സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആദ്യമായി ഗർഭം ധരിക്കുന്നവർക്ക‌് 6000 രൂപ; സംസ്ഥാന സർക്കാർ 34.34 കോടി അനുവദിച്ചു

വിമെന്‍ പോയിന്‍റ് ടീം

ആദ്യമായി ഗർഭം ധരിക്കുന്ന സ‌്ത്രീകൾക്ക‌് സർക്കാരിന്റെ 6000 രൂപ ധനസഹായം. ഗർഭകാലത്തും പ്രസവാനന്തരവും ഉണ്ടാകുന്ന വേതനനഷ്ടം ഭാഗികമായി നികത്താനും  ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യാനുമാണ‌് സഹായം. മാതൃസഹായ പദ്ധതിക്കായി സംസ്ഥാന സർക്കാർ 34.34 കോടി രൂപ  അനുവദിച്ചു.

ആദ്യമായി ഗർഭം ധരിക്കുന്ന സ‌്ത്രീകൾക്ക‌് പദ്ധതിപ്രകാരം 5000 രൂപ ധനസഹായം നൽകും. ആശുപത്രിയിലെ പ്രസവത്തിന് ജെഎസ‌് വൈ പദ്ധതിപ്രകാരം 1000 കൂടി ലഭിക്കും.  2017 ജനുവരി ഒന്നിനോ അതിനുശേഷമോ ഗർഭിണികളായവർക്കും പാലൂട്ടുന്ന അമ്മമാർക്കും ആദ്യപ്രസവത്തിന് അർഹതയുടെ അടിസ്ഥാനത്തിൽ മൂന്നുഗഡുവായി 5000 രൂപ നൽകും. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക‌് അക്കൗണ്ടിലേയ്ക്ക് തുക നേരിട്ട‌്  നിക്ഷേപിക്കും.

ഒന്നാംഗഡുവായ 1000 രൂപ ലഭിക്കാൻ ഗർഭിണികൾ രജിസ്റ്റർ ചെയ‌്ത‌് മദർ ചൈൽഡ‌് പ്രൊട്ടക‌്ഷൻ (എംസിപി) കാർഡിൽ രേഖപ്പെടുത്തണം. ഗർഭാവസ്ഥയുടെ ആറാംമാസം രണ്ടാംഗഡുവായി 2000 ‌രൂപയും കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തശേഷം മൂന്നാംഗഡുവായി ബാക്കി തുകയും ലഭിക്കും. മൂന്നാംഗഡു ലഭിക്കാൻ കുഞ്ഞിന‌് ആദ്യഘട്ട പ്രതിരോധമരുന്നുകളായ ബിസിജി, ഒപിവി, ഡിപിടി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ നൽകി എംസിപി കാർഡിൽ രേഖപ്പെടുത്തണം.

മറ്റു പദ്ധതിപ്രകാരം പ്രസവാനുകൂല്യം ലഭിക്കുന്നവർ, കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഗർഭിണികൾ എന്നിവർക്ക‌് ധനസഹായത്തിന് അർഹതയില്ല. അങ്കണവാടി വർക്കർ, ഹെൽപ്പർ, ആശ വർക്കർമാർ എന്നിവർക്കും നിബന്ധനകൾക്ക് വിധേയമായി സഹായം ലഭിക്കും.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതിക്കായി 60:40 അനുപാതത്തിൽ തുക വകയിരുത്തുന്നു. സംസ്ഥാന സർക്കാർ വിഹിതമായ 34.34 കോടിയാണ് അനുവദിച്ചത‌്. ആദ്യഘട്ടത്തിൽ 1.42 ലക്ഷം പേർക്ക‌് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 
പാലക്കാട് ജില്ലയിൽമാത്രം നടപ്പാക്കിയിരുന്ന മാതൃത്വ ധനസഹായ പദ്ധതിയായ ഐജിഎംഎസ് വൈ 2016ൽ നിർത്തലാക്കിയിരുന്നു. പദ്ധതിപ്രകാരം 2017നുമുമ്പ് രജിസ്റ്റർ ചെയ്യുകയും ധനസഹായം ലഭ്യമാകാത്തതുമായ ഗുണഭോക്താക്കൾക്ക് പുതിയ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാമെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും