സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബലാത്സംഗക്കേസ്: ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരന്‍

വിമെന്‍ പോയിന്‍റ് ടീം

ആള്‍ദൈവം ആശാറാം ബാപ്പു ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. ആശാറാമിനെ കൂടാതെ മറ്റ്‌ നാല് പ്രതികളും കുറ്റക്കാരാണെന്നും കോടതി പ്രഖ്യാപിച്ചു. 16-കാരിയെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി. 2013ലാണ് ആശാറാം ബാപ്പുവിനെതിരെ ലൈംഗിക ആരോപണവുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി തെളിവായി സ്വീകരിക്കുന്നതായി കോടതി അറിയിച്ചു. കുറഞ്ഞത് പത്ത് വര്‍ഷവും പരമാവധി ജീവപര്യന്തവും ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.

2013 ഓഗസ്റ്റില്‍ ജോഥ്പൂരില്‍ ഒരു ആത്മീയധ്യാനത്തിനിടയില്‍ വച്ച് ആശാറാം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ജോഥ്പൂര്‍ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പതിനാറുകാരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സൂററ്റ് സ്വദേശികളും സഹോദരിമാരുമായ രണ്ട് പെണ്‍കുട്ടികളും ആശാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു.

1997നും 2006നുമിടയില്‍ ആശാറാമിന്റെ ഗുജറാത്തിലെ സബര്‍മതി നദിയുടെ തീരത്തുള്ള മൊട്ടേര ആശ്രമത്തില്‍ അന്തേവാസികളായിരുന്നു ഇവര്‍. ഈ കേസില്‍ ആശാറാമിനെയും മകനെയും കൂടാതെ ആശാറാമിന്റെ ഭാര്യ, മകള്‍ എന്നിവര്‍ ഉള്‍പ്പെടെ ബലാത്സംഗത്തിന് സഹായിച്ച അഞ്ച് പേര്‍ക്കെതിരെ കൂടി പോലീസ് കേസെടുത്തിട്ടുണ്ട്.

ദശലക്ഷക്കണക്കിന് അനുയായികളുള്ള ആശാറാമിനെതിരായ വിധി ഇന്ന് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മറ്റ് നാല് സംസ്ഥാനങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആള്‍ദൈവവും ദേര സച്ച സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിംഗിനെതിരെ ബലാത്സംഗക്കേസില്‍ കോടതി കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും