സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല; വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുക -സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

സ്വവർഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതിയുടെ വിധിപ്രസ്താവം. ഇന്ത്യൻ ശിക്ഷാനിയമം 377ാം വകുപ്പ് പ്രകാരമുള്ള ഈ നിയമം കാലാനുസൃതമായ മാറ്റത്തിന് വിധേയമാകണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിലവിൽ വന്ന ഈ നിയമത്തിലെ കുട്ടികളോടും മൃഗങ്ങളോടുമുള്ള ലൈംഗിക അതിക്രമം സംബന്ധിച്ചുള്ള ഭാഗങ്ങളെ മാറ്റി നിറുത്തി സുപ്രീംകോടതിക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

ലൈംഗികത എന്നത് മൗലികാവകാശമാണെന്നും ഏതൊരു പൗരനും പരസ്പര സമ്മതത്തോടെ മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശമുണ്ട്. ഭയപ്പാടില്ലാതെ ഓരോരുത്തർക്കും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും വിധിയിൽ പറഞ്ഞു.

എൽജിബിടി സമൂഹം മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉള്ളവരാണെന്ന് ദീപക് മിശ്രയുടെ വിധിപ്രസ്താവത്തിലുണ്ട്. ദീപക് മിശ്രയുടെ വിധിയിൽ രണ്ട് ജഡ്ജിമാര്‍ കൂടി ഒപ്പു വെച്ചിട്ടുണ്ട്.

2013ൽ സ്വവർഗലൈംഗികത കുറ്റകരമല്ലെന്ന് പ്രസ്താവിച്ച ദില്ലി ഹൈക്കോടതി വിധി അന്ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് പാർലമെന്റിന്റെ ജോലിയാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യമാണെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് വന്നതോടെ സുപ്രീംകോടതി അഞ്ചംഗം ബെഞ്ച് ഹരജി പരിഗണിക്കപ്പെടാൻ വഴിയൊരുങ്ങി.

സമൂഹത്തിൽ ദുരന്തങ്ങൾക്കും വേദനയ്ക്കും കാരണമായി ഇന്ത്യൻ‌ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് തന്റെ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. മനുഷ്യന്റെ ലൈംഗികതയെ ദ്വന്ദ്വാത്മകമായി കാണാനികില്ലെന്നും അദ്ദേഹത്തിന്റെ വിധിപ്രസ്താവം പറഞ്ഞു. ഈ വകുപ്പ് എൽജിബിടി സമൂഹത്തിന്റെ ഐഡന്റിറ്റിയെ നിഷേധിക്കുകയായിരുന്നു ഇക്കാലമത്രയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1861ൽ ബ്രിട്ടീഷ് ഭരണകാലത്താണ് നിയമം നിലവിൽ വന്നത്. മൃഗങ്ങളോടും കുട്ടികളോടുമുള്ള ലൈംഗിക ക്രൂരതകൾക്കൊപ്പം സ്വവർഗ ലൈംഗികതയെ ‘പ്രകൃതിവിരുദ്ധം’ എന്നാരോപിച്ച് നിഷിദ്ധമാക്കിയിരുന്നു. കുട്ടികളോടും മൃഗങ്ങളോടുമുള്ള ലൈംഗികാതിക്രമത്തെ തടയുന്ന വകുപ്പുകൾ നിലനിർത്തി മറ്റുള്ളവയിൽ കോടതിക്ക് നിലപാടെടുക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ഏതെങ്കിലും പുരുഷനുമായോ സ്ത്രീയുമായോ മൃഗങ്ങളുമായോ ‘പ്രകൃതി വിരുദ്ധമായ’ രീതിയിൽ ലൈംഗിക ബന്ധം നടത്തുന്നത് കുറ്റകരമാണെന്നാണ് വകുപ്പ് പ്രസ്താവിക്കുന്നത്. പ്രസ്തുത കുറ്റം ചെയ്യുന്നവർ നിയമപ്രകാരം 10 വർഷം വരെ തടവു ശിക്ഷ അനുഭവിക്കാനോ പിഴ അടക്കാനോ ബാധ്യസ്ഥരാണ്.

2001ൽ നാസ് ഫൗണ്ടേഷൻ എന്ന എൻജിഒ ആണ് സെക്ഷൻ 377 സംബന്ധിച്ച വിഷയം ആദ്യമായി ഉന്നയിക്കുന്നത്. അന്ന് ഡൽഹി ഹൈക്കോടതി 377ാം വകുപ്പിന്റെ പ്രസ്തുത ഭാഗം നിയമവിരുദ്ധമാണെന്ന് പ്രസ്താവിച്ചിരുന്നു.

ഹരജിക്കാർ

ഭരതനാട്യം കലാകാരനായ നവ്തേജ് സിങ് ജോഹർ, മാധ്യമപ്രവർത്തകൻ സുനിൽ മേഹ്റ, റിതു ഡാൽമിയ, നീമ്രന ഹോട്ടൽ ശൃംഖലയുടെ ഉടമകളിലൊരാളായ അയേഷാ കപൂർ എന്നിവരാണ് ഹരജിക്കാർ.

ഹരജിക്കാരുടെ പ്രധാന വാദം

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 377 ഭരണഘടനയാൽ പവിത്രമാക്കപ്പെട്ട മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതായി ഹരജിക്കാർ വാദിച്ചു. നിയമത്തിനു മുൻപിൽ എല്ലാവരും സമന്മാരാണെന്ന ഭരണഘടനാ വ്യവസ്ഥയെ ഈ വകുപ്പ് ലംഘിക്കുന്നു. ലൈംഗികതയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ മതത്തിന്റേയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും