സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിക്കണം: സുപ്രീം കോടതി

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് വിധിച്ചു. ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി. ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദു മൽഹോത്ര എന്നിവരാണ‌് ബെഞ്ചിലെ മറ്റ‌് അംഗങ്ങൾ.നാലു ജഡ്‌ജിമാരും  ഒരേ അഭിപ്രായം  പ്രസ്‌താവിച്ചപ്പോൾ ജസ്‌റ്റീസ്‌ ഇന്ദു മൽഹോത്ര പൊതു അഭിപ്രായത്തോട്‌ വിയോജിച്ചുള്ള പ്രത്യേക വിധി പ്രസ്‌താവിച്ചു.

ശബരിമല സന്ദര്‍ശിക്കുന്ന അയ്യപ്പന്‍മാരെ ഹിന്ദുമതത്തിനുള്ളിലെ പ്രത്യേകവിഭാഗമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് വാദം കേള്‍ക്കുമ്പോള്‍ തന്നെ സുപ്രീംകോടതി പറഞ്ഞിരുന്നു. അക്കാര്യം വിധിയില്‍ ആവര്‍ത്തിച്ചു. സവിശേഷമായ സ്വഭാവമുണ്ടെങ്കില്‍ മാത്രമേ മതത്തിനുള്ളിലെ പ്രത്യേകവിഭാഗമെന്ന പരിഗണനനല്‍കാന്‍ കഴിയുകയുള്ളു എന്ന് കോടതി പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ ഭരണഘടന വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25 അനുച്ഛേദത്തിന്റെ അവകാശം സ്ത്രീക്കും പുരുഷനും തുല്യമെന്ന്‌ ജസ്‌റ്റിസ്‌ നരിമാൻ. സ്‌ത്രീകളോടുള്ള ഇരട്ടത്താപ്പ്‌ അവരെ തരംതാഴ്‌ത്തുന്നതിന്‌ തുല്യം . 1965 ലെ നിയമത്തിലെ ചട്ടം 3 (ബി ) ഭരണഘടനാ വിരുദ്ധം.ശാരീരിക അവസ്‌ഥയുടെ പേരിൽ ആരേയും മാറ്റി നിർത്തരുത്‌. മതത്തിലെ പുരുഷാധാതിപത്യം സ്‌ത്രീകളുടെ  മേൽ അടിച്ചേൽപ്പിക്കരുത്‌.

ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്റെ പരിരക്ഷ എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ട്. അതിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലെന്ന്‌ ജസ്‌റ്റീസ്‌ ചന്ദ്രചൂഡ്‌ . സ്ത്രീകൾക്ക് വ്രതം എടുക്കാൻ കഴിയില്ല എന്ന വാദം തെറ്റ്.  സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ഒരു തരത്തിൽ ഉള്ള തൊട്ട് കൂടായ്മയാണെന്നും ചന്ദ്രചൂഡ്‌ .

അതേസമയം മതപരം ആയ വിശ്വാസങ്ങളിൽ കോടതികൾ ഇടപെടരുതെന്ന്‌ ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭിന്ന വിധിന്യായത്തിൽ പ്രസ്‌താവിച്ചു. അയ്യപ്പനും, ശബരിമല ക്ഷേത്രത്തിനും ഭരണഘടനയുടെ 25 അനുച്ഛേദത്തിന്റെ പരിരക്ഷ ഉണ്ടെന്നും ജസ്‌റ്റീസ്‌ മൽഹോത്ര പറഞ്ഞു. 

എട്ട‌് ദിവസത്തെ വാദംകേൾക്കലിന‌ുശേഷം ആഗസ‌്ത‌് എട്ടിനാണ‌് ഭരണഘടനാബെഞ്ച‌് കേസ‌് വിധി പറയാൻ മാറ്റിയത‌്. 2006ൽ ഇന്ത്യൻ യങ‌് ലോയേഴ‌്സ‌് അസോസിയേഷനാണ‌് സുപ്രീംകോടതിയെ സമീപിച്ചത‌്. പ്രധാന ഹർജിക്ക‌ു പിന്നാലെ അതിനെ എതിർത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹർജികളും കോടതിയുടെ പരിഗണനയ‌്ക്കെത്തി. തുല്യതയും  മതാചാരം അനുഷ‌്ഠിക്കാനുള്ള അവകാശവും വാഗ‌്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ‌് പ്രവേശനവിലക്കെന്നായിരുന്നു ഹർജിക്കാരുടെ വാദം. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കിന‌് പിന്നിലുണ്ടെന്ന‌് ഹർജിക്കാർ ആരോപിച്ചിരുന്നു.

2008 മാർച്ചിലാണ‌് വിഷയം സുപ്രീംകോടതി മൂന്നംഗബെഞ്ച‌് പരിഗണിക്കുന്നത‌്. 2016 ജനുവരിയിൽ വിഷയം വീണ്ടും മൂന്നംഗ ബെഞ്ച‌് പരിഗണിച്ചു. 2017 ഒക്ടോബറിൽ ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച‌് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ‌്ക്ക‌് വിട്ടു.

സ‌്ത്രീകൾക്ക‌് പ്രായഭേദമെന്യേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന‌് സംസ്ഥാനസർക്കാർ കോടതിയിൽ നിലപാട‌് വ്യക്തമാക്കിയിരുന്നു.

ആർത്തവംപോലെ തികച്ചും ശാരീരികമായ അവസ്ഥയുടെ പേരിലുള്ളതാണ‌് പ്രവേശനവിലക്കെങ്കിൽ അത‌്  14,15, 17 അനുച്ഛേദങ്ങളുടെ ലംഘനമാകുമോ?

അത്തരം വിലക്ക‌് മതപരമായ ആചാരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 25, 26 അനുച്ഛേദങ്ങൾ പ്രകാരം ന്യായീകരിക്കാൻ കഴിയുമോ?

ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന‌് മതത്തിനുള്ളിലെ സവിശേഷ പദവി അർഹിക്കാൻ കഴിയുമോ?

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഞ്ചിതനിധിയിൽനിന്നുള്ള ഫണ്ട‌് സ്വീകരിച്ച‌് പ്രവർത്തിക്കുന്ന ക്ഷേത്രത്തിൽ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കാൻ സാധിക്കുമോ?

കേരള ഹൈന്ദവ ആരാധനലായ 3 (ബി) ചട്ടം  10 മുതൽ  50 വരെ പ്രായമുള്ള സ‌്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടിക്ക‌് മതിയായ പിൻബലമാകുമോ? കേരള ഹൈന്ദവ ആരാധനാലായ നിയമത്തിന‌് വിരുദ്ധമാണോ അതിലെതന്നെ 3 (ബി) ചട്ടം തുടങ്ങിയ വിഷയങ്ങളാണ‌് ഭരണഘടനാബെഞ്ച‌് പരിശോധിച്ചത‌്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും