സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വതന്ത്രരായി ജീവിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച അഞ്ച് പേര്‍

വിമെന്‍ പോയിന്‍റ് ടീം

സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി സെക്ഷന്‍ 377 ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് അസാധുവാക്കിയിരിക്കുന്നു. 158 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇതോടെ അസാധുവായിരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ കൊളോണിയല്‍ കാലത്തെ ഈ കരിനിയമം അസാധുവാക്കിക്കൊണ്ടും മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ആദ്യം ചരിത്രപരമായ വിധി പുറപ്പെടുവിച്ചത് 2009ല്‍ ഡല്‍ഹി ഹൈക്കോടതിയാണ്. എന്നാല്‍ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി ഐപിസി 377 നിലനില്‍ക്കുമെന്ന് 2013ല്‍ വിധിച്ചു. പാര്‍ലമെന്റ് നിയമം പാസാക്കി വകുപ്പ് റദ്ദാക്കുന്നത് വരെ ഇത് അസാധുവാക്കാനാകില്ലെന്നാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സുപ്രീം കോടതിയെക്കൊണ്ട് ഇത് പുനപരിധോനയ്ക്ക് വിധേയമാക്കുന്നതിനും ഐപിസി 377 റദ്ദാക്കിക്കൊണ്ട് മനുഷ്യാവകാശം ഉറപ്പുവരുത്തുന്നതിനുമായി ലൈംഗിക ന്യൂനപക്ഷങ്ങള്‍ പ്രക്ഷോഭത്തിലായിരുന്നു. സുപ്രീം കോടതിയില്‍ അഞ്ച് പേരുടെ പോരാട്ടമാണ് വിജയത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്.

സെക്ഷന്‍ 377 ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നിലെ തുല്യത, ജാതി, മത, വംശ, ലിംഗ, പ്രാദേശിക ഭേദമന്യെ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം 377ാം വകുപ്പ് ലംഘിക്കുന്നതായി ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. ഭരതനാട്യം നര്‍ത്തകന്‍ നവ്‌തേജ് സിംഗ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, റെസ്റ്റോറന്റ് ഉടമ ഋതു ഡാല്‍മിയ. നീമ്രാന ഹോട്ടല്‍ ചെയിന്‍ സഹസ്ഥാപകന്‍ അമന്‍ നാഥ്, ബിസിനസുകാരി അയിഷ കപൂര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

ഇവരെ പരിചയപ്പെടാം:

നവ്‌തേജ് സിംഗ് ജോഹര്‍ (59) – അറിയപ്പെടുന്ന ക്ലാസിക്കല്‍ ഡാന്‍സര്‍. ഭരതനാട്യം നര്‍ത്തകന്‍. സംഗീത നാടക അക്കാഡമി പുരസ്‌കാര ജേതാവ്. കോറിയോഗ്രാഫറും യോഗ ഇന്‍സ്ട്രക്ടറുമാണ്. 25 വര്‍ഷമായി തന്റെ പങ്കാളിയായ സുനില്‍ മെഹ്രയ്‌ക്കൊപ്പമാണ് നവ്‌തേജ് സുപ്രീംകോടതിയെ സമീപിച്ചത്. സെക്ഷന്‍ 377, ഭരണഘടന ഉറപ്പ് നല്‍കുന്ന, ജീവിക്കാനുള്ള മൗലികാവകാശത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അശോക സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറാണ് നവ്‌തേജ് സിംഗ് ജോഹര്‍. സുനില്‍ മെഹ്രയ്‌ക്കൊപ്പം സ്റ്റൂഡിയോ അഭ്യാസ് സ്ഥാപിച്ചു.

സുനില്‍ മെഹ്ര (63) – മാധ്യമപ്രവര്‍ത്തകന്‍. മാക്‌സിം മാഗസിന്‍ ഇന്ത്യന്‍ എഡിഷന്റെ മുന്‍ എഡിറ്റര്‍, നടന്‍, 13ാം നൂറ്റാണ്ടിലെ കഥ പറയല്‍ രീതിയായ ദസ്താന്‍ഗോയിയുടെ വ്യാഖ്യാതാവും വക്താവും. ദൂരദര്‍ശനില്‍ സെന്റര്‍ സ്‌റ്റേജ് എന്ന പരിപാടിക്ക് സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തു. ഈ പരിപാടിയുടെ പ്രൊഡ്യൂസറായിരുന്നു.

ഋതു ഡാല്‍മിയ (45) – അറിയപ്പെടുന്ന പാചകവിദഗ്ധ. ഡല്‍ഹിയിലെ ദിവ റെസ്‌റ്റോറന്റ് ശൃംഘലയുടെ ഉടമ. ടിവി ചാനലുകളില്‍ ഫുഡ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ഒരു മാര്‍വാഡി വ്യാപാരി കുടുംബത്തില്‍ ജനിച്ച ഋതു ഡാല്‍മിയ, കൗമാരപ്രായത്തില്‍ തന്നെ കുടുംബ ബിസിനസില്‍ പങ്കാളിയായി. ഇന്ത്യന്‍ പാചക രീതികളില്‍ വൈദധ്യം. നിരവധി പാചക പുസ്‌കങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ട്രാവലിംഗ് ദിവ (Travelling Diva: Recipes from around the World) എന്ന പുസ്തകം വലിയ തോതില്‍ വിറ്റഴിഞ്ഞിരുന്നു.

അമന്‍നാഥ് (61) – നീമ്രാന ഹോട്ടല്‍ ശൃംഘലയുടെ ഉടമ. ചരിത്രം, ആര്‍ക്കിടെക്ചര്‍ തുടങ്ങിയവയില്‍ വലിയ താല്‍പര്യം. ചരിത്രവുമായി ബന്ധപ്പെട്ടും കലകളുമായി ബന്ധപ്പെട്ടും നിരവധി പുസ്തകങ്ങളെഴുതി. കവിയും അറിയപ്പെടുന്ന എഴുത്തുകാരനും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് 13 പുസ്തകങ്ങള്‍ രചിച്ചു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാക്) സ്ഥാപക അംഗങ്ങളിലൊരാള്‍. 2014ല്‍ ടൂറിസം മന്ത്രാലയത്തിന്റെ ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരം, പങ്കാളിയായ ഫ്രാന്‍സിസ് വാസിയാര്‍ഗിനൊപ്പം നേടി.

അയിഷ കപൂര്‍ (44) – ഭക്ഷ്യവ്യവസായ മേഖലയില്‍ അറിയപ്പെടുന്ന ബിസിനസുകാരി. അമിതാഭ് ബച്ചനും റാണി മുഖര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു.

അഞ്ചംഗ ബെഞ്ചിലെ ജഡ‍്ജിമാര്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആർഎഫ് നരിമാൻ, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എൻഎന്നിവരാണ് ഈ ചരിത്രവിധി പ്രസ്താവിച്ച ഭരണഘടനാ ബഞ്ചിലുണ്ടായിരുന്നത്.

ഹരജിക്കാർക്കു വേണ്ടി വാദിച്ചവർ

എട്ട് വക്കീലന്മാരാണ് ഹരജിക്കാർക്കു വേണ്ടി വാദമുഖങ്ങളുനമായി നാലു ദിവസത്തെ മാരത്തോൺ വാദപ്രതിവാദങ്ങളിൽ നിറഞ്ഞു നിന്നത്. മുകുൾ റോഹ്തഗി, സൗരഭ് കൃപാൽ, മേനക ഗുരുസ്വാമി, അർവിന്ദ് ദത്താർ, ശ്യാം ദിവാൻ, ആനന്ദ് ഗ്രോവർ, അശോക് ദേശായ്, സിയു സിങ് എന്നിവർ ഹരജിയിന്മേലുള്ള വാദത്തിൽ ഇടപെട്ട് വാദമുഖങ്ങളുന്നയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും