സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

“പെണ്‍കുട്ടികളെ 15 വയസ്സിൽ മഠത്തിൽ വിടരുത്”: പിസി ജോർജ്

വിമെന്‍ പോയിന്‍റ് ടീം

പെണ്‍കുട്ടികളെ 21 വയസിന് ശേഷം മാത്രമേ കന്യാസ്ത്രീ പഠനത്തിനായി മഠത്തില്‍ ചേര്‍ക്കാവൂവെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പ്രളയാനന്തര കേരളം പ്രസ് മീറ്റിലാണ് പി.സി. ജോര്‍ജ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസിനെ സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവനകളെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘പതിനഞ്ച് വയസ് കഴിയുമ്പോള്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ കന്യാസ്ത്രീ പട്ടത്തിന് അയയ്ക്കുകയാണ് ചെയ്യുന്നത്. കല്യാണം കഴിച്ചയയ്ക്കാനുള്ള ബുദ്ധിമുട്ടിലാകും ഇത് ചെയ്യുന്നത്. ഇതല്ലാതെ ആത്മാര്‍ത്ഥമായി മഠത്തില്‍ പോകുന്നവരും ഉണ്ട്. ആ പ്രായത്തില്‍ അവര്‍ക്ക് ഒന്നിനെ പറ്റിയും അറിവുണ്ടാകില്ല. എന്നാല്‍ 21 വയസ്സൊക്കെ ആകുമ്പോള്‍ അവര്‍ക്ക് ലൈംഗിക ചോദനയുണ്ടാകും. അത് സഹിക്കാനാകാത്തവര്‍ ഇത് പോലെ വഷളാകും. ബാക്കിയുള്ളവര്‍ അത് സഹിച്ച് ദൈവത്തെ പ്രാര്‍ത്ഥിച്ച് കഴിയും. 21 വയസാകാതെ കന്യാസ്ത്രീ പട്ടത്തിന് അയയ്ക്കരുതെന്ന് സഭ തന്നെ ചര്‍ച്ച ചെയ്യണം. അങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഇതുപോലുള്ള പുഴുക്കുത്തുകള്‍ ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. ഇത് പറയാന്‍ എനിക്ക് അവകാശമില്ല എന്നാലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണ് ഞാന്‍ ഇത് പറയുന്നത്.’ പിസി ജോര്‍ജ് പറഞ്ഞു.

എന്നാല്‍ അച്ചന്‍ പട്ടത്തിന് പോകുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നടക്കുന്ന കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പിസി ജോര്‍ജ് മോശം പ്രസ്താവനകള്‍ ഉന്നയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേശീയ സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്ന് തനിക്ക് സമ്മന്‍സ് വന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നോട്ടീസ് കിട്ടുമ്പോള്‍ അവര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപ്പോഴും കന്യാസ്ത്രീകള്‍ സമരം ചെയ്യാന്‍ പാടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കന്യാസ്ത്രീകള്‍ എന്നത് ക്രിസ്തുവിന്റെ മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യാന്‍ വന്നവരാണ്. അവര്‍ അത് ചെയ്താല്‍ മതിയെന്നും പിസി ജോര്‍ജ് പറഞ്ഞു.

‘സിസ്റ്ററിന്റെ സ്ഥാനം നഷ്ടമായതില്‍ പിന്നെയാണ് പീഡനം നടന്നുവെന്ന് പരാതിയുയര്‍ന്നത്. അതുവരെയും യാതൊരു പരാതിയും അവര്‍ക്ക് ഉണ്ടായിരുന്നില്ല. മെത്രാന്‍ നല്ലത് ചെയ്തുവെന്നും ഞാന്‍ പറയില്ല. തെറ്റിദ്ധരിക്കരുത്. സിസ്റ്റര്‍ ആരോപിക്കുന്നതില്‍ ഒരു ശതമാനം സത്യമുണ്ടെങ്കില്‍ മെത്രാനെ പിടിച്ച് അകത്തിടണമെന്നു പറഞ്ഞ ആളാണ് ഞാന്‍.’ പോലീസിന് സിസ്റ്റര്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് താന്‍ ഈ വിവരങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ആരോപിതയായ കന്യാസ്ത്രീക്ക് തിരുവസ്ത്രം ധരിക്കാന്‍ എന്ത് അധികാരമുണ്ടെന്നും ജോര്‍ജ് ചോദിച്ചു. ‘കന്യകാസ്ത്രീയെന്നാണ് പറയുന്നത്. അവര്‍ തന്നെ പറയുന്നു അവര്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടെന്ന് ആ നിലയ്ക്ക് അവര്‍ തിരുവസ്ത്രം ഊരണം. അവിടെയുള്ള 82 സിസ്റ്റേഴ്‌സില്‍ 6 പേര് ഒഴിച്ച് ബാക്കിയെല്ലാവരും ഒന്നിച്ച് നില്‍പുണ്ട്. അതുകൊണ്ട് തന്നെ സത്യാവസ്ഥ മനസിലാക്കാവുന്നതാണല്ലോ. മാലാഖമാരെ പോലെയുള്ള കന്യാസ്ത്രീകളും വൈദികരും ഇവിടെയുണ്ട്. അവര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കണ്ടേ. ഹൈക്കോടതിയുടെ മുമ്പില്‍ സത്യാഗ്രഹം ചെയ്യേണ്ട കാര്യമെന്താണ്. അവര്‍ സെക്രട്ടറിയേറ്റില്‍ വന്ന് സമരം ചെയ്തിരുന്നുവെങ്കില്‍ എനിക്ക് മനസിലാകും. കോടതിയാണോ അറസ്റ്റ് ചെയ്യുന്നത്?’ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും