത്മവിശ്വാസവും.

എന്താണ് സ്വവർഗ ലൈംഗികത?...

ഒരേ ലിംഗത്തിലോ ലിംഗതന്മയിലോ (സെക്‌ഷ്വൽ ഐഡിന്റിറ്റി) പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ ലൈംഗികത (ഹോമോസെക്‌ഷ്വൽ). സ്വന്തം ലിംഗത്തിൽ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നതാണു സ്വവർഗാനുരാഗം. എതിർവർഗ ലൈംഗികത (ഹെട്രോ സെക്‌ഷ്വാലിറ്റി)​, ഉഭയ ലൈംഗികത(ബൈ സെക്‌ഷ്വാലിറ്റി) എന്നിവയ്‌ക്കൊപ്പം മനുഷ്യ ലൈംഗികതയുടെ തുടർച്ചയാണു സ്വവർഗലൈംഗികതയെന്നു ശാസ്ത്രം പറയുന്നു....

സ്വവർഗ ലൈംഗികതയുള്ള പുരുഷനെ ഗേ (സ്വവർഗപ്രണയി) എന്നും സ്ത്രീയെ ലെസ്ബിയൻ (സ്വവർഗപ്രണയിനി) എന്നും ആണിനോടും പെണ്ണിനോടും ഒരുപോലെ ആകർഷണം തോന്നുന്നവരെ ഉഭയവർഗപ്രണയി (ബൈ സെക്‌ഷ്വൽ) എന്നും വിളിക്കുന്നു. സ്വന്തം ലിംഗബോധം (ജെൻഡർ) തങ്ങളുടെ ശാരീരിക ലിംഗവുമായി പൊരുത്തപ്പെടാത്തവരാണു ട്രാൻസ്ജെൻഡർ (അപര ലിംഗർ)​.ലെസ്ബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്‌ജെൻഡർ എന്നീ സമൂഹങ്ങളെ മൊത്തമായി പറയുന്ന ചുരുക്കപ്പേരാണ് എൽജിബിടി ക്വിയർ എന്നും വിശേഷണമുണ്ട്.

എന്താണ് 377-ാം വകുപ്പ്?

പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാകുന്നത് ഐപിസി 377-ാം വകുപ്പ് പ്രകാരമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത രാജ്യത്ത് കുറ്റകരമല്ല. സ്ത്രീയ്ക്കും പുരുഷനും അപ്പുറത്ത് ‘നിയമം നിര്‍വചിക്കപ്പെടാത്ത ലൈംഗികതന്മയുള്ളവർ’ ലൈംഗികതയിൽ ഏര്‍പ്പെടുന്നതു കുറ്റകരമാകും. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. ‘സ്ത്രീയും പുരുഷനും’ തമ്മില്‍ അല്ലാതെ ലൈംഗിക ബന്ധം സാധ്യമായവരാണ് ലൈംഗിക ന്യൂനപക്ഷം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും