സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മികച്ച രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താനായി: ആരോഗ്യമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

വെള്ളം ഇറങ്ങിയതിനുശേഷമുള്ള ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ ഓരോ വകുപ്പും തുടര്‍ന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ മാധ്യമങ്ങളോട് വിശദീകരിച്ചു.ആലപ്പുഴയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നടന്ന അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

ഇതിനായുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മറ്റൊരു കാലത്തും ഇല്ലാത്ത വിധത്തില്‍, ദുരിതത്തിലായ ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സാധിച്ചു എന്നതാണ് യോഗത്തിലുണ്ടായ വിലയിരുത്തല്‍. 

ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ മറ്റ് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍ എത്തിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ പരിശ്രമിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. എന്നാല്‍ ജനങ്ങളുടെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.

 വീടുകളില്‍ ചിലത് വാസയോഗ്യമല്ലാതായി. ചിലത് വൃത്തിയാക്കിയതിനു ശേഷമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. കാര്യങ്ങള്‍ ഓരോന്നായി നിരീക്ഷിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വെള്ളം കയറാതിരിക്കാനുള്ള സജീകരണങ്ങള്‍ സ്വീകരിച്ചെങ്കിലും അവ പൂര്‍ണമായി വിജയിച്ചിട്ടില്ല. ബണ്ടുകള്‍ സംരക്ഷിക്കുന്നതില്‍ ശാസ്ത്രീയമായ എന്തെങ്കിലും രീതികള്‍ ഉണ്ടൊ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്.

 വീടുകളുടെ നിര്‍മാണ സമയത്തും ഇത്തരത്തില്‍ വെള്ളം കയറാത്ത വിധത്തില്‍ ശാസ്ത്രീയമായ  രീതി സ്വീകരിക്കേണ്ടതിനെ സംബന്ധിച്ച് പഠിക്കും. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക കുട്ടനാട് പാക്കേജിനായി കിട്ടിയിട്ടില്ല. വലിയ പണചെലവുള്ള കാര്യമാണ് കുട്ടനാട് പാക്കേജ്. 

അതിനാല്‍ അത് പൂര്‍ണമാക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള സഹായം ലഭിക്കുന്നില്ല എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതേസമയം സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെങ്കിലും ഈ പ്രദേശത്തുള്ള ആളുകളെ പൂര്‍ണമായി സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. 742216


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും