സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തോട്ടം മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

സ്‌കൂളുകളില്‍ നിന്നു നേരേ മണിയറകളിലേക്കു നടന്നു കയറേണ്ട അവസ്ഥയിലേക്കു മാറിയിരിക്കുകയാണ് ഇടുക്കി ജില്ലയുടെ അതിര്‍ത്തിഗ്രാമങ്ങളും തോട്ടം മേഖലയും. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരം നിയമങ്ങളൊന്നും തോട്ടം, ആദിവാസി മേഖലകളെ സംബന്ധിച്ചിടത്തോളം അന്യമാണ്. ചൈല്‍ഡ് ലൈനും ശിശുക്ഷേമ സമിതിയും ബാലവിവാഹങ്ങള്‍ തടയാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പതിമൂന്നിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ തോട്ടം മേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ട്. അതീവ രഹസ്യമായാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതെന്നതിനാല്‍ പലപ്പോഴും കണ്ടെത്താന്‍ പോലും കഴിയുന്നില്ലെന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും പറയുന്നു.

ബാലവിവാഹങ്ങള്‍ തടയാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുമ്പോഴും ഇത്തരം വിവാഹങ്ങളുടെ എണ്ണം കൂടി വരുന്നതായാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പുറത്തുവിടുന്ന കണക്കുകള്‍ പറയുന്നത്. 2016-ല്‍ ശിശുക്ഷേമ സമിതിയുടെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും നിരന്തര ഇടപെടലുകളെത്തുടര്‍ന്ന് 16 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞെങ്കിലും രണ്ടു ബാലവിവാഹങ്ങള്‍ അതിനോടകം തന്നെ നടന്നിരുന്നു. 2017-ല്‍ 16 ബാലവിവാഹങ്ങള്‍ തടഞ്ഞെങ്കിലും നടന്ന വിവാഹങ്ങളുടെ എണ്ണം നാലായി വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു. സുപ്രീംകോടതി വിധിയും ബാലവിവാഹത്തിനെതിരായ നിയമങ്ങളുമുണ്ടെങ്കിലും ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നത് ചൈല്‍ഡ് ലൈനും ജില്ലാ ശിശുക്ഷേമ സമിതിയും ആശങ്കയോടെയാണ് കാണുന്നത്. അതേസമയം തങ്ങളുടെ പക്കലുള്ളത് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട കണക്കാണെന്നും യഥാര്‍ഥത്തില്‍ നടന്ന വിവാഹങ്ങളുടെ എണ്ണം ഇതിലും ഇരട്ടിയില്‍ കൂടുതലാണെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ഇടുക്കി ജില്ലയില്‍ വര്‍ധിച്ചുവരുന്ന ബാല വിവാഹങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നേരത്തേ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ‘കരുതല്‍’ എന്നപേരില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന രീതിയിലായിരുന്നു ഇതു നടത്തിയത്. ഇതോടൊപ്പം പഞ്ചായത്ത് അംഗങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്കും ബോധവത്ക്കരണം നല്‍കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നുവെങ്കിലും ബാലവിവാഹങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും