സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിർഭയ കേസ്‌ :നാല് പ്രതികളുടേയും വധശിക്ഷ ശരിവച്ചു

വിമെന്‍ പോയിന്‍റ് ടീം

ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ (നിര്‍ഭയ കേസ്) വധശിക്ഷ ശരിവച്ചതിനെതിരെ പ്രതികള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളായ മുകേഷ് (29), പവന്‍ ഗുപ്ത (22), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ (23) എന്നിവര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കേസ് കെട്ടിച്ചമച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലില്‍ 38 ദിവസം വാദം കേട്ടാണ് പ്രതികളുടെ വധശിക്ഷ ശരിവച്ചിരിക്കുന്നത്.

ആ വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും അപ്പീലില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായി ഒന്നും പുനഃപരിശോധന ഹര്‍ജിയില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്. കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയില്‍ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു വധശിക്ഷ ശരിവച്ചു കൊണ്ടു കഴിഞ്ഞ വര്‍ഷം മേയില്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ സുഹൃത്തിനൊപ്പം സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഓടുന്ന ബസില്‍ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട യുവതി.
മരണമൊഴിയും പൊലീസ് നടത്തിയ സാങ്കേതിക, ശാസ്ത്രീയ പരിശോധനകളും ശക്തമായ തെളിവുകളാണെന്നും സുപ്രീം കോടതി വിലയിരുത്തി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ഒരു വിനോദോപാധിയായി മാത്രമാണ് പരിഗണിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

ഒന്നാംപ്രതി രാം സിംഗ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. ബാക്കിയുള്ള നാല് പ്രതികള്‍ക്ക് സാകേതിലെ ഫാസ്റ്റ്ട്രാക്ക് കോടതി 2013 സെപ്റ്റംബര്‍ 13ന് വധശിക്ഷ വിധിച്ചു. 2017 ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതി ശിക്ഷ വിധി ശരിവച്ചു. ഇതിനുപിന്നാലെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും