സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിപാ വൈറസ് ; ജനങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്: ആരോഗ്യമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

നിപാ വൈറസ് ബാധയുടെ ഉറവിടം കിണര്‍വെള്ളമാകാമെന്നും വവ്വാലുകളെ ഇവിടെ  കാണാനായതായും ആരോഗ്യമന്ത്രി കെകെ ശൈലജ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ആദ്യ മരണം ചങ്ങരോത്ത് ഉണ്ടാവുകയും അതേ അവസ്ഥയില്‍ രണ്ടാമത്തെ ആള്‍ മരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ തന്നെ സംശയങ്ങള്‍ ഉയര്‍ന്നതായും മരിച്ച വ്യക്തിയുടെ ശരീരത്തിലെ സാമ്പിളുകള്‍ മണിപ്പാലിലെ  ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് ഉടന്‍ തന്നെ അയച്ചുകൊടുക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി  പറഞ്ഞു. 

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനക്കു ശേഷം മാത്രമേ വൈറസിനെ കുറിച്ച് സ്ഥിരീകരിക്കാന്‍ കഴിയുമായിരുന്നുള്ളു. ഇതുമായി ബന്ധപ്പെട്ട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വളരെ വേഗത്തില്‍ പരിശോധന നടക്കുകയും ഇന്നലെ വൈകുന്നേരത്തോടെ നിപാ വൈറസാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. എല്ലാവരേയും ഇത് അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരുമായും എന്‍സിഡിസിയുമായും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടു. 

ഇതിന്റെ ഭാഗമായി കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യം അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തെ അയക്കാമെന്ന് എന്‍സിഡിസി പറഞ്ഞതായി ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ വിശദീകരിച്ചതായും മന്ത്രി പറഞ്ഞു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡോ. അരുണിന്റെ നേതൃത്വത്തിലെത്തിയ സംഘം മിനിഞ്ഞാന്ന് മുതല്‍ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സംഭവസ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. വീടിന്റെ പരിസരത്തെ കിണറില്‍ വവ്വാല്‍ ഉണ്ടായതായി കണ്ടെത്താനായി. ഇത് രോഗം പടരാന്‍ കാരണമായതെന്നാണ് നിഗമനം.  

വവ്വാലിനെ തന്നെ പരിശോധിച്ച് കൂടുതല്‍ പഠനം നടത്താന്‍ ശ്രമിക്കുന്നുണ്ട്. വീടിന് പരിസരത്തെ മാങ്ങയടക്കമുള്ള പഴങ്ങള്‍ പരിശോധിക്കാന്‍ വൈറോളജി വകുപ്പിലേയ്ക്ക് അയച്ചു. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് പകര്‍ന്നതെന്ന് ഓരോ സംഭവവും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. ദ്രവങ്ങള്‍ സ്പര്‍ശനത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്നതാണ്‌ പകര്‍ച്ചയ്ക്ക് കാരണമാകുന്നത്. വൈറസ് പകര്‍ച്ച തടയുക എന്നതാണ് ഏറ്റവും പ്രധാനമായ മാര്‍ഗ്ഗം. കിട്ടാവുന്ന എല്ലാ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്.വായുവിലൂടെ വളരെ ദൂരം വൈറസ് എത്തുന്നില്ല. ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ല; മന്ത്രി വിശദീകരിച്ചു
 
സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരില്‍ നിപാ വൈറസ് ബാധയുണ്ടെന്ന് സംശയമുണ്ടാകുന്ന ഘട്ടത്തില്‍ പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി ചികിത്സ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കി. വിദേശ രാജ്യങ്ങളില്‍ നിപാ ഉണ്ടായപ്പോള്‍ എന്തെല്ലാം സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്നത് പരിശോധിച്ച് അതനുസരിച്ച് ഇവിടെയും നടപടികള്‍ സ്വീകരിക്കും. 

ബിവറേജസ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അടിയന്തിരാവശ്യങ്ങള്‍ക്കു വേണ്ടി മെഡിക്കല്‍ കോളേജ് പ്രസിന്‍സിപ്പാളിനെ ഏല്‍പ്പിക്കാന്‍ എക്‌സൈസ് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഭീതിമൂലം അടുത്തുള്ള വീടുകളില്‍ നിന്ന് കുറച്ചുപേര്‍ വീടുമാറി. എന്നാല്‍ ഭയപ്പെടാനില്ല എന്ന്  വിദഗ്ധര്‍ പറഞ്ഞതോടെ
വീടുകളിലേയ്ക്ക് തിരിച്ചെത്താന്‍ അവര്‍ തയ്യാറായിട്ടുണ്ട്. നിപാ വൈറസിനെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ബ്രൊഷര്‍ തയ്യാറാക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്യും. 

വവ്വാല്‍ കടിച്ച ഭാഗം ചെത്തിക്കളഞ്ഞ് പഴങ്ങള്‍ ഭക്ഷിക്കുന്ന രീതി ഒഴിവാക്കുക. പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി കഴിക്കുക തുടങ്ങി പ്രശ്‌നത്തെ നേരിടാനും ജനങ്ങളെ ബോധവത്കരിക്കാനും എല്ലാമാര്‍ഗ്ഗങ്ങളും സ്വീകരിക്കും. കേന്ദ്ര സംഘം ഇന്ന് ഉച്ചയോടെ എത്തിച്ചേരും. എന്‍സിഡിസിയുടെ ഡയറക്ടറും ഉദ്യോഗസ്ഥരുമാണ് ആദ്യ സംഘത്തില്‍ എത്തുന്നത്. നാളെയും ഒരു സംഘം എത്തും. മൈക്രോ ബയോളജി വിദഗ്ധരും ഇതിലുണ്ട്.

 കൂടുതല്‍ മരണങ്ങളില്ലാതെ നോക്കാന്‍ എല്ലാ ശ്രമങ്ങളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.നിപാ വൈറസ് ബാധയാണന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലടക്കം എല്ലാ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. മരിച്ച മൂന്ന് പേരിലും നിപാ വൈറസ് സ്ഥിരീകരിച്ചു.  ഇപ്പോള്‍ മരിച്ച ജാനകി, നഴ്‌സ് എന്നിവരുടെ ശരീര സാമ്പിളുകള്‍ പരിശോധനക്കായി അയച്ചുകൊടുത്തിരിക്കുകയാണ്. അവ വൈകുന്നേരത്തോടെ ലഭിക്കും. എന്നിട്ട് മാത്രമേ ഈ വൈറസ് ആണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കു. 

എട്ടുപേരാണ് നിപാ ലക്ഷണങ്ങളുമായി ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ചെസ്റ്റ് ഐസിയുവില്‍ മൂന്ന് പേരുണ്ട്. പേ വാര്‍ഡില്‍ ഒബ്‌സര്‍വേഷനില്‍ മൂന്ന് പേരുണ്ട്. രണ്ട് പേര്‍ ബേബി മേമ്മോറിയല്‍ ആശുപത്രിയില്‍.

നഴ്‌സ് മരിച്ചത് നിപാ മൂലമാണെന്ന് പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാകു. നിപാ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയാസ്പദമായ കേസാണെങ്കില്‍ പോലും സുരക്ഷിതമായാണ് സംസ്‌കരിക്കേണ്ടത്. അതിനാല്‍ തന്നെ നഴ്‌സിന്റെ കുടുംബവുമായി ബന്ധപ്പെട്ട് അവരുടെ അനുവാദത്തോടെയാണ് ഇത്തരത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനമെടുത്തതെന്നും മന്ത്രി  കെകെ ശൈലജ വിശദീകരിച്ചു .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും