സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യമനില്‍ മലയാളി നഴ്‌സിന് വധശിക്ഷ; നിമിഷയുടെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം

വിമെന്‍ പോയിന്‍റ് ടീം

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസി വഴി ശ്രമം തുടരുന്നുവെന്നു പറയുമ്പോഴും അനിശ്ചിതത്വം ഒഴിയുന്നില്ല. എംബസി വഴി യമന്‍ സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം തന്നെ അറിയിച്ചിരുന്നുവെന്നും പിന്നീട് മന്ത്രാലയത്തില്‍ നിന്നും വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നുമാണ് ഇടുക്കി എംപി ആയ ജോയ്‌സ് ജോര്‍ജ് അഴിമുഖത്തോട് പ്രതികരിച്ചത്. സാധ്യമായത് എല്ലാം നിമിഷയുടെ മോചനത്തിനായി ചെയ്യുമെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കേരള സര്‍ക്കാരും നിമിഷയുടെ പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ യമന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് അനിശ്ചിതത്വത്തിനു കാരണം. നിമിഷയെ നേരില്‍ കാണാനോ സംസാരിക്കാനോ ഇന്ത്യന്‍ അധികൃതര്‍ക്ക് ആയിട്ടില്ലെന്നും പറയുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയുടെ ഭര്‍തൃഗൃഹം തൊടുപുഴയിലാണ്. വര്‍ഷങ്ങളായി യമനില്‍ നഴ്‌സായി ജോലി ചെയ്യുന്ന നിമിഷ യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അല്‍ബെയ്ദ ജയിലില്‍(വധശിക്ഷയ്ക്ക വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ജയില്‍ ആണിത്) കഴിയുന്ന നിമിഷ അവിടെ നിന്നും സഹായം തേടി ഇന്ത്യന്‍ അധികൃതര്‍ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോത്തെ മോചനശ്രമങ്ങള്‍ നടക്കുന്നത്. തനിക്ക് ഏല്‍ക്കേണ്ടി വന്നിരുന്ന ക്രൂരപീഡനങ്ങളില്‍ നിന്നും അനുഭവിച്ചു പോന്നിരുന്ന ദുരിതങ്ങളില്‍ നിന്നും ഒരു രക്ഷ എന്ന നിലയിലാണ് താന്‍ കൊലപാതകം ചെയ്തു പോയതെന്നാണ് നിമിഷ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് പറയുന്നത്.

നഴ്‌സായി ജോലി നോക്കിയിരുന്ന നിമിഷ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി ചേര്‍ന്ന് 2014 ല്‍ ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍ മഹ്ദി നിമിഷയെ ചതിക്കുകയായിരുന്നു. ക്ലിനിക്കില്‍ നിന്നും വരുമാനം മഴുവന്‍ മഹ്ദി സ്വന്തമാക്കാന്‍ തുടങ്ങിയതോടെ ഇവര്‍ക്കിടയിലെ ബന്ധവും വഷളായി. അതിനൊപ്പം നിമിഷയ്‌ക്കെതിരേ മഹ്ദി ലൈംഗികതിക്രമത്തിനും മുതിര്‍ന്നതും ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. നിമിഷയും മഹ്ദിയും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നുവെന്നാണ് ആദ്യം വാര്‍ത്തകളില്‍ വന്നിരുന്നത്. 2017 ഓഗസ്റ്റില്‍ നിമിഷ കൊലപാതകം നടത്തിയപ്പോള്‍ പുറത്തു വന്ന വാര്‍ത്തകളിലും യമന്‍ പൗരനായ ഭര്‍ത്താവിനെ മലയാളി നഴ്‌സ് കൊലപ്പെടുത്തിയെന്ന തരത്തിലായിരുന്നു. എന്നാല്‍ നിമിഷയുടെ ഭര്‍ത്താവും മകളും തൊടുപുഴയില്‍ ഉണ്ട്. അവര്‍ നിമിഷയുടെ മോചനം പ്രതീക്ഷിച്ചിരിക്കുകയാണ്. മഹ്ദിയെ നിമിഷ വിവാഹം കഴിച്ചിരുന്നില്ലെന്നും എന്നാല്‍ നിമിഷ തന്റെ ഭാര്യയാണെന്ന വ്യാജപ്രചരണം പലരോട് മഹ്ദി നടത്തിയിരുന്നുവെന്നും ഇതിനായി ചില കള്ളരേഖകള്‍ അയാള്‍ ഉണ്ടാക്കിയിരുന്നുവെന്നുമാണ് പുതിയ വിവരങ്ങള്‍. നിമിഷ പലതവണ നാട്ടിലേക്ക് തിരിച്ചുവരാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും മഹ്ദി ബലമായി തടയുകയായിരുന്നുവെന്നും പറയുന്നു. നിമിഷയുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കി നിമിഷയ്ക്ക് നാട്ടിലേക്ക് വരാനുള്ള സാഹചര്യം പൂര്‍ണമായും ഇയാള്‍ അടച്ചുവെന്നും പറയുന്നു.

തന്നെ വഴിവിട്ട ബന്ധങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ഒരു ലൈംഗിക അടിമയെ പോലെയാക്കുകയും ചെയ്തതോടെ മറ്റ് വഴികളില്ലാതെയാണ് മഹ്ദിനെ നിമിഷ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്. ശരീരം പലകഷ്ണങ്ങളാക്കി ചാക്കില്‍ നിറച്ച് താമസ സ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. കൊല നടന്ന് നാലു ദിവസങ്ങള്‍ക്കു ശേഷം മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊല നടത്തിയശേഷം നിമിഷ ഒളിവില്‍ പോയിരുന്നു. പിന്നീടാണ് പിടിയിലാകുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും