സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം: അറിയേണ്ട കാര്യങ്ങള്‍

വിമെന്‍ പോയിന്‍റ് ടീം

ജീവിതത്തിൽ വളരെ നേരത്തേ നടക്കുന്ന ആദ്യസംഭോഗവും വൃത്തിഹീനമായ ആർത്തവവും ഗർഭാശയഗളകാൻസറിന്റെ risk factors ആണ്. വളരെ നേരത്തെയുള്ള വിവാഹങ്ങൾ നിർബന്ധമാക്കുന്ന മതങ്ങളെയും സംസ്കാരങ്ങളെയും ഉപേക്ഷിച്ചാൽ, സേഫ് സെക്സ് നിർബന്ധമാക്കിയാൽ ഈ risk factors-നെ നമുക്ക് തടയാം. 35 വയസ്സിനു മുകളിൽ ഉള്ള ഓരോ സ്ത്രീശരീരവും വർഷത്തിലൊരിക്കൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ഗർഭാശയഗള ക്യാൻസറിന്റെ സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ്‌ (pap smear) ചെയ്യുക.

എന്താണ് സേഫ് സെക്സ്

ഗർഭം വേണ്ടെന്നുള്ള എല്ലാ സാഹചര്യങ്ങളിലും ഗർഭനിരോധനം ഉറപ്പുവരുത്തുക. ഗുളിക, കോപ്പർ ടി മാർഗങ്ങളോടൊപ്പം condom നിർബന്ധമാക്കുക. (ഒന്നിൽ കൂടുതൽ പങ്കാളികളുള്ളവർ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്).

condom ഉപയോഗിക്കാൻ പുരുഷപങ്കാളി വിമുഖത കാണിക്കുന്നുവെങ്കിൽ സ്ത്രീലൈംഗിക അവയവം ഉള്ളവർ അവർക്കുപയോഗിക്കാൻ പറ്റുന്ന condoms ഉപയോഗിക്കുക. ഓറല്‍ സെക്സ് ആണെങ്കിൽ പോലും condom ഉപയോഗിക്കുക. പിന്നെന്തിനു സെക്സ് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. സെക്സിൽ നിന്നുള്ള സന്തോഷം പോലെതന്നെ, ആരോഗ്യമായ സെക്സ് ചെയ്യുക എന്നുള്ളതും ഏതൊരാളിന്റെയും അവകാശമാണ്. അതനുവദിക്കുക. നേരത്തെയുള്ള ലൈംഗികബന്ധം പലപ്പോഴും ഇത്തരം ഉപാധികളോടു കൂടിയല്ലാതാവുന്നതാണ് പ്രശ്നം.

എന്താണ് ആർത്തവശുചിത്വം?

ശുദ്ധജലം ഉപയോഗിച്ച് ജനനേന്ദ്രിയം വൃത്തിയാക്കുക. (നേരിയ തോതിൽ സോപ്പ് ഉപയോഗിക്കാം. യോനിക്കുള്ളിൽ സോപ്പിന്റെ ആവശ്യം ഇല്ലാ. Vaginal pH will save us. pHൽ മാറ്റം ഉണ്ടാവുമ്പോൾ അണുബാധ ഉണ്ടാകുന്നു). Labia minoraക്കും, labia majoraയുടെ ഉൾഭാഗത്തിനും ഇടക്കുള്ള സ്ഥലത്ത് സ്രവങ്ങളും കോശങ്ങളും അടിഞ്ഞുകൂടി വെളുത്ത പൊടി കണക്കു കാണാം. കുറച്ച് ദിവസങ്ങൾ കൂടുമ്പോൾ, ഇത് പതുക്കെ നേർത്ത തുണി ഉപയോഗിച്ച് കളയാവുന്നതാണ്. ഈ തുണി വൃത്തിയുള്ള വെള്ളത്തിൽ നനച്ചുപയോഗിക്കുന്നതും നല്ലത്.
പാഡ് മാറ്റിക്കഴിയുമ്പോൾ കൈകൾ വൃത്തിയായി കഴുകണം. ശരിയായ hand washing method പരിശീലിക്കുക. (യു ട്യൂബിൽ നോക്കാവുന്നതാണ്).

നഖങ്ങൾ വളർത്തുന്നവർ ആർത്തവദിനങ്ങളിൽ പ്രത്യേകം ശ്രദ്ധയോടെ നഖങ്ങൾക്കിടയിലെ അഴുക്കുകൾ ബ്രഷും സോപ്പും ഉപയോഗിച്ച് കഴുകിക്കളയുക. രക്തത്തിൽ കൂടെ പകരുന്ന രോഗാണുക്കൾ ഉള്ളവരിൽ, ആർത്തവരക്തത്തിൽ നിന്നും മറ്റുള്ളവരിലേക്ക് അണുബാധ പടരാതിരിക്കാൻ ഇത് സഹായകമാണ്. Waste manage ചെയ്യുന്നവരെ സംബന്ധിച്ച് ഏറ്റവും റിസ്ക് ഉള്ള ജോലിയാണ് രക്തം പുരണ്ട സാധനങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നത്. ഹെപ്പറ്റൈറ്റിസ് ബി,സി, HIV പോലുള്ള അണുക്കൾ, ശരീരത്തിലെ മുറിവുകളിലൂടെ ഉള്ളിലേക്ക് കടക്കും. Waste manage ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി നമ്മൾ ഉപയോഗിച്ച പാഡ് കടലാസ്സിൽ പൊതിഞ്ഞേ ബാസ്ക്കറ്റിൽ കളയാവൂ. (പാഡ് ഒരിക്കലും അലക്ഷ്യമായി വലിച്ചെറിയരുത്). ഓരോ തവണ പാഡ് മാറ്റിക്കഴിയുമ്പോഴും കൈകൾ വൃത്തിയായി കഴുകുക. മലവിസർജനത്തിനു ശേഷം വൃത്തിയാക്കാൻ വേണ്ടി കഴുകുന്നത് എപ്പോഴും മുന്നിൽ നിന്നും പുറകോട്ടാവണം.

തുണി ഉപയോഗിക്കുന്നവർ ഇന്നും ഉണ്ട്. അവരുടെ ശ്രദ്ധക്ക്

ഒരേ തുണി മൂന്ന് മാസത്തിൽ കൂടുതൽ ഉപയോഗിക്കരുത്. മൂന്നോ നാലോ മണിക്കൂർ കൂടുമ്പോൾ തുണി മാറ്റുക. സോപ്പിന്റെ പത പോകും വരെ വെള്ളത്തിൽ കഴുകുക. നല്ല വെയിലും കാറ്റും ഉള്ളിടത്ത് ഉണക്കുക. പൂപ്പൽ ബാധ തടയാൻ ഈ രീതി സഹായിക്കും. അടിവസ്ത്രങ്ങളുടെ കാര്യവും ഇതുപോലെ തന്നെ.

Menstrual cup ഉപയോഗിക്കുന്നവർ നിശ്ചിത സമയത്തിൽ കൂടുതൽ അത് ശരീരത്തിനുള്ളിൽ വെക്കരുത്. അല്ലാത്ത പക്ഷം അത് മാരകമായ അണുബാധയിലേക്കു നയിക്കും. ഒരു തവണ അണുബാധ ഉണ്ടായാൽ, cup re-use ചെയ്യുന്നത് നല്ലതല്ല. പുതിയ cup use ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക. ആർത്തവസമയത്തു സെക്സിലേർപ്പെടുന്നവർ ശുചിത്വം വളരെയധികം ശ്രദ്ധിക്കുക. പങ്കാളികൾ രണ്ടുപേരും ഒരേപോലെ ശ്രദ്ധിക്കുക. (ബാക്റ്റീരിയക്ക് വളരാനുള്ള പോഷകമുള്ള മീഡിയ ആണ് രക്തം.)
രക്തത്തിന്റെ മണത്തിലോ നിറത്തിലോ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ആധുനികവൈദ്യസഹായം തേടുക. പിൽക്കാലത്തേക്കുള്ള pelvic inflammatory disease (PID) ആയി ഇതു തുടരാം എന്നുള്ളതാണ് കാരണം. PID പിന്നീട് വന്ധ്യതക്ക് കാരണമായേക്കാം.

രോമവളർച്ച

ശരിക്കും പറഞ്ഞാൽ, ജനനേന്ദ്രിയത്തിന് സമീപമുള്ള രോമങ്ങൾ സംരക്ഷണം നൽകുന്നവയാണ്. (ഒരു പരിധിവരെ, രോഗാണുക്കളിൽ നിന്നും, ആ ഭാഗങ്ങളിലേക്ക് എത്തുന്ന മറ്റു പദാർത്ഥങ്ങളിൽ നിന്നും.) ഈ രോമങ്ങൾ shave ചെയ്യരുത് എന്നാണ് അടുത്തിടെ വായിച്ച ചില മെഡിക്കൽ ലേഖനങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. എന്റെ പ്രസവത്തിനു ഞാൻ തിരഞ്ഞെടുത്തത് കോയമ്പത്തൂരിലെ ഒരു ആശുപത്രിയാണ്. പ്രസവം അടുത്തിട്ടും രോമങ്ങൾ നീക്കം ചെയ്യാത്തതിൽ ഞാൻ അസ്വസ്ഥയായിരുന്നു. പഠിച്ചതും ജോലി ചെയ്‌തതുമായ ആശുപത്രികളിൽ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്താൽ ഉടനെ രോമം റിമൂവ് ചെയ്യുമായിരുന്നു.
ഒടുവിൽ ഞാൻ എന്റെ ഡോക്ടറോട് ചോദിച്ചു. “തൊലിപ്പുറത്തെ രോഗാണുക്കളും ആശുപത്രിയിലെ രോഗാണുക്കളും രോമം നീക്കം ചെയ്യുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ ഉള്ളിലെത്തി അണുബാധ ഉണ്ടാക്കും, അതു നിലനിൽക്കാൻ സാധ്യതയുണ്ട്” എന്നും ഡോക്ടര്‍ പറഞ്ഞു. രോമം കുടുങ്ങി വേദനയാവാതിരിക്കാൻ, സൂക്ഷിച്ച് episiotomy wound (പ്രസവസമയത്തുണ്ടാക്കുന്ന മുറിവ്) stitch ചെയ്യേണ്ടി വരും എന്നേ ഉള്ളൂ. രോമങ്ങൾ ഷേവ് ചെയ്യുന്നതിന് പകരം കത്രിക ഉപയോഗിച്ച് സൂക്ഷിച്ച് വെട്ടിക്കളയാവുന്നതാണ്. യോനിഭാഗത്തെ മൂടിനിൽക്കുന്ന രോമങ്ങൾ നീക്കം ചെയ്യാത്തതാണ് നല്ലത്. സംരക്ഷണം നൽകുന്ന രോമങ്ങൾ ആണവ.

ഒരു ആർത്തവചക്രം 21 മുതൽ 35 വരെ പോകാം. 2 മുതൽ 5 ദിവസം വരെയുള്ള ബ്ലീഡിങ് സാധാരണമാണ്. ഇതിനു പുറത്തുള്ള ബ്ലീഡിങ് പാറ്റേൺ അബ്നോർമൽ ആയിക്കണ്ട് ആധുനിക വൈദ്യസഹായം ലഭ്യമാക്കണം. ആർത്തവം നിലച്ച് ഒരു വർഷത്തിന് ശേഷം ഒരു പ്രാവശ്യമെങ്കിലും വീണ്ടും ബ്ലീഡിങ് ഉണ്ടായാൽ അപ്പൊ തന്നെ ഡോക്ടറെ സമീപിക്കണം. ആർത്തവകാലഘട്ടത്തിനുശേഷം കണ്ടുവരുന്ന ബ്ലീഡിങ് ക്യാൻസറിന്റെ മുന്നോടിയാണോ എന്ന് പരിശോധിക്കണം. ഏത് ബ്ലീഡിങ്ങും ശരീരത്തെ ക്ഷീണിപ്പിക്കും. രക്തക്കുറവിനെതിരെ ട്രീറ്റ്മെന്റ് എടുക്കണോ എന്ന് സ്വയം തീരുമാനിക്കാൻ നമുക്കു പറ്റിയെന്നു വരില്ല. ഡോക്ടറെ കാണുക തന്നെ ചെയ്യുക. രക്തം കുറയുന്തോറും ബ്ലീഡിങ് കൂടും. വിരോധാഭാസമാണ്. പക്ഷെ, ഇതാണ് സത്യം. കൂടുതൽ ബ്ലീഡിങ് എന്നത് മറ്റു രോഗങ്ങളുടെ ലക്ഷണവും ആകാം.

ഒറ്റക്ക് ജീവിക്കുന്നവർ, സംസാരിക്കാൻ സുഹൃത്തുക്കളില്ലാത്തവർ/നല്ല അയല്പക്കമില്ലാത്ത ഒറ്റപ്പെട്ടവർ, ഒന്ന് പിണങ്ങി ഇണങ്ങാൻ പോലും ആരുമില്ലാത്തവർ എന്നിങ്ങനെയുള്ളവരെ കണ്ടെത്തണം. ആത്മഹത്യാ പ്രവണത ഉള്ളവർ ഈ ഗ്രൂപ്പിൽ കൂടുതലായി ഉണ്ടായേക്കാം. പല തവണ ആത്മഹത്യ ചെയ്തു രക്ഷപ്പെടുന്നവരിൽ സ്ത്രീകളാണ് കൂടുതൽ, പുരുഷന്മാർ ആത്മഹത്യയിൽ വിജയിക്കുന്നു എന്നിങ്ങനെയുള്ള പഠനങ്ങൾ ഉണ്ട്. ഇതേക്കുറിച്ച്, സ്ത്രീകൾക്ക് പറയാനേ കഴിയു, ചെയ്തു കാണിക്കാൻ എന്നറിയില്ല എന്ന മട്ടിലുള്ള വാഗ്വാദം കേൾക്കുമ്പോൾ വിഷമം തോന്നും. ആത്മഹത്യ ചെയ്തു വിജയിക്കുന്നവരെ നമുക്ക് രക്ഷിക്കാൻ പറ്റില്ലല്ലോ. പക്ഷെ, പരാജയപ്പെടുന്നവരെ നമ്മൾ അഡ്രസ്  ചെയ്തേ തീരൂ. ഒരു തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവർ, ഒരു തവണ ആത്മഹത്യയെ പറ്റി ചിന്തിച്ചവർ… ഇവർക്കെല്ലാം കാണും ‘നിരാശ’യുടെ ചില നിമിഷങ്ങൾ. ആ നിമിഷങ്ങൾ എന്നന്നേക്കുമായി ഇല്ലാതാകും വരെ നമ്മുടെ ഒരു കണ്ണ് അവരുടെമേൽ ഉണ്ടാവണം.

എത്ര ചികിത്സിച്ചിട്ടും ഭേദമാവാതെ പോയ മൂത്രാശയ അണുബാധ ഉള്ള എഴുപത് വയസ്സുള്ള ഒരു സ്ത്രീക്ക്, സ്കാൻ ചെയ്തപ്പോളാണ് വർഷങ്ങൾക്കു മുന്നേ ഗർഭനിരോധനത്തിനുവേണ്ടി നിക്ഷേപിച്ച കോപ്പർ ടി കണ്ടെത്താൻ കഴിഞ്ഞത്. വയസ്സായവർ എല്ലാം ഓർത്തു വെക്കണം എന്നില്ല. നമ്മുടെ കടമയാണ് അവർക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കുക എന്നത്.

thanks to
: ഡോ. വീണ ജെ.എസ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥി


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും