സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

‘വിശ്വാസത്തിന്റെ പേരില്‍ വിവിധ അനാചാരങ്ങള്‍ നടന്ന നാടാണിത്; അത്തരം ചൂഷണങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ല’

വിമെന്‍ പോയിന്‍റ് ടീം

സര്‍ക്കാര്‍ ആരുടെയും വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ അതിന്റെ പേരിലുള്ള ചൂഷണം അനുവദിക്കില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പറക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ എന്റെ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമലയുടെ പേരില്‍ തര്‍ക്കങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ നടന്നു വരികയാണ്.

വിശ്വാസമുള്ളവര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും വിശ്വാസമില്ലാത്തവര്‍ക്ക് അവിടേക്ക് പോകാതിരിക്കാനും അവകാശമുണ്ട്. കേരളം നവോത്ഥാന മൂല്യങ്ങളാല്‍ കെട്ടിപ്പടുത്ത നാടാണ്. മുന്‍കാലങ്ങളില്‍ ഇവിടെ വിവിധ അനാചാരങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ നടന്നിരുന്നു. ദലിതരെ വഴിനടത്താന്‍പോലും ചിലര്‍ അനുവദിച്ചിരുന്നില്ല. ഇതെല്ലാം വിശ്വാസത്തിന്റെ പേരില്‍ നടന്നിരുന്ന ചൂഷണങ്ങളാണ്. ഇത്തരം ചൂഷണങ്ങള്‍ അതിജീവിച്ചാണ് കേരളം ഇന്ന് ഈ പുരോഗതി കൈവരിച്ചത്. അതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തെ ഒരുതരത്തിലും അനുവദിക്കാനാവില്ല. ബലപ്രയോഗത്തിലൂടെ വിശ്വാസികളെ തടയും എന്നു പറയുന്നത് ജനാധിപത്യ രാജ്യത്തിന്റെ അന്തസിന് ചേരുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ കാലത്ത് സഹകരണ മേഖല ഏറെ പ്രതിസന്ധികള്‍ നേിരിടേണ്ടി വന്നൂ. കേരളത്തിന്റെ സാമ്പത്തിക രംഗത്തെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ നാം അതിജീവിച്ചു. കേരള ബാങ്ക് യാഥാര്‍ഥ്യമാകും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടു. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരും. എന്നാല്‍ രാജ്യത്തെ ഭരണം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന അവസ്ഥയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. സാധാരണക്കാരുടെ വായ്പയ്ക്ക് നിരവധി ഉപാധികള്‍ വയ്ക്കുന്ന ബാങ്കുകള്‍ കോടിക്കണക്കിന് രൂപ യാതൊരു തത്വദീക്ഷയുമില്ലാതെ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ നല്‍കുന്നു. സാധാരണക്കാര്‍ക്ക് ആശ്വാസം പകരാന്‍ കേരളത്തിലെ സഹകരണ മേഖല കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. എല്ലാവരിലേക്കും സഹകരണ ബാങ്കിന്റെ സന്ദേശം എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

നാട്ടുക്കൂട്ടം സ്വയംസഹായ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ പദ്ധതി ഉപകരിക്കുമെന്നും സഹകരണ മേഖലയുടെ പുരോഗതിക്ക് സര്‍ക്കാര്‍ വര്‍ധിച്ച പ്രാധാന്യമാണ് നല്‍കുന്നതെന്നും എംഎല്‍എ പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് ജോസ് കളീയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭാ അധ്യക്ഷ ഷൈനിജോസ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അബ് ദുള്‍ ഗഫാര്‍, ബാങ്ക് വൈസ് പ്രസിഡന്റ് പി വി രാജേഷ്, സെക്രട്ടറി ഇന്‍ചാര്‍ജ് ജി എസ് രാജശ്രീ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും