സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗൗരി ലങ്കേഷിനെ കൊന്നത് ‘മതത്തെ സംരക്ഷിക്കാനെ’ന്ന് പരശുറാം

വിമെന്‍ പോയിന്‍റ് ടീം

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ‘മതത്തെ സംരക്ഷിക്കാനാ’യിരുന്നുവെന്ന് പരശുറാം വാഘ്മോറെ. പൊലീസിനു നൽകിയ കുറ്റസമ്മതമൊഴിയിലാണ് പരശുറാം ഇതു പറഞ്ഞത്. മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്തു നിന്നാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേകാന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 26കാരനായ പരശുറാമും മൂന്ന് കൂട്ടാളികളും ചേർന്ന് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നെന്നാണ് കേസ്.

2017 മെയ് മാസത്തിലാണ് താനുൾപ്പെടുന്ന ഹിന്ദുത്വ തീവ്രവാദി സംഘത്തിലെ ചിലർ തന്നെ സമീപിച്ച് മതത്തെ സംരക്ഷിക്കാൻ ഒരാളെ കൊല്ലണമെന്ന് ആവശ്യപ്പെട്ടതെവന്ന് വാഘ്മോറെ പൊലീസിന് മൊഴി നൽകി. ആരെയാണ് കൊല്ലാൻ പോകുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്നും ആ സ്ത്രീയെ കൊല്ലാൻ പാടില്ലായിരുന്നെനാണ് തനിക്കിപ്പോൾ തോന്നുന്നെന്നും ഇയാൾ പൊലീസിനൊടു പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സെപ്തംബർ 3നാണ് ഇയാളെ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നത്. ഇവിടെവെച്ച് എയർഗൺ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചു.

“ആദ്യത്തെ രണ്ടുദിവസങ്ങളിൽ ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തിയെങ്കിലും അവർ അകത്തായിരുന്നതിനാൽ കൊല നടത്താനായില്ല. സെപ്തംബർ അഞ്ചിന് 4 മണിയോടെ വീണ്ടും പുറപ്പെട്ടു. മറ്റൊരാൾ കൈത്തോക്ക് കൊണ്ടുവന്നിരുന്നു. കൃത്യസമയത്താണ് ഞങ്ങളെത്തിയത്. അവർ വീടിനു മുന്നിൽ കാർ നിറുത്തി പുറത്തിറങ്ങുകയായിരുന്നു. അടുത്തു ചെന്ന ഞാൻ ചെറുതായൊന്ന് ചുമച്ചു. അവർ എന്റെ നേർക്ക് തിരിഞ്ഞു. ഞാൻ‌ നാലുതവണ വെടിവെച്ചു.” -പരശുറാം വാഘ്മോറെ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിൽ വേരുകളുള്ള ഹിന്ദുത്വ സംഘമാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. രാജ്യത്തെ വലിയ ഹിന്ദുത്വ സംഘടനകളിൽ നിന്നുള്ള അംഗങ്ങളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയത്. ഇവർ സംഘടനയ്ക്ക് പേരു പോലും നൽ‌കാതെ തന്ത്രപൂർവ്വമാണ് പ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു.

പരശുറാം വാഘ്മോറെ അടക്കം ആറുപേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. നേരത്തെ തന്നെ അറസ്റ്റിലായ നാലുപേരിൽ നിന്നും കണ്ടെടുത്ത ഒരു ഡയറിയിൽ സംഘത്തിന്റെ മറ്റ് ലക്ഷ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഉണ്ടായിരുന്നു. ജ്ഞാനപീഠ ജേതാവായ ഗിരീഷ് കർണാട്, എഴുത്തുകാരനും യുക്തിവാദിയുമായ കെഎസ് ഭഗവാൻ തുടങ്ങിയവരെ കൊലപ്പെടുത്താൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നെന്ന് ഡയറിയിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം പ്രത്യേകാന്വേഷണ സംഘം പറയുന്നു.

മൂന്നുപേരെക്കൂടി കണ്ടെത്താനുണ്ട് ഗൗരി ലങ്കേഷ് കൊലക്കേസിൽ. ഇവർക്കായുള്ള തിരച്ചിൽ നടന്നു വരികയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും