സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സുഷ്‌മയ‌്‌ക്കെതിരെ സംഘപരിവാർ; ഭീഷണി സന്ദേശങ്ങൾ വ്യാപകം

വിമെന്‍ പോയിന്‍റ് ടീം

മിശ്രവിവാഹിതരായ ദമ്പതികളോട് മതംമാറണമെന്ന് ആവശ്യപ്പെട്ട പാസ്പോർട്ട് ഓഫീസറെ സ്ഥലംമാറ്റിയ സംഭവത്തിൽ വിദേശമന്ത്രി സുഷ്മ സ്വരാജിന് സംഘപരിവാർ ഭീഷണി. ട്വിറ്ററിലൂടെയും ഫെയ‌്സ്ബുക്കിലൂടെയുമാണ് സുഷ്മയെ വ്യക്തിപരമായി വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയുംചെയ്യുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. 'സുഷ്മ പൊതുജനമധ്യത്തിൽ വരുമ്പോൾ അവസാനിപ്പിക്കണ’മെന്നാണ് ഭാരത് വൻശി 211 ട്വിറ്റർ ഹാൻഡിലിൽനിന്നുള്ള ആഹ്വാനം.

2016ൽ വൃക്കശസ്ത്രക്രിയക്ക് വിധേയയായ സുഷ്മയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റുകളും കൂട്ടത്തിലുണ്ട്. 'കടംവാങ്ങിയ വൃക്കയിലാണ് മന്ത്രി ജീവൻ നിലനിർത്തുന്നതെന്നും', 'മന്ത്രിയുടെ വൃക്ക വീണ്ടും പ്രവർത്തനരഹിതമാകാൻ പ്രാർഥിക്കുമെന്നും', 'മുസ്ലിം വൃക്ക ശരീരത്തിലുള്ളതു കൊണ്ടാണ് മന്ത്രി വർഗീയപ്രീണന നിലപാടുകൾ സ്വീകരിക്കുന്നതെന്നു'മൊക്കെയാണ‌് ആക്ഷേപം. സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്രഹിന്ദുത്വവാദികൾ സ്വന്തം സഹപ്രവർത്തകയ‌്ക്കെതിരെ വധഭീഷണി മുഴക്കിയിട്ടും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ ബിജെപിയോ പ്രതികരിച്ചിട്ടില്ല.

മുസ്ലിം അനുകൂല നിലപാട് സ്വീകരിച്ച മന്ത്രിയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് നീക്കണമെന്നും തീവ്രഹിന്ദുത്വവാദികൾ ആവശ്യപ്പെട്ടു. മതേതരമുഖം ലക്ഷ്യമിട്ടുള്ള സുഷ്മയുടെ നടപടി ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കുറ്റപ്പെടുത്തൽ. സുഷ്മയ‌്ക്കെതിരെ 'വിസാമാതാ', 'പാസ്പോർട്ട് മാതാ' തുടങ്ങിയ ഹാഷ്ടാഗുകളിലും സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. 30,000ത്തോളം പേർ കൂട്ടത്തോടെ വോട്ട് ചെയ്ത് സുഷ്മയുടെ ഔദ്യോഗിക ഫെയ‌്സ‌്ബുക്ക് അക്കൗണ്ടിന്റെ റേറ്റിങ‌് 4.3ൽനിന്ന‌് 1.4 ആയി കുറയ്ക്കുകയുംചെയ്തു.

സുഷ്മയ്ക്കെതിരായ ആസൂത്രിത വിദ്വേഷപ്രചാരണത്തെ പ്രതിപക്ഷ പാർടികൾ അപലപിച്ചു. സ്വന്തം പാർടിക്കാരിൽനിന്ന‌് ഇത്രയും ഹീനമായ ട്രോളുകളും അവഹേളനവും ഉണ്ടായിട്ടും അതിനെ നേരിട്ട മന്ത്രിയെ പിന്തുണയ്ക്കുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. അതേസമയം, തന്നെ ആക്ഷേപിക്കുന്ന ട്വീറ്റുകൾ ഷെയർ ചെയ്ത് സുഷ്മ വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തി. ‘17 മുതൽ 23 വരെ വിദേശത്തായിരുന്നതിനാൽ എന്റെ അഭാവത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നാൽ, ഇത്തരം ട്വീറ്റുകൾ മുഖേന ഞാൻ ആദരിക്കപ്പെട്ടിരിക്കുന്നു. എനിക്ക് നല്ലതെന്ന് തോന്നിയ ചില ട്വീറ്റുകൾ ജനങ്ങളുമായി പങ്കിടുകയാണ‌്’‐ അവർ പ്രതികരിച്ചു.

ജൂൺ 19ന് പാസ്പോർട്ടിന് അപേക്ഷിച്ച ദമ്പതികളായ തൻവി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവർക്കാണ് ലഖ്നൗവിലെ പാസ്പോർട്ട് ഓഫീസിൽ കടുത്ത അവഹേളനം നേരിട്ടത്. മുസ്ലിമിനെ വിവാഹം ചെയ്തിട്ടും പേര് മാറ്റാത്ത യുവതിയോട് പാസ്പോർട്ട് ഉദ്യോഗസ്ഥൻ വികാസ് മിശ്ര തട്ടിക്കയറി. പാസ്പോർട്ട് പുതുക്കണമെങ്കിൽ മതംമാറിയിട്ടുവരാൻ ഇയാൾ അനസ് സിദ്ദിഖിയോട് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായി 12 വർഷത്തിനുള്ളിൽ ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സുഷ്മ സ്വരാജിന് പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ വികാസ് മിശ്രയെ ഗൊരഖ്പുരിലേക്ക് സ്ഥലംമാറ്റി. നിരവധി ആർഎസ്എസ്, ബിജെപി നേതാക്കൾ ഉദ്യോഗസ്ഥനെതിരായ നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ സൈബർ ആക്രമണവും ഭീഷണിയും ശക്തമായത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും