സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൈബര്‍ ആക്രമണത്തിന് മറുപടിയുമായി മതം ഉപേക്ഷിച്ച പെണ്‍കുട്ടികള്‍

വിമെന്‍ പോയിന്‍റ് ടീം

വീട്ടുകാര്‍ മതവിശ്വാസം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വീട് വിട്ടിറങ്ങി നിയമപരിരക്ഷ നേടിയ തങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് മറുപടി നല്‍കി സഹോദരിമാരില്‍ ഒരാള്‍. ആലപ്പുഴ മുട്ടം സ്വദേശിനിയായ ഇര്‍ഫാനയാണ് ഫേസ്ബുക്ക് ആങ്ങളമാരുടെ ‘ആധി’ യ്ക്ക് മറുപടിയുമായെത്തിയത്. ഹാദിയക്ക് സ്വാതന്ത്ര്യം അനുവദിച്ച അതേ നിയമവ്യവസ്ഥ തന്നെയാണ് തനിക്കും സഹോദരിക്കും സ്വാതന്ത്ര്യം തന്നതെന്ന് ഇര്‍ഫാന തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇസ്ലാം വിട്ടു വന്നത് കുത്തഴിഞ്ഞ ജീവിതം നയിക്കാനാണ് എന്ന് ആകുലപ്പെട്ടുകൊണ്ടുള്ള ഫേസ്ബുക്ക് ആങ്ങളമാരുടെ കരുതലിനു പകരം തരാന്‍ ഹിദായത്തില്ലാത്ത ഈ പെങ്ങന്മാരുടെ കയ്യില്‍ ഒന്നുമില്ലെന്നും ഇര്‍ഫാന പരിഹസിച്ചു.

ഇര്‍ഫാനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഹാദിയക്ക് സ്വാതന്ത്ര്യം അനുവദിച്ച അതേ നിയമവ്യവസ്ഥ തന്നെയാണ് എനിക്കും എന്റെ സഹോദരിക്കും സ്വാതന്ത്ര്യം തന്നത്. ഒരു മതത്തില്‍ നിന്ന് വിട്ടു എന്നതിന് മറ്റൊരു മതത്തിലേക്ക് പോവുന്നു എന്ന് അര്‍ത്ഥമില്ല. ഞാനും എന്റെ സഹോദരിയും പ്രായപൂര്‍ത്തിയായ വ്യക്തികളാണ്. ഇസ്ലാമില്‍ തുടരാന്‍ താല്പര്യമില്ല എന്നത് ശരി തന്നെ. എന്നാല്‍ ഇസ്ലാം വിട്ടു വന്നത് കുത്തഴിഞ്ഞ ജീവിതം നയിക്കാനാണ് എന്ന് ആകുലപ്പെട്ടുകൊണ്ടുള്ള ഫേസ്ബുക്ക് ആങ്ങളമാരുടെ ‘ആധി’യോടെയുള്ള സ്‌നേഹം എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഈ കരുതലിനു പകരം തരാന്‍ ഹിദായത്തില്ലാത്ത ഈ പെങ്ങന്മാരുടെ കയ്യില്‍ ഒന്നുമില്ല..

മതവിശ്വാസികളായ എന്റെ വീട്ടുകാരുമായി എനിക്ക് വിരോധമൊന്നുമില്ല. മതം ഉപേക്ഷിക്കുന്നത് സ്വതന്ത്രമായി ജോലിയെടുത്ത് ജീവിക്കാനാണ്. ഞങ്ങള്‍ക്ക് ആവശ്യമുള്ളത് വീട്ടില്‍ നിന്ന് ലഭിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇങ്ങനെ പുറപ്പെട്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുമായിരുന്നില്ല. ആശയപരമായ വിയോജിപ്പ് ഉണ്ട് എന്ന ഒറ്റക്കാര്യം കൊണ്ട് മറ്റുള്ളവരെ വെറുക്കാന്‍ ഞാന്‍ തയ്യാറുമല്ല. സ്‌നേഹസഹകരണങ്ങളും പിന്തുണയും അറിയിച്ചവര്‍ക്ക് നന്ദി പറയാന്‍ കൂടിയാണ് ഇതെഴുതുന്നത്..

ഇത് സാക്ഷാത്കരിച്ചതില്‍ പലരോടും കടപ്പാടുണ്ട്. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നു സഹായിച്ച അഭിഭാഷകര്‍ കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ.അനില്‍കുമാര്‍ സര്‍, അഡ്വ.ഷിമുരാജ്, കേരള യുക്തിവാദി സംഘത്തില്‍ നിന്ന് പിന്തുണയുമായി എത്തിയ അഭിലാഷ് സര്‍, പേരറിഞ്ഞും പേരറിയാതെയും പിന്തുണച്ച സ്വതന്ത്രചിന്തകര്‍ മുതല്‍, മതവിശ്വാസി ആയിരുന്നിട്ടും മതം വിട്ട ഞങ്ങളെ ‘വാ മക്കളേ’ എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വരെ.. ഇത് കൂട്ടായ വിജയമാണ്.. പലര്‍ക്കും ഒരു പ്രചോദനമാവാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും