സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബലാത്സംഗത്തെ ന്യായീകരിച്ച നിങ്ങളുടെ മന്ത്രിമാരെ പുറത്താക്കിയത് ഞാനാണ്: അമിത് ഷായോട് മെഹബൂബ

വിമെന്‍ പോയിന്‍റ് ടീം

കഴിഞ്ഞ ദിവസം ജമ്മുവിലെ പരിപാടിക്കിടെ തനിക്കും പിഡിപ്പിക്കുമെതിരെ കടന്നാക്രമണം നടത്തിയ അമിത് ഷായ്ക്ക് മറുപടിയുമായി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വീറ്റുകളിലൂടെയാണ് മെഹബൂബ അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതില്‍ അടക്കമുള്ള കാര്യങ്ങളിലെ അഭിപ്രായ ഭിന്നതയടക്കമുള്ള കാര്യങ്ങള്‍ കൊണ്ടാണ് പിഡിപിയുമായുള്ള സഖ്യം വിട്ടതെന്ന ബിജെപിയുടെ വാദത്തെ മെഹബൂബ തള്ളിക്കളഞ്ഞു. വ്യാജമായ ആരോപണങ്ങളാണ് ബിജെപി തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. വ്യക്തമായ അജണ്ടയോടെയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. രാം മാധവും രാജ്‌നാഥ് സിംഗുമെല്ലാം ചേര്‍ന്നാണ് അജണ്ട ഓഫ് അലൈന്‍സ് തയ്യാറാക്കിയത്. ഞങ്ങള്‍ ഇതിനോട് എല്ലായ്‌പ്പോളും പ്രതിബദ്ധത കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനെ അവര്‍ തന്നെ തള്ളിപ്പറയുന്നത് നിര്‍ഭാഗ്യകരമാണ് – മെഹബൂബ പറഞ്ഞു. കാശ്മീരില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ മെഹബൂബ പരാജയപ്പെട്ടതായി അമിത് ഷാ ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ 370 നിലനിര്‍ത്തുക, പാകിസ്ഥാനുമായും ഹുറിയത് കോണ്‍ഫറന്‍സുമായും ചര്‍ച്ച തുടരുക – ഇതെല്ലാം അജണ്ടയുടെ ഭാഗമാണ്. കല്ലേറുകാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ഏകപക്ഷീയമായ വെടിനിര്‍ത്തിലിനുമുള്ള തീരുമാനം ബിജെപിയുടെ അംഗീകാരത്തോടെ തന്നെയാണ് നടപ്പാക്കിയത് – മെഹബൂബ പറഞ്ഞു.റംസാന് ശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പിഡിപിയുടെ ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 16ന് വെടിനിര്‍ത്തല്‍ പിന്‍വലിക്കുകയും ജൂണ്‍ 19ന് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയുമായിരുന്നു. ജമ്മുവിനേയും ലഡാക്കിനേയും അവഗണിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കാശ്മീര്‍ താഴ്‌വരെ ഏറെക്കാലമായി സംഘര്‍ഷഭരിതമാണ്. 2014ലെ വെള്ളപ്പൊക്കം താഴ്‌വരയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതുകൊണ്ടെല്ലാം തന്നെ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നു. അതിനര്‍ത്ഥം മറ്റ് മേഖലകളില്‍ വികസനപ്രവര്‍ത്തനങ്ങളുണ്ടായിട്ടില്ല എന്നല്ല.ബിജെപി അവരുടെ മന്ത്രിമാരുടെ പ്രകടനം വിലയിരുത്തട്ടെ. അവര്‍ ജമ്മുവില്‍ നിന്നുള്ളവരായിരുന്നല്ലോ. ജമ്മുവില്‍ നിന്നുള്ള ബിജെപിയുടെ സംസ്ഥാന, കേന്ദ്ര നേതാക്കളാരും തന്നെ കഴിഞ്ഞ മൂന്ന് വര്‍ഷം ഇത്തരത്തില്‍ പരാതിപ്പെട്ടിട്ടില്ല. രസാന (കത്വ) ബലാത്സംഗ കൊല കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊടുക്കാഞ്ഞതും ബലാത്സംഗ കൊലയാളികളെ പിന്തുണച്ച ബിജെപി മന്ത്രിമാരെ പുറത്താക്കിയതും ഗുജ്ജാര്‍, ബേകര്‍വാള്‍ സമുദായങ്ങളെ സംരക്ഷിക്കുന്ന നയം സ്വീകരിച്ചതുമെല്ലാം മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ കടമകളും ഉത്തരാവാദിത്തവുമായിരുന്നു എന്ന് മെഹബൂബ മുഫ്തി പറഞ്ഞു

കത്വ കേസില്‍ ബലാത്സംഗികളെ ന്യായീകരിച്ച ബിജെപിക്കാരനായ മുന്‍ മന്ത്രി ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഷുജാത് ബുഖാരിയുടെ ഗതി വരും എന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയാണ് – മെഹബൂബ ചൂണ്ടിക്കാട്ടി. ഗുജ്ജാര്‍, ബേകര്‍വാള്‍ സമുദായങ്ങളെ പിഡിപി സംരക്ഷിച്ചില്ലെന്നും എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ബേകര്‍വാള്‍ സമുദായത്തില്‍ പെട്ട എട്ട് വയസുകാരിയാണ് കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.അമിത് ഷായുടെ കടന്നാക്രമണത്തിനോടുള്ള രൂക്ഷമായ പ്രതികരണമാണ് മെഹബൂബ മുഫ്തി നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ മെഹബൂബ ട്വീറ്റ് ചെയ്തിരുന്നു. ഇതാദ്യമായാണ് സഖ്യം പിരിഞ്ഞ ശേഷം മെഹബൂബ മുഫ്തി ബിജെപിയെ ആക്രമിച്ച് രംഗത്തെത്തുന്നത്. ഹിന്ദുഭൂരിപക്ഷ പ്രദേശമായ ജമ്മുവില്‍ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് ക്ഷീണമുണ്ടാകാതിരിക്കാനും തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ കണ്ടുമാണ്‌ പിഡിപിയുമായുള്ള ‘അസ്വാഭാവിക’ സഖ്യം ബിജെപി ഒഴിവാക്കിയത് എന്നാണ് പൊതുവായ വിലയിരുത്തല്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും