സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീസുരക്ഷ ലക്ഷ്യം വച്ച് ദേശീയ വനിതാകരടുനയം

വിമെൻ പോയിന്റ് ടീം

കുട്ടികളുടെ സംരക്ഷണവും പരിപാലനവും പുരുഷന്മാരിലും നിക്ഷിപ്തമാക്കി കേന്ദ്രസര്‍ക്കാറിന്‍റെ  പുതിയ ദേശീയ വനിതാകരടുനയം.ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങി സര്‍വമേഖലകളിലും വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാനും ലിംഗസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് വനിതാകരടുനയം.

പുരുഷന്മാര്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ശീലം വളര്‍ത്താന്‍ സ്‌കൂള്‍തലം മുതല്‍ ലിംഗസമത്വ പ്രചാരണം നടത്തണമെന്ന് നയം ശുപാര്‍ശചെയ്തു.ഇതിനായി അഞ്ചാംക്ലാസ് മുതല്‍ പ്രചാരണം തുടങ്ങും.മികച്ചപ്രകടനം കാഴ്ചവെക്കുന്ന ആണ്‍കുട്ടിക്ക് സമ്മാനവും ഏര്‍പ്പെടുത്തും.സ്ത്രീകള്‍ക്ക് പ്രത്യുത്പാദന അവകാശം ഉറപ്പാക്കുമെന്നും നയം അടിവരയിട്ടു.കൂടാതെ സ്ത്രീസുരക്ഷ ഉറപ്പാക്കാനായി പ്രത്യേക മൊബൈല്‍ ആപ്പ് രംഗത്തിറക്കും.ഇതില്‍ പ്രത്യേകബട്ടണ്‍ (പാനിക് ബട്ടണ്‍) സജ്ജമാക്കും.അരക്ഷിതസമയത്ത് ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ത്രീക്കുപരിചയമുള്ള പത്തുപേരെങ്കിലും ഉടന്‍ പ്രതികരിക്കുന്ന തരത്തില്‍ സജ്ജമാക്കിയിട്ടുള്ളതാണ് ഈ ബട്ടണ്‍.പോലീസില്‍ വനിതാസംവരണം ഉറപ്പാക്കുന്നതിനുപുറമെ മഹിളാ പോലീസ് വോളന്‍റയര്‍മാരെയും രംഗത്തിറക്കും.സര്‍ക്കാര്‍ഭൂമിവിതരണത്തില്‍ പട്ടയദാനത്തിലും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണം.സ്വകാര്യഭൂമി ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും പേരില്‍ സംയുക്തമായോ സ്ത്രീയുടെപേരില്‍ മാത്രമോ രജിസ്റ്റര്‍ചെയ്യാന്‍ പ്രത്യേക ഇളവുനല്‍കണം. കാര്‍ഷികരംഗത്ത് സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ഈ ശുപാര്‍ശ.പൊതുജനങ്ങള്‍ക്ക് അഭിപ്രായവും നിര്‍ദേശവുമറിയിക്കാന്‍ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ കരടുനയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരടുനയത്തിലെ മറ്റുശുപാര്‍ശകള്‍......
1.സ്ത്രീവിവേചനം ഒഴിവാക്കാന്‍ പാഠ്യപദ്ധതിവേണം.
2.സ്‌കൂള്‍, കോളേജ് തലങ്ങളില്‍ തുല്യത ഉറപ്പാക്കാനും പീഡനവും വിവേചനവും തടയാനും പ്രത്യേക പരാതിപ്രതികരണ സംവിധാനം.
3.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പ്രത്യേക ഗതാഗത സൗകര്യം.
4.കടക്കെണിയെത്തുടര്‍ന്ന് ആത്മഹത്യചെയ്ത കര്‍ഷകരുടെ വിധവകള്‍ക്ക് ബദല്‍ ജീവനോപാധിക്കായി സമഗ്രപദ്ധതി.
5.ദുരന്തവേളകളില്‍ സ്ത്രീകള്‍ക്ക് ഭക്ഷ്യധാന്യലഭ്യത ഉറപ്പാക്കാന്‍ സ്ത്രീസ്വയംസഹായസംഘങ്ങള്‍ വഴിയുള്ള ഭക്ഷ്യ-ധാന്യ ബാങ്ക് രൂപവത്കരിക്കണം.
6.സ്ത്രീകള്‍ക്കുള്ള ആരോഗ്യപരിരക്ഷ വ്യാപിപ്പിച്ച് ഐ.സി.ഡി.എസ്., തൊഴിലുറപ്പുപദ്ധതിപോലുള്ളവയുമായി ബന്ധിപ്പിക്കും.
7.പോഷകാഹാരപ്രശ്‌നം നേരിടാന്‍ കുട്ടി ജനിച്ച് ആയിരംദിവസം നിര്‍ബന്ധിത പോഷകാഹാരസുരക്ഷ ഉറപ്പാക്കും.
8.ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികളിലെല്ലാം വനിതകള്‍ക്ക് ആനുകൂല്യം ഉറപ്പാക്കണം.
9.വ്യവസായമേഖലകളില്‍ വനിതാപങ്കാളിത്തത്തിന് തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കും.
10.വീട്ടുജോലി, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്ന കുടിയേറ്റതൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷാപദ്ധതി നടപ്പാക്കും.
11.വനിതകള്‍ക്ക് താമസം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന പാര്‍പ്പിടപദ്ധതി സാര്‍വത്രികമാക്കണം.
12.സ്ത്രീസൗഹൃദവികസനത്തിനും സുരക്ഷിതമായ അടിസ്ഥാന സൗകര്യത്തിനുമായി പ്രാദേശികഭരണസമിതികള്‍ പത്തുശതമാനം ബജറ്റ് വിഹിതം വകയിരുത്തണം.
13.ലിംഗസമത്വ പരിപാടികള്‍ക്കായി കമ്പനികള്‍ സാമൂഹിക ഉത്തരവാദിത്വപദ്ധതിയില്‍ പത്തുശതമാനം നീക്കിവെക്കണം.
14.വനിതാനയത്തിലെ നടത്തിപ്പിനായി ദേശീയതലത്തില്‍ കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രിയുടെ അധ്യക്ഷതയിലും സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയിലും
പ്രത്യേകസമിതികള്‍.
15.പ്രാദേശികസമിതികളില്‍ 50 ശതമാനവും പാര്‍ലമെന്‍റിലും നിയമസഭകളിലും 33 ശതമാനവും വനിതാസംവരണം ഉറപ്പാക്കണം.
16.സ്വകാര്യമേഖല, രാഷ്ട്രീയപ്പാര്‍ട്ടികള്‍, തൊഴിലാളിയൂണിയനുകള്‍, വിവിധസംഘടനകള്‍ തുടങ്ങിയവയില്‍ വനിതാപങ്കാളിത്തം കൂട്ടണം.
17.ഒറ്റപ്പെട്ട മേഖലകളിലും മറ്റും സ്ത്രീകള്‍ക്ക് പ്രസവസൗകര്യത്തിനായി ഏകോപിത ഗതാഗതസംവിധാനം.
18.പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വാര്‍ധക്യസേവനപദ്ധതി.
19.വാടക ഗര്‍ഭപാത്രക്കാര്‍ക്ക് പ്രത്യേക ആരോഗ്യപരിരക്ഷ.
20.പൊതുവിതരണ ശൃംഖലവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം.
21.സര്‍വകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളും സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ നൈപുണ്യശേഷി- സംരംഭകത്വകോഴ്‌സുകള്‍ തുടങ്ങണം.
22.കാര്‍ഷികരംഗത്ത് വനിതാപങ്കാളിത്തത്തിന് കൃഷിസഖി പദ്ധതി.
23.കാര്‍ഷികമേഖലയില്‍ സ്ത്രീസൗഹൃദ സാങ്കേതികസൗകര്യം.
24.മഴവെള്ളസംഭരണത്തിന് വനിതാ സ്വയംസഹായകസംഘങ്ങള്‍. 25.വനിതകളെ വാട്ടര്‍മാനേജര്‍മാരായി നിയോഗിക്കും.
26.വിധവകള്‍, അവിവാഹിതകള്‍, വിവാഹബന്ധം വേര്‍പിരിഞ്ഞവര്‍ തുടങ്ങിയ വനിതകള്‍ക്കായി പ്രത്യേക സാമൂഹികസുരക്ഷാപദ്ധതിയും തൊഴില്‍പദ്ധതിയും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും